Connect with us

editorial

എം പി ഫണ്ട് വിനിയോഗവും കേരളവും

വികസനത്തിന്റെ പേരില്‍ വോട്ടുവാങ്ങി അധികാരത്തിലെത്തുന്നവർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും സമയം കണ്ടെത്താതെ അലസത കാണിക്കുന്നത് ജനവഞ്ചനയാണ്.

Published

|

Last Updated

കേരളത്തിന്റെ വികസന ഭൂമികയില്‍ എം പിമാരുടെ ഫണ്ട് വിനിയോഗം വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന പതിനെട്ടാം ലോക്‌സഭയുടെ 20 മാസത്തെ കണക്കുകളനുസരിച്ച് നിരാശാജനകമാണ് കേരളത്തിലെ എം പിമാരുടെ ഫണ്ട് വിനിയോഗം. ഫണ്ട് വിനിയോഗത്തിന്റെ ദേശീയ ശരാശരി 28.1 ശതമാനമാണെങ്കില്‍ കേരളത്തിലെ എം പിമാരുടെ വിനിയോഗം ശരാശരി 11.4 ശതമാനമാണ്. ഇക്കാലയളവിലെ രാജ്യസഭാ എം പിമാരുടെ ഫണ്ട് വിനിയോഗം കേരള എം പിമാരുടെത് 14.74 ശതമാനം മാത്രവും. ദേശീയ ശരാശരി 44.22 ശതമാനം വരും.

വികസന ഫണ്ടില്‍ 18 മാസത്തിനിടെ ഒരു രൂപ പോലും ചെലവഴിക്കാത്ത രണ്ട് എം പിമാരുമുണ്ട് സംസ്ഥാനത്ത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഫണ്ട് വിനിയോഗം ദേശീയ ശരാശരിക്കു മുകളില്‍ 46.7 ശതമാനവും തെലങ്കാനയിലേത് 49.4 ശതമാനവുമാണെന്നത് ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ വികസന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ് എം പി ഫണ്ട് വിനിയോഗത്തിലെ മെല്ലെപ്പോക്കും അലസതയും. കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര സഹായവും ഫണ്ടുകളും നല്‍കുന്നതില്‍ മോദി സര്‍ക്കാര്‍ കടുത്ത വിവേചനപരമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ എം പി ഫണ്ട് വിനിയോഗത്തില്‍ എം പിമാര്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതായിരുന്നു. എന്തുകൊണ്ട് നമ്മുടെ എം പിമാര്‍ പിന്നാക്കമായി എന്ന കാര്യത്തില്‍ ഗൗരവതരമായ ആത്മപരിശോധന അനിവാര്യമാണ്.

ഭരണപരമായ വീഴ്ചകളും സാങ്കേതിക തടസ്സങ്ങളുമാണ് ഫണ്ട് വിനിയോഗത്തിലെ കാലതാമസത്തിനു കാരണമെന്നാണ് എം പിമാരുടെ വിശദീകരണം. എം പിമാര്‍ നിര്‍ദേശിക്കുന്ന പദ്ധതി, ജില്ലാ നിര്‍വഹണ അതോറിറ്റി 45 ദിവസത്തിനകം അംഗീകരിക്കണമെന്നാണ് ചട്ടമെങ്കിലും എസ്റ്റിമേറ്റും രേഖകളും ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുവത്രെ. പദ്ധതികളുടെ നടത്തിപ്പിന് കരാറുകാരെ ലഭിക്കുന്നതിലുള്ള കാലതാമസം, ടെന്‍ഡര്‍ നടപടികളിലെ സങ്കീര്‍ണത, ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം തുടങ്ങി ഫണ്ട് വിനിയോഗത്തിലെ പിന്നോട്ടടിക്ക് നിരവധി കാരണങ്ങള്‍ നിരത്തിവെക്കുന്നു എം പിമാര്‍.

എന്നാല്‍ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറാനാകില്ല എം പിമാര്‍ക്ക് ഇക്കാര്യത്തില്‍. അവര്‍ ശ്രദ്ധപുലര്‍ത്തിയാല്‍ അത്തരം തടസ്സങ്ങളെ വലിയൊരളവോളം തരണം ചെയ്യാനാകുമെന്ന് തമിഴ്‌നാടും തെലങ്കാനയും പാഠം നല്‍കുന്നുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും എം പിമാര്‍ തുടക്കത്തിലേ തങ്ങളുടെ മണ്ഡല വികസനത്തിന് വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ആദ്യ വര്‍ഷം തന്നെ മുഖ്യപദ്ധതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ഇതുവഴി ഫണ്ട് അനുവദിച്ചു കിട്ടാനും പണം ലഭിക്കാനും മതിയായ സമയം ലഭിക്കുന്നു. മാത്രമല്ല, അനുവദിച്ചു കിട്ടുന്ന ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് എം പിമാര്‍, സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൃത്യമായ ഇടവേളകളില്‍ റിവ്യൂ മീറ്റിംഗ് നടത്തുകയും ഭരണാനുമതിക്ക് കാലതാമസം നേരിടുന്ന ഫയലുകളുടെ കാര്യത്തില്‍ കലക്ടറുമായും വകുപ്പ് സെക്രട്ടറിയുമായും നേരിട്ട് ഇടപെട്ട് വേഗത്തില്‍ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസത്തിലും രാഷ്ട്രീയ ബോധത്തിലും മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും കേരളത്തില്‍ എം പിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം കുറവാണ്.
എം പി ഫണ്ട് പദ്ധതികള്‍ക്ക് ആദ്യ ഗഡുവിന്റെ ശേഷമുള്ള ഗഡു അനുവദിച്ചു കിട്ടണമെങ്കില്‍, നേരത്തേ അനുവദിച്ച തുകയുടെ 75 ശതമാനം ചെലവാക്കി അതിന്റെ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. തമിഴ്‌നാട്, തെലങ്കാന എം പിമാര്‍ ഓരോ ഘട്ടത്തിന്റെയും പണി പൂര്‍ത്തിയാകുന്ന മുറക്ക് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിന് അയച്ചുകൊടുക്കും. കേരളത്തിലെ പല എം പിമാരും ഇക്കാര്യത്തില്‍ അലസരാണെന്നാണ് വിവരം. വികസനത്തിന്റെ പേരില്‍ വോട്ടുവാങ്ങി അധികാരത്തിലെത്തുന്നവർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും സമയം കണ്ടെത്താതെ അലസത കാണിക്കുന്നത് ജനവഞ്ചനയാണ്.

ഫണ്ട് എം പിമാരുടെ ഔദാര്യമല്ല; നികുതിപ്പണവും ജനങ്ങളുടെ അവകാശവുമാണ്. അത് നഷ്ടപ്പെടാതെ കൃത്യമായി വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കേണ്ടതും അഞ്ച് വര്‍ഷത്തിനിടെ ഒരു മണ്ഡലത്തിന് അനുവദിച്ച 25 കോടി രൂപ പൂര്‍ണമായും ലഭ്യമാക്കേണ്ടതും എം പിമാരുടെ ബാധ്യതയാണ്. രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കും സഭയിലെ പ്രതിഷേധങ്ങള്‍ക്കുമപ്പുറം തന്റെ മണ്ഡലത്തിലെ സാധാരണക്കാരന് ഉപകാരപ്പെടുന്ന എത്ര പദ്ധതികള്‍ നടപ്പാക്കിയെന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു എം പിയുടെ കഴിവിനെ വിലയിരുത്തേണ്ടത്.

ഫണ്ട് വിനിയോഗത്തിലെ പിന്നാക്കാവസ്ഥയോ എം പിമാരുടെ ഫണ്ട് വിനിയോഗത്തിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പൊതു ആവശ്യത്തിനും സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ട ഫണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്കും ബിനാമി കരാറുകാര്‍ക്കും നല്‍കുന്നതായി പരാതിയുണ്ട്. ഇതടിസ്ഥാനത്തില്‍ നിയമപ്രകാരമാണോ ഫണ്ട് വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ സുതാര്യവും കാര്യക്ഷമവുമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തേ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും നിര്‍ദേശം നല്‍കിയിരുന്നു. ഓരോ പാര്‍ലിമെന്റ് നിയോജക മണ്ഡലത്തിലും നടപ്പാക്കിയ പദ്ധതി വിവരങ്ങളും ഗുണഭോക്താക്കളുടെ വിശദാംശങ്ങളും ഫണ്ട് വിനിയോഗത്തില്‍ വരുന്ന കാലതാമസത്തിന്റെ കാരണങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കമ്മീഷണര്‍ നിര്‍ദേശിക്കുകയുണ്ടായി. ഇതുവരെയും കമ്മീഷന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഫണ്ട് വിനിയോഗത്തിലെ സുതാര്യത ഉറപ്പ് വരുത്താന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.

Latest