Connect with us

From the print

വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ കൂടുതല്‍ പരാതികള്‍; പോലീസ് അന്വേഷണം ഊര്‍ജിതം

പുതിയ പരാതിയുമായി ഇന്നലെ ആലപ്പുഴയിലും കോഴിക്കോടും കൊച്ചിയിലും പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തി.

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കൂടുതല്‍ പരാതികള്‍. പുതിയ പരാതിയുമായി ഇന്നലെ ആലപ്പുഴയിലും കോഴിക്കോടും കൊച്ചിയിലും പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തി.

ആലപ്പുഴയില്‍ അമ്പലപ്പുഴ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഡി വൈ എസ് പിക്ക് രേഖാമൂലം പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആലപ്പുഴ നഗരത്തിലെ പ്രിന്റിംഗ് സ്ഥാപനത്തിലാണ് അടിച്ചതെന്നടക്കം പരാതിയിലുണ്ട്. കോഴിക്കോട് ഉണ്ണികുളം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിതിന്‍ ലാല്‍ ജനന തീയതി തിരുത്തി മത്സരിച്ചെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ ശഹബാസ് വടേരിയാണ് ആരോപണം ഉന്നയിച്ചത്.

കൊച്ചിയിലെ എ ഗ്രൂപ്പ് നേതാക്കള്‍ കോടതിയെ സമീപിക്കാനുള്ള തീരുമാനവുമെടുത്തിട്ടുണ്ട്. വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതല്‍ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് നേതാക്കള്‍ക്ക് ലഭിച്ച നിര്‍ദേശം.

അതേസമയം, കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ തേടിയ പോലീസ്, സെര്‍വറിലെ വിവരങ്ങളുള്‍പ്പെടെ പരിശോധിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഉടന്‍ കത്ത് നല്‍കും. വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്തിയേക്കും. ഇതോടൊപ്പം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയവരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സി പി എം, ഡി വൈ എഫ് ഐ നേതാക്കളുടെ മൊഴിയെടുത്തിരുന്നു. പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴിയും രേഖപ്പെടുത്തി.

ഇടുക്കി ജില്ലയില്‍ ഡി വൈ എഫ് ഐ ഭാരവാഹിത്വം വഹിക്കുന്ന സി പി എം മെമ്പര്‍ഷിപ്പുള്ള പത്ത് പേര്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നേതാക്കളും പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ വ്യാജരേഖ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മെമ്പര്‍ഷിപ്പ് എടുക്കുന്നത് വ്യക്തിയുടെ മൊബൈലില്‍ ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ചാണ്. ഐ ഡി എടുത്തിട്ടുണ്ടെങ്കില്‍ അവരുടെ മൊബൈലിലേക്ക് ഒ ടി പി എത്തും. അപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിയാതെ ഇത് സാധ്യമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.