Editorial
മെഡിക്കല്‍ കുംഭകോണം; പഴുതടച്ച അന്വേഷണം വേണം
മധ്യപ്രദേശിലെ വ്യാപം അഴിമതിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണത്തിന്റെ ചെറു തുമ്പിലാണ് സി ബി ഐ തൊട്ടിരിക്കുന്നത്. അവിടെ നിൽക്കരുത്. എഫ് ഐ ആറിട്ട സി ബി ഐ പഴുതടച്ച അന്വേഷണത്തിന് തയ്യാറാകണം. എത്ര ഉന്നതരായാലും നിയമത്തിന് മുന്നിലെത്തണം.

രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന, ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വന്‍ മെഡിക്കല്‍ കുംഭകോണമാണ് സി ബി ഐ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സാമ്പത്തിക നേട്ടത്തിനായി സിസ്റ്റത്തെയാകെ അട്ടിമറിക്കുന്ന ഇത്തരം കുംഭകോണങ്ങള്‍ ഇതാദ്യമല്ല. മെഡിക്കല്‍ രംഗത്തെ മുച്ചൂടും ഗ്രസിച്ചു നില്‍ക്കുന്ന അര്‍ബുദമായി അഴിമതി മാറിയെന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയുമായി ബന്ധപ്പെട്ട് യു ജി സി മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് സി ബി ഐ അന്വേഷണം തുടങ്ങിയിരിക്കുന്നു. രാജ്യത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഏതൊരു ക്ഷേമ രാഷ്ട്രത്തിന്റെയും പ്രഥമ പരിഗണനകളിലൊന്നാണ് പൗരന്മാരുടെ ആരോഗ്യം. ഇന്ത്യയെപ്പോലെ, മനുഷ്യവിഭവ ശേഷി അങ്ങേയറ്റം പ്രധാനമായ ഒരു രാജ്യത്ത് ആരോഗ്യമുള്ള ജനതയാണ് മുന്നോട്ടുള്ള ചാലക ശക്തി. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ അടിസ്ഥാന ഉപാധികള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന നാളുകള്‍ സ്വപ്‌നം കണ്ടാണ് ദീര്‍ഘകാലം വൈദേശിക ചൂഷണത്തിനിരയായ ഇന്ത്യന്‍ ജനത സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ന്നത്. യൂനിയന്‍, ഫെഡറല്‍ സര്‍ക്കാറുകളുടെ പൊതു ചെലവിന്റെ നല്ല പങ്ക് നീക്കിവെച്ചും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മുന്തിയ പരിഗണന നല്‍കിയും ചട്ടങ്ങളാവിഷ്‌കരിച്ചും ആരോഗ്യ രംഗത്തേക്ക് വരുന്ന സ്വകാര്യ മൂലധനത്തിന് മേല്‍ ഗുണപരമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും ഭരണകൂടം ആരോഗ്യ മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിന് ഈ ദിശയില്‍ ഏറെ മുന്നോട്ട് പോകാന്‍ സാധിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സുസജ്ജമായ മെഡിക്കല്‍ മേഖല. എന്നാല്‍, ഈ പരിശ്രമങ്ങളെയാകെ ഉദ്യോഗസ്ഥ- മാഫിയ കൂട്ടുകെട്ട് അട്ടിമറിക്കുകയാണ്. സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി അപകടകരമായ ക്രമക്കേടുകളുടെ കേന്ദ്രമാകുമ്പോള്‍ സാധാരണ മനുഷ്യര്‍ ആരെയാണ് വിശ്വസിക്കുക.
രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേസാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു ജി സി) മുന്‍ ചെയര്‍മാനും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ നിലവിലെ ചാന്‍സലറുമായ പ്രൊഫ. ഡി പി സിംഗ്, സ്വയം പ്രഖ്യാപിത ആള്‍ദൈവവും റാവത്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിന്റെ ചെയര്‍മാനുമായ രവിശങ്കര്‍ മഹാരാജ്, ഇന്‍ഡോറിലെ ഇന്‍ഡെക്സ് മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ സുരേഷ് സിംഗ് ഭദൗരിയ, ഗീതാഞ്ജലി സര്‍വകലാശാല രജിസ്ട്രാര്‍ മയൂര്‍ റാവല്‍, ആരോഗ്യ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥര്‍, നാഷനല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ നിന്നുള്ള ഒരാള്‍, നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍ എം സി) പരിശോധനാ സംഘങ്ങളിലെ അഞ്ച് ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 34 പേരെയാണ് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയത്.
മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരത്തിനും ഗ്രേഡ് മാറ്റത്തിനുമായി നടത്തുന്ന പരിശോധനകളില്‍ ചട്ടം മറികടന്ന് അനുകൂല റിപോര്‍ട്ട് സമ്പാദിക്കാന്‍ വ്യാപക ശ്രമം നടന്നുവെന്ന് സി ബി ഐ ചൂണ്ടിക്കാട്ടുന്നുണ്ട്. റായ്പൂരിലെ റാവത്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് അനുകൂലമായ പരിശോധനാ റിപോര്‍ട്ട് നല്‍കാന്‍ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മൂന്ന് എന്‍ എം സി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരെ സി ബി ഐ അറസ്റ്റ് ചെയ്തത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളില്‍ ഒന്ന് മാത്രമാണ്. ഈ കേസുമായി ബന്ധപ്പെട്ട റെയ്ഡുകളിലൂടെയാണ് രാജ്യത്താകെ വ്യാപിച്ചു കിടക്കുന്ന അഴിമതി ശൃംഖലയിലേക്ക് അന്വേഷണ ഏജന്‍സി ചെന്നെത്തുന്നത്. പരിശോധനാ തീയതിയും പരിശോധിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥരുടെ പേരുകളും നേരത്തേ ചോര്‍ത്തി നല്‍കും. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ പ്രധാന കുറ്റാരോപിതന്‍ യു ജി സി മുന്‍ ചെയര്‍മാന്‍ ഡി പി സിംഗ് തന്നെയാണ്. വേലി തന്നെ വിള തിന്നുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ വാങ്ങി രഹസ്യ ഫയലുകള്‍ കൈമാറും. ഈ ഫയലുകളില്‍ എന്തെങ്കിലും പ്രതികൂല നിഗമനങ്ങളുണ്ടെങ്കില്‍ നീക്കിക്കിട്ടാന്‍ പിന്നെയും പണമെറിയും. പൊതു ജനങ്ങള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ കുറുക്കുവഴിയിലൂടെ സമ്പാദിച്ച അനുമതി പത്രത്തിന്റെ ബലത്തിലാണെന്ന് വരുന്നത് എത്ര ഭീകരമാണ്. ഡോക്ടര്‍മാര്‍ക്കായി വ്യാജ ബയോമെട്രിക് ഹാജര്‍ രേഖകള്‍ സൃഷ്ടിക്കാന്‍ ക്ലോണ്‍ ചെയ്ത കൃത്രിമ വിരലുകള്‍ വരെ ഉപയോഗിച്ചുവെന്നാണ് സി ബി ഐ ചൂണ്ടിക്കാട്ടുന്നത്.
മധ്യപ്രദേശിലെ വ്യാപം അഴിമതിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണത്തിന്റെ ചെറു തുമ്പിലാണ് സി ബി ഐ തൊട്ടിരിക്കുന്നത്. ഇത് ഇവിടെ നില്‍ക്കുന്ന ഒന്നല്ല. കൃത്യമായി അന്വേഷിച്ച് ചെന്നാല്‍ ഹവാല ഇടപാടിന്റെ വന്‍മലകള്‍ തന്നെ ദൃശ്യമാകും. ചട്ടങ്ങളും വകുപ്പുകളും കോടതി ഉത്തരവുകളും ഏട്ടിലുറങ്ങുകയും അവക്കെല്ലാം മുകളില്‍ പണം അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന ദുരന്തമാണിത്. ഇതിലുള്‍പ്പെട്ടവരാരും ചില്ലറക്കാരല്ല. കേസ് തേച്ചുമായ്ച്ച് കളയാന്‍ എന്ത് കടുംകൈയും ചെയ്യും. മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാമണ്ഡല്‍ അഥവാ വ്യാപം നടത്തിയ പരീക്ഷകളിലും നിയമനങ്ങളിലും 2,000 കോടിയുടെ അഴിമതിയാണ് നടന്നിരുന്നത്. ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ പ്രതികളായ ഈ കേസുമായി ബന്ധപ്പെട്ട് 40ലധികം പേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അതുകൊണ്ട് മെഡിക്കല്‍ കുംഭകോണത്തില്‍ എഫ് ഐ ആറിട്ട സി ബി ഐ പഴുതടച്ച അന്വേഷണത്തിന് തയ്യാറാകണം. എത്ര ഉന്നതരായാലും നിയമത്തിന് മുന്നിലെത്തണം.