Kerala
എസ് എഫ് ഐയുടെത് വംശീയ വെറി പുറത്തുചാടുന്ന പരാമർശമെന്ന് എം എസ് എഫ്
ശശികലയിട്ട ഇലയിലേക്കുള്ള സദ്യയാണ് നിങ്ങൾ വിളമ്പുന്നതെന്ന മിനിമം ബുദ്ധിയെങ്കിലും എസ് എഫ് ഐ നേതാക്കൾക്കുണ്ടാകണം

കോഴിക്കോട് | വംശീയ വെറി പുറത്തുചാടുന്ന പരാമർശമാണ് എസ് എഫ് ഐ നേതൃത്വം നടത്തുന്നതെന്ന് എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ്. എം എസ് എഫ് കേരളം കണ്ട ഏറ്റവും വലിയ വർഗീയ സംഘടനയാണെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു പി കെ നവാസ്.
ലീഗ് വർഗീയ സംഘടനയാണെന്ന അഭിപ്രായം സി പി എമ്മിനില്ല. സംഘ്പരിവാറിന്റെ അഭിപ്രായമാണ് എസ് ഐഫ് ഐ നേതാക്കൾ പ്രസംഗിക്കുന്നതെന്നും നവാസ് പറഞ്ഞു. അറബിക് കോളജുകളിൽ അറബി മാത്രമാണ് പഠിപ്പിക്കുന്നതെന്നാണ് ഇവർ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇവർ എന്തിനാണ് വിവരക്കേട് പറയുന്നത്. അറബിക് കോളജിൽ മുസ്‌ലിം കുട്ടികൾ മാത്രമാണ് പഠിക്കുന്നതെന്ന തെറ്റിദ്ധാരണ സി പി എമ്മിനോ എസ് എഫ് ഐക്കോ ഉണ്ടെങ്കിൽ അവർ അത്തരം കോളജുകളിൽ പോയി നോക്കണം. അവിടെ മുസ്‌ലിം കുട്ടികൾ മാത്രമല്ല പഠിക്കുന്നത്. സംസ്‌കൃത സർവകലാശാലയിൽ സംസ്‌കൃതം മാത്രമാണ് പഠിപ്പിക്കുന്നതെന്ന് എസ് എഫ് ഐ വിചാരിക്കരുതെന്നും നവാസ് പറഞ്ഞു.
ശശികലയിട്ട ഇലയിലേക്കുള്ള സദ്യയാണ് നിങ്ങൾ വിളമ്പുന്നതെന്ന മിനിമം ബുദ്ധിയെങ്കിലും എസ് എഫ് ഐ നേതാക്കൾക്കുണ്ടാകണം. അത് കമ്മ്യൂണിസ്റ്റ് സദ്യയല്ല, കാവി സദ്യയാണ്. സി പി എമ്മിൻ്റെ പാർട്ടി സെക്രട്ടറിക്ക് ലീഗ് വർഗീയ സംഘടനയാണെന്ന അഭിപ്രായമില്ല, എന്നാൽ എസ് എഫ് ഐ നേതാവിന് ലീഗ് വർഗീയ സംഘടനയാണെന്ന നിലപാടാണ്. കേരളത്തിലെ ഒരു സി പി എം, ഡി വൈ എഫ് ഐ നേതാവു പോലും എസ് എഫ് ഐ നേതാവിൻ്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല. ആകെ വന്നത് വർഗീയത പ്രസംഗിക്കുന്ന ഹിന്ദുഐക്യവേദി നേതാവ് ശശികലയാണെന്നും നവാസ് പറഞ്ഞു.
ആർഷോയും എസ് എഫ് ഐ സെക്രട്ടറിയും പാർട്ടി ക്ലാസ്സ് കട്ട് ചെയ്ത് സിനിമ കാണാനാണ് പോയതെന്ന് തോന്നുന്നു. ഇപ്പോഴത്തെ എസ് എഫ് ഐ സെക്രട്ടറി സിനിമക്ക് പോയത് എ ബി വി പി നേതാക്കൾക്കൊപ്പമാണോ എന്ന് സംശയിക്കണം. കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾ എം എസ് എഫ് ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നാണ് കെ കെ രാഗേഷ് പറഞ്ഞത്. സി പി എമ്മിന്റെ ഹോം ഗ്രൗണ്ടായ കണ്ണൂരിൽ മറ്റൊരു പാർട്ടി ആക്രമണം ആസൂത്രിതമായി ഉണ്ടാക്കിയെന്ന് പറയുന്നത് തന്നെ അസംബന്ധമാണെന്നും നവാസ് പറഞ്ഞു.