National
കൊളത്തൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എം കെ സ്റ്റാലിന്‍; ആരൊക്കെ എതിരാളികളായി വന്നാലും ഡിഎംകെ ജയിക്കും; തമിഴ്‌നാട് മുഖ്യമന്ത്രി
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരില്‍ ആണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്.
ചെന്നൈ|തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷന്‍ വിജയ്‌യും ആദ്യ ദിവസം പത്രിക നല്‍കി. കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയ സ്റ്റാലിന്‍ റോഡ് ഷോ നടത്തിയാണ് മടങ്ങിയത്. മത്സരം ഡല്‍ഹിയും തമിഴ്‌നാടും തമ്മിലാണെന്നും ആരൊക്കെ എതിരാളികളായി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരില്‍ ആണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്. ടിവികെ നേതാക്കള്‍ക്കൊപ്പം എത്തിയ വിജയ് റോഡ് ഷോയും നടത്തി. ഇന്ന് മുഖ്യമന്ത്രി സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരില്‍ അടക്കം വിജയ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും
ആകെ 234 സീറ്റുകളുളള തമിഴ്‌നാട് നിയമസഭയില്‍ 164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നുമാണ് ജനവിധി തേടുന്നത്. എഐഎഡിഎംകെ വിട്ട് കഴിഞ്ഞ മാസം ഡിഎംകെയില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.
മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്ത് നിന്നും ജനവിധി തേടും.പൊന്നേരി, ഈറോഡ് ഈസ്റ്റ്, വിളവന്‍കോട്, ശിവകാശി, കാരക്കുടി ഉള്‍പ്പെടെ 28 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. വിജയകാന്തിന്റെ പങ്കാളി നയിക്കുന്ന ഡിഎംഡികെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) 10 സീറ്റുകളിലും വിസികെ (വിടുതലൈ ചിരുതൈകള്‍ കക്ഷി) എട്ട് സീറ്റിലും മത്സരിക്കും. സിപിഐയ്ക്കും സിപിഐഎമ്മിനും അഞ്ച് സീറ്റുകള്‍ വീതമാണ് നല്‍കിയത്. എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം) നാല് സീറ്റുകളിലും മത്സരിക്കും. ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് വോട്ടെണ്ണും.


