Kerala
കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു
അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
കൊല്ലം | കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട് കുളച്ചിലില്‍ നിന്നുള്ള ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. നീണ്ടകര പൊഴിയൂര്‍ സ്വദേശികളുടെതാണ് ബോട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റ് ബോട്ടുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു.


