From the print
എം കെ സക്കീര്‍ വഖ്ഫ് ബോര്‍ഡ് അംഗം; അടുത്ത യോഗത്തില്‍ ചെയര്‍മാനാകും
മുന്‍ ചെയര്‍മാന്‍ ടി കെ ഹംസ അംഗത്വം രാജിവെച്ച ഒഴിവിലാണ് നിയമനം.

കോഴിക്കോട് | ചെയര്‍മാനായി തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എം കെ സക്കീറിനെ വഖ്ഫ് ബോര്‍ഡ് അംഗമായി സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചെയര്‍മാന്‍ ടി കെ ഹംസ അംഗത്വം രാജിവെച്ച ഒഴിവിലാണ് നിയമനം.
അടുത്ത വഖ്ഫ് ബോര്‍ഡ് യോഗത്തില്‍ എം കെ സക്കീറിനെ ചെയര്‍മാനായി തിരഞ്ഞെടുക്കും. ഒന്നര വര്‍ഷമാണ് നിലവിലുള്ള വഖ്ഫ് ബോര്‍ഡിന്റെ കാലാവധി. ഈ കാലയളവിലേക്കാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുക.
പി എസ് സി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനം വഖ്ഫ് ബോര്‍ഡ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായി. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍ 2011 ജനുവരി 28 മുതല്‍ പി എസ് സി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് 2016ല്‍ അദ്ദേഹത്തെ ചെയര്‍മാനായി നിയമിച്ചു.
2022 ഒക്ടോബറിലാണ് സ്ഥാനമൊഴിഞ്ഞത്. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ സിവില്‍, ക്രിമിനല്‍, ലേബര്‍ വിഭാഗങ്ങളില്‍ അഭിഭാഷകനായും പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമോപദേശകനായും പ്രവര്‍ത്തിച്ചു.
സര്‍ക്കാര്‍ പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വരൂപത്തില്‍ പരേതരായ ബാവക്കുട്ടി – സാറു ദമ്പതികളുടെ മകനാണ് . അധ്യാപികയായ ലിസിയാണ് ഭാര്യ. മക്കള്‍: നികിത, അജീസ്.
ചെയര്‍മാന് പുറമെ പി വി അബ്ദുല്‍ വഹാബ് (എം പി), പി ഉബൈദുല്ല, എം നൗഷാദ് (എം എല്‍ എമാര്‍), അഡ്വ. എം ശറഫുദ്ദീന്‍ (ബാര്‍ കൗണ്‍സില്‍ അംഗം), എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍ (മുതവല്ലി പ്രതിനിധികള്‍), പ്രൊഫ. കെ എം എ റഹീം, റസിയ ഇബ്റാഹിം, വി എം രഹന (സര്‍ക്കാര്‍ നോമിനികള്‍) എന്നിവരാണ് അംഗങ്ങള്‍.