Connect with us

National

കര്‍ണാടക ബുള്‍ഡോസര്‍ രാജ്; ഒരു മാസമായിട്ടും കുടിയിറക്കപ്പെട്ടവര്‍ പെരുവഴിയില്‍

കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണം-ഫേസ്ബുക്് കുറിപ്പുമായി എ എ റഹിം എം പി

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കി വീടുകള്‍ പൊളിച്ചു നീക്കി പെരുവഴിയില്‍ തള്ളിയ ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പുനരധിവാസ വാഗ്ദാനം പാഴ് വാക്കായി തുടരുകയാണെന്ന് സി പി എം നേതാവ് എ എ റഹിം എം പി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

അവരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റിയിട്ട് ഒരു മാസം പിന്നിട്ടിരിക്കുമ്പോഴും ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പിനൊപ്പം അവിടെ നിന്നുള്ള പുതിയ ദൃശ്യങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു. ആ പാവങ്ങള്‍ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ‘സംഗമ’യുടെ നേതൃത്വത്തില്‍ നിന്നും പ്രാദേശിക ഡി വൈ എഫ് ഐ നേതാക്കളില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ ആധാരമാക്കി തയ്യാറാക്കിയതാണ് കുറിപ്പെന്നും ഇന്നലെ പകര്‍ത്തിയ ദയനീയമായ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ടവരേ, അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്…നമ്മള്‍ ശബ്ദിച്ചാലേ അവര്‍ക്ക് നീതി കിട്ടൂ. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നാടിന് നല്‍കിയ വാക്ക് വെറും പാഴ് വാക്കായി അവശേഷിക്കുന്നു. കോണ്‍ഗ്രസ് ഈ നാടിനെയും നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരിക്കുന്നു. ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല! തകര്‍ക്കപ്പെട്ട ആ കല്ലിന്‍ കൂനകള്‍ക്കിടയില്‍, കീറിപ്പറിഞ്ഞ ചെറിയ ടര്‍പ്പോളിന്‍ കഷണങ്ങള്‍ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കള്‍ക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നല്‍കാന്‍ ഈ നിമിഷം വരെ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്.

ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു. പിന്നാലെ ഡി വൈ എഫ് ഐ പ്രതിനിധി സംഘം ഫക്കീര്‍ കോളനി സന്ദര്‍ശിച്ചു. ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകള്‍ പുറത്തുവന്നതോടെ കെ സി വേണുഗോപാലും, ഡി കെ ശിവകുമാറും, കര്‍ണാടക മുഖ്യമന്ത്രിയും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി. ഉടന്‍ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവര്‍ പരസ്യമായി പറഞ്ഞു. എന്നിട്ടെന്തായി? നമ്മളെയും ആ പാവങ്ങളെയും അവര്‍ വീണ്ടും പറ്റിക്കുകയായിരുന്നു!?

കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണം. ആ കൊടും തണുപ്പില്‍ നിന്ന് അവരെ മാറ്റാനോ മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? പ്രഖ്യാപിച്ച ഫ്‌ളാറ്റുകള്‍ ഒരു മാസമായിട്ടും നല്‍കാത്തത് എന്ത് കൊണ്ടാണ്?? മനുഷ്യത്വമില്ലാത്ത കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഈ ക്രൂരത നാം കാണാതെ പോകരുത്.

 

 

Latest