Connect with us

congress

കണ്ണൂർ കോൺഗ്രസ്സിൽ കൂട്ട പുറത്താക്കൽ; മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

പുറത്താക്കപ്പെട്ടവരിൽ കൗൺസിലർ പി കെ രാഗേഷും

Published

|

Last Updated

കണ്ണൂർ| കോൺഗ്രസ്സ് ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്തി ബേങ്ക് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസ്സിൽ കൂട്ട പുറത്താക്കൽ. പള്ളിക്കുന്ന് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും നിലവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി കെ രാഗേഷ് ഉൾപ്പെടെ ഏഴ് പേരെ പുറത്താക്കിയത്. തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണ് നടപടി.

കോൺഗ്രസ്സ് പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും ഡി സി സി പ്രസിഡന്റ് അറിയിച്ചു. ഞായറാഴ്ച നടന്ന ബേങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് വിമത വിഭാഗം ഭരണം പിടിച്ചിരുന്നു. രാഗേഷിന് പുറമെ ചേറ്റൂർ രാഗേഷ്, എം കെ അഖിൽ, പി കെ രഞ്ജിത്ത്, സൂരജ് പി കെ, എം വി പ്രദീപ്കുമാർ, കെ പി രതീപൻ എന്നിവരെയാണ് പുറത്താക്കിയത്.

കോൺഗ്രസ്സിന്റെ ഔദ്യാഗിക സ്ഥാനാർഥികളും പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് വിഭാഗവും തമ്മിലായിരുന്നു മത്സരം. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇത് കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരുന്നു. നേരത്തേയും പി കെ രാഗേഷ് ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു.

2017ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിമതനായി മത്സരിച്ച് കോൺഗ്രസ്സിന് ഭരണ നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. എൽ ഡി എഫിന് ഭരണം ലഭിച്ചപ്പോൾ രാഗേഷായിരുന്നു ഡെ. മേയർ. രണ്ട് വർഷം കാലാവധി ബാക്കി നിൽക്കുമ്പോഴായിരുന്നു അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തി കോൺഗ്രസ്സിന് ഭരണം ലഭിച്ചത്.