National
ലിവ് ഇന്‍ ബന്ധം: സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 'ഭാര്യ' പദവി നല്‍കണമെന്ന് കോടതി
ഇത്തരം ബന്ധങ്ങളെ പ്രണയ വിവാഹമായി കണക്കാക്കണം
ചെന്നൈ | ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇത്തരം ബന്ധങ്ങളെ പ്രണയ വിവാഹമായി കണക്കാക്കണമെന്നും സ്ത്രീക്ക് ‘ഭാര്യ’ പദവി നല്‍കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.
വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി വിധി. വിവാഹിതരായ സ്ത്രീകള്‍ക്കുള്ള നിയമപരമായ പരിരക്ഷ ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍, ഈ സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ കോടതികള്‍ക്കുണ്ടെന്ന് ജസ്റ്റിസ് എസ് ശ്രീമതി വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറൈ ഓള്‍ വുമണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
യുവാവും യുവതിയും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പലതവണ യുവാവ് യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആധുനിക ബന്ധങ്ങളില്‍ സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ കോടതികള്‍ക്കുണ്ടെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജഡ്ജി പറഞ്ഞു. നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് ബന്ധം വഷളാകുമ്പോള്‍ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് ഉപക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ജഡ്ജി വിലയിരുത്തി. വ്യാജ വിവാഹ വാഗ്ദാനം സംബന്ധിച്ച ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ സെക്ഷന്‍ 69 ആണ് യുവാവിനെതിരെ ചുമത്തിയത്.
ഇന്ത്യയില്‍ ലിവ്-ഇന്‍ ബന്ധങ്ങളെ ‘സാംസ്‌കാരിക ആഘാതം’ ആയി കണക്കാക്കാമെങ്കിലും ഇപ്പോള്‍ അവ സാധാരണമായി മാറിയിരിക്കുന്നുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നിരവധി യുവതികള്‍ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. അതേസമയം വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്ത് പിന്മാറുന്ന പുരുഷന്മാര്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.




