Connect with us

Kerala

അധ്യാപകനെ പുറത്താക്കുംവരെ നിരാഹാര സമരം തുടരുമെന്ന് എം ജിയിലെ ഗവേഷക വിദ്യാര്‍ഥിനി

ഡോക്ടര്‍ നന്ദകുമാറിനെ മാറ്റിയ സാഹചര്യത്തില്‍ സമരം നിര്‍ത്തിവെക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ രാത്രി വീണ്ടും ഗവേഷക വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടിരുന്നു.

Published

|

Last Updated

കോട്ടയം |  ആരോപണവിധേയനായ അധ്യാപകനെ നാനോ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരം പിന്‍വലിക്കില്ലെന്ന് എം ജി സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ഥിനി. നിരാഹാര സമരം ഇന്ന് പത്താം ദിനത്തിലേക്ക് കടക്കവെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. നാനോ സയന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ഡോക്ടര്‍ നന്ദകുമാറിനെ മാറ്റിയ സാഹചര്യത്തില്‍ സമരം നിര്‍ത്തിവെക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ രാത്രി വീണ്ടും ഗവേഷക വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടിരുന്നു.

അതേ സമയ വിദ്യാര്‍ഥിനിക്ക് പിന്തുണയുമായി രാത്രി ആര്‍എംപി നേതാവ് കെ കെ രമ സമരപ്പന്തലിലെത്തി. വിഷയം നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിക്കുമെന്ന് രമ പറഞ്ഞു. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഡോക്ടര്‍ നന്ദകുമാറിനെ മാറ്റാന്‍ തീരുമാനമെടുത്തത്. നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതല വിസി ഏറ്റെടുത്തു. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് എംജി സര്‍വകലാശാല വിസി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഗവര്‍ണറെ അറിയിച്ചു.അതേ സമയം നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവേഷക വിദ്യാര്‍ഥിനി പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാര്‍ഥി ദീപയുടെ പരാതി.