Connect with us

Kerala

മുജാഹിദ് വിശ്വാസം ഒളിച്ചുകടത്തുന്നു; കെ എം ഷാജിക്കെതിരെ ഇ കെ വിഭാഗം

ഫേസ്ബുക്ക് കുറിപ്പുമായി ഹമീദ് ഫൈസി. ദുബൈ കെ എം സി സി സംഘടിപ്പിച്ച പരിപാടിയില്‍ ഷാജി നടത്തിയ പ്രസംഗമാണ് വിവാദമായത്.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നുവെന്ന് ഇ കെ വിഭാഗം നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ദുബൈ കെ എം സി സി സംഘടിപ്പിച്ച പരിപാടിയില്‍ ഷാജി നടത്തിയ പ്രസംഗമാണ് വിവാദമായത്. മാതാ അമൃതാനന്ദമയിയോട് മന്ത്രിമാര്‍ അമിതമായി സ്നേഹപ്രകടനം നടത്തരുതെന്നും ഇത് ദര്‍ഗയില്‍ തുണി വിരിക്കുന്ന മന്ത്രിമാര്‍ക്കും ബാധകമാണെന്ന തരത്തിലായിരുന്നു ഷാജിയുടെ പ്രസംഗം.

മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീര്‍ത്തും പ്രതിഷേധാര്‍ഹവുമാണ് ഷാജിയുടെ പ്രസംഗമെന്ന് ഹമീദ് ഫൈസി ഫേസ്ബുക്കില്‍ വ്യക്തമാക്കി. സുന്നികള്‍ക്കെതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ല ഇത്. സുന്നികള്‍ക്കെതിരെയും സമസ്ത അധ്യക്ഷനെതിരെയും സുന്നി സംഘടനകള്‍ക്കെതിരെയും കുറച്ച് കാലമായി ചിലര്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന രീതി ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഹമീദ് ഫൈസി താക്കീത് നല്‍കി.

മുജാഹിദ് വിഭാഗങ്ങള്‍ക്ക് മുസ്‌ലിം ലീഗില്‍ എത്ര ഉയര്‍ന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികള്‍ അതുള്‍ക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് സുന്നികളെയും അവര്‍ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തിക്കാണിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല.

മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താനാണ് ഷാജിയുടെ ശ്രമമെന്നും അമ്പലക്കടവ് പറഞ്ഞു.

 

Latest