Kerala
ജൂനിയര്‍ അഭിഭാഷകക്ക് മര്‍ദനമേറ്റത് ഗൗരവമേറിയ വിഷയമെന്ന് മന്ത്രി രാജീവ്
പ്രതി ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവില്‍

തിരുവനന്തപുരം | വഞ്ചിയൂര്‍ കോടതിയില്‍ മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ നിയമ മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. ഗൗരവമേറിയ വിഷയമാണിതെന്നും കേരളത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ കേട്ടിട്ടില്ലെന്നും സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു,
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികളാണ്. പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം മറന്ന് അഭിഭാഷക സമൂഹവും ഒറ്റക്കെട്ടായി അക്രമിക്കപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നില്‍ക്കണമായിരുന്നു. കോടതികളില്‍ ഇന്റേര്‍ണല്‍ കമ്മിറ്റികള്‍ വേണോ എന്നുള്ളത് പരിശോധിക്കും. ജൂനിയര്‍ അഭിഭാഷകര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികളാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചക്കാണ് വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. ശ്യാമിലിയുടെ ഇടത് കവിളില്‍ രണ്ട് തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരുക്കേല്‍പ്പിക്കുകയായിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നാണ് യുവതിയുടെ പരാതി. രാത്രിയോടെ വഞ്ചിയൂര്‍ പോലീസ് ജൂനിയര്‍ അഭിഭാഷകയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതി ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്.