Connect with us

Editorial

സിറിയ അശാന്തികളെ അതിജീവിക്കട്ടെ

ഇറാന്റെ സ്വാധീനം അവസാനിപ്പിക്കലായിരുന്നു ഇസ്‌റാഈലിന്റെ യഥാര്‍ഥ ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടിയിരുന്നത് ബശ്ശാറുല്‍ അസദ് സ്ഥാനഭ്രഷ്ടനായ ശേഷം സിറിയയുമായി സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കുകയായിരുന്നു. അതിനുപകരം, സിറിയയെ അരക്ഷിതമാക്കുകയാണ് ജൂതരാഷ്ട്രം ചെയ്യുന്നത്.

Published

|

Last Updated

ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കവിഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ആക്രമണം ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴ് മുതലുള്ള കണക്കാണിത്. ഒക്‌ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം 350ലധികം പേര്‍ മരിച്ചുവെന്നാണ് കണക്ക്. ഇതൊക്കെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകള്‍ മാത്രമാണ്. യഥാര്‍ഥ മരണസംഖ്യ ഇതിനേക്കാള്‍ എത്രയോ അധികമായിരിക്കും. പരുക്കേറ്റവരും അംഗഭംഗം വന്നവരും അനുഭവിക്കുന്ന ദുരിതങ്ങളൊന്നും എവിടെയും രേഖപ്പെടുത്തുന്നില്ല. ഔപചാരിക വെടിനിര്‍ത്തല്‍ വന്ന ശേഷവും ആക്രമണം തുടരുന്നത് ഗസ്സയില്‍ ഒരിക്കലും ജീവിതം സാധാരണ നിലയിലേക്ക് മാറരുത് എന്ന ലക്ഷ്യത്തിലാണ്. ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിവിടാതെ ഇപ്പോഴും ഗസ്സക്കാരെ പട്ടിണിക്കിടുകയാണ്. ട്രംപിന്റെ ഗസ്സാ പ്ലാനിനെ പിന്തുണച്ച് പ്രമേയം പാസ്സാക്കിയ രക്ഷാസമിതി വെടിനിര്‍ത്തല്‍ ഉടമ്പടി ലംഘിച്ച് ഇസ്‌റാഈല്‍ തുടരുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അമേരിക്കയുടെ മുന്‍കൈയില്‍ പാസ്സാക്കിയ പ്രമേയം ഫലസ്തീനെ വിഭജിക്കാനും പുറത്തുനിന്നുള്ള സൈനിക, ഭരണ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ളതാണെന്ന് തികച്ചും വ്യക്തമാണ്. ബന്ദികളെ വിട്ടുകിട്ടാന്‍ വെടിനിര്‍ത്തല്‍ നീക്കുപോക്കിന് തയ്യാറായ ഇസ്‌റാഈല്‍ ഗസ്സയില്‍ മാത്രമല്ല, വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കുകയാണ്.

ഇതിനിടെയാണ് സിറിയയിലേക്ക് അധിനിവേശം വ്യാപിപ്പിക്കാന്‍ ജൂതരാഷ്ട്രം തുനിഞ്ഞിറങ്ങുന്നത്. ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ സ്ഥാനഭ്രഷ്ടമാകുകയും അഹ്്മദ് അശ്ശര്‍ആയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഭരണമേല്‍ക്കുകയും ചെയ്തതോടെ താരതമ്യേന സുസ്ഥിരമായ അവസ്ഥയിലേക്ക് സിറിയ പ്രവേശിക്കുന്ന ഘട്ടത്തിലാണ് ഇസ്‌റാഈല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം ശക്തമാക്കുന്നത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 13 പേരാണ് മരിച്ചത്. ബെയ്ത് ജിന്‍ മേഖലയില്‍ ഇസ്‌റാഈലി ഡ്രോണുകള്‍ പറക്കുന്നത് തുടരുകയാണ്. വ്യോമാക്രമണവും കരയാക്രമണവും ഒരുമിച്ചാണ് നടക്കുന്നത്. തെക്കന്‍ സിറിയയില്‍ നിയന്ത്രണം സ്ഥാപിക്കുകയെന്ന നെതന്യാഹു ഭരണകൂടത്തിന്റെ പദ്ധതിയാണ് നടപ്പാകുന്നത്. ഈ പ്രദേശത്ത് ഹിസ്ബുല്ലയുടെയോ ഏതെങ്കിലും സായുധ സംഘത്തിന്റെയോ സാന്നിധ്യമില്ല. ഈ പ്രദേശം ആക്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
അല്‍ഖാഇദയുമായും മറ്റ് ഗ്രൂപ്പുകളുമായും ബന്ധമുണ്ടായിരുന്ന അഹ്മദ് അശ്ശര്‍ആ സിറിയയിലെ ഇടക്കാല ഭരണ സംവിധാനത്തിന്റെ സാരഥ്യമേറ്റ ശേഷം ഇസ്‌റാഈലിനോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ഇത് നിലനില്‍പ്പിനായുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടു. സിറിയയെ പുനര്‍നിര്‍മിക്കാന്‍ യു എസ് അടക്കമുള്ള വന്‍ശക്തികളുടെ പിന്തുണ അനിവാര്യമാണല്ലോ. ബശ്ശാറുല്‍ അസദിന്റെ കാലത്ത് ചുമത്തിയ ഉപരോധങ്ങളില്‍ നിന്ന് പുറത്ത് കടക്കണം. അന്താരാഷ്ട്ര സഹായം ഒഴുകണം. ബശ്ശാര്‍ വീണതിന് പിറകേ തന്നെ ഇസ്‌റാഈല്‍ സിറിയയില്‍ സൈനിക നടപടി ശക്തമാക്കിയിരുന്നു. എന്നിട്ടും ഏറ്റുമുട്ടാനില്ലെന്ന സമീപനമാണ് ഇടക്കാല സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ ഈ സംയമനമൊന്നും ജൂത രാഷ്ട്രത്തെ അധിനിവേശ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
അസ്സുവൈദ മേഖലയില്‍ ഡ്രൂസ് വിഭാഗവും ബദവി വിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നുഴഞ്ഞ് കയറി പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ ഇസ്‌റാഈല്‍ പ്രതിരോധ സേന ശ്രമിച്ചിരുന്നു. ഡ്രൂസുകളുടെ സംരക്ഷണ വേഷമണിഞ്ഞെത്തിയ ഇസ്‌റാഈല്‍ സൈന്യം സിറിയയുടെ ആഭ്യന്തര സുരക്ഷയിലേക്ക് നിയമവിരുദ്ധമായി കടന്നു കയറുകയാണ് ചെയ്തത്. 1967ലെ യുദ്ധത്തെത്തുടര്‍ന്ന് ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയ ജൂലാന്‍ കുന്നുകളില്‍ നിന്ന് ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല. അസദിന്റെ പതനത്തിനു ശേഷം, 1974ലെ കരാര്‍ ലംഘിക്കുകയും സിറിയന്‍ ഭാഗത്തേക്ക് കടന്നു കയറുകയും ചെയ്ത ഇസ്‌റാഈല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ബഫര്‍ സോണ്‍ ധാരണ പൊളിച്ചിരിക്കുന്നു. നിരവധി തവണ ദമസ്‌കസ് ആക്രമിച്ചു. സിറിയയുടെ ആയുധപ്പുരകള്‍ നശിപ്പിച്ചു. ഇറാന്റെ സ്വാധീനം അവസാനിപ്പിക്കലായിരുന്നു ഇസ്‌റാഈലിന്റെ യഥാര്‍ഥ ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടിയിരുന്നത് ബശ്ശാറുല്‍ അസദ് സ്ഥാനഭ്രഷ്ടനായ ശേഷം സിറിയയുമായി സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കുകയായിരുന്നു. അതിനുപകരം, സിറിയയെ അരക്ഷിതമാക്കുകയാണ് ജൂതരാഷ്ട്രം ചെയ്യുന്നത്. ഈ മാസമാദ്യം, തെക്കന്‍ സിറിയയില്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശത്ത് ഇസ്‌റാഈല്‍ സൈനികരോടൊപ്പം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യക്ഷപ്പെട്ടത് സിറിയയെ വെല്ലുവിളിക്കുന്ന നടപടിയായിരുന്നു.

ജൂലാന്‍ താഴ്‌വരയിലെ സിറിയന്‍ പ്രവിശ്യയായ ഖുനൈത്രയിലുടനീളം ഇസ്‌റാഈല്‍ സൈന്യത്തിന്റെ ടാങ്കുകളും ചെക്ക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അധിനിവേശം ചെറുക്കുന്ന തദ്ദേശീയരെ വെടിവെച്ച് കൊല്ലുകയോ പിടിച്ചു കൊണ്ടുപോകുകയോ ചെയ്യുന്നത് പതിവാണ്. സുരക്ഷാ മുന്‍കരുതലുകള്‍ എന്നാണ് ഇത്തരം അറസ്റ്റുകളെ ഇസ്‌റാഈല്‍ വിശേഷിപ്പിക്കാറുള്ളത്. മറ്റൊരു രാജ്യത്തേക്ക് കടന്നുകയറി അവിടുത്തെ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്ന ധാര്‍ഷ്ട്യമാണ് നടക്കുന്നത്. 14 വര്‍ഷത്തെ വിനാശകരമായ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന ഒരു രാജ്യം ഒറ്റപ്പെടലില്‍ നിന്ന് പുറത്തുവന്ന് അഭിമാനകരമായ നിലനില്‍പ്പിന് കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അതിന് തുരങ്കം വെക്കാന്‍ പീരങ്കികളും മിസൈലുകളുമായിറങ്ങുന്ന അയല്‍ രാജ്യം അക്രമി രാഷ്ട്രമല്ലാതെ മറ്റെന്താണ്? അഹ്്മദ് അശ്ശര്‍ആ ഈയടുത്താണ് വാഷിംഗ്ടണില്‍ ചെന്ന് ട്രംപിനെ കണ്ടത്. എല്ലാ പിന്തുണയും ട്രംപ് വാഗ്ദാനം ചെയ്തു. അതിജീവനത്തിന് പോരാടുന്ന സിറിയയെ സഹായിക്കാന്‍ ട്രംപിന് വല്ല ഉദ്ദേശ്യവുമുണ്ടെങ്കില്‍ ആ രാഷ്ട്രത്തെ ആക്രമിക്കരുതെന്ന് ഇസ്‌റഈലിനോട് നിഷ്‌കര്‍ഷിക്കുകയാണ് വേണ്ടത്. പണ്ട് സിറിയ റഷ്യയുടെ നടത്തിപ്പിലായിരുന്നുവല്ലോ. റഷ്യയടക്കം എല്ലാ അന്താരാഷ്ട്ര ശക്തികളും സിറിയക്കൊപ്പം നില്‍ക്കേണ്ട ഘട്ടമാണിത്.

---- facebook comment plugin here -----

Latest