Connect with us

Kozhikode

റമസാനിനെ വരവേല്‍ക്കാന്‍ വിപുല പദ്ധതികളുമായി മര്‍കസ് നോളജ് സിറ്റി

മുപ്പത് ദിവസം നീളുന്ന വിവിധങ്ങളായ പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുക.

Published

|

Last Updated

നോളജ് സിറ്റി | വിശുദ്ധ റമസാനിനെ വരവേല്‍ക്കാന്‍ വിപുലമായ പദ്ധതികളുമായി മര്‍കസ് നോളജ് സിറ്റി ഒരുങ്ങി. സുഹ്ബ, ബദ്ര്‍ ആത്മീയ സമ്മേളനം, ദൗറത്തുല്‍ ഖുര്‍ആന്‍, മശ്ഖുല്‍ ഖുര്‍ആന്‍ സമാഅ് മജ്ലിസ്, ഇഅ്തികാഫ് ജല്‍സകള്‍, ഖല്‍വ ചില്ലകള്‍, ഖത്മുല്‍ ബുര്‍ദ മജ്ലിസ് തുടങ്ങിയ മുപ്പത് ദിവസം നീളുന്ന വിവിധങ്ങളായ പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുക.

വിശ്രുത പണ്ഡിതന്മാര്‍ക്കൊപ്പം 48 മണിക്കൂര്‍ താമസിച്ച് ഇസ്ലാമിക ജീവിത ശൈലീ പരിശീലനം നല്‍കുന്ന ‘സുഹ്ബ’യാണ് പ്രധാന പരിപാടി. കര്‍മശാസ്ത്രം, വിശ്വാസം, സംതൃപ്ത ജീവിതം, ആരോഗ്യം, ആത്മീയം തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. നോമ്പ് തുറ, താമസം, അത്താഴം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെയുമാണ് പദ്ധതികള്‍ തയാറാക്കിയത്.

ആറ് ബാച്ചുകളായാണ് സുഹ്ബ നടക്കുക. റമസാന്‍ പതിനേഴാം രാവില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ബദ്ര്‍ ആത്മീയ സമ്മേളനം നടക്കും. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ വിദഗ്ധരോടൊപ്പം ഖുര്‍ആന്‍ ഖത്മ് ചെയ്യുന്ന 20 ദിവസം നീണ്ടുനില്‍ക്കുന്ന ഹാഫിളുകള്‍ക്കുള്ള ദൗറത്തുല്‍ ഖുര്‍ആന്‍, ലോക പ്രശസ്തരായ ഖാരിഉകളുടെ പാരായണം കേള്‍ക്കാന്‍ അവസരമൊരുക്കുന്ന മശ്ഖുല്‍ ഖുര്‍ആന്‍ സമാഅ് മജ്ലിസ്, പ്രത്യേക സൗകര്യങ്ങളോടെയുള്ള ഇഅ്തികാഫ് ജല്‍സകള്‍, ഏകാന്തമായി ഇബാദത്ത് ചെയ്യാന്‍ സൗകര്യമുള്ള ഖല്‍വ ചില്ലകള്‍, പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ പഠന ക്ലാസ്, എല്ലാ തിങ്കളാഴ്ച രാവിലും തറാവീഹിന് ശേഷം ശിഫാ ലക്ഷ്യം വെച്ച് നടത്തപ്പെടുന്ന ഖത്മുല്‍ ബുര്‍ദ മജ്ലിസ് തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.

കൂടാതെ ദിവസവും ആയിരങ്ങള്‍ പങ്കുചേരുന്ന ഇഫ്താര്‍ സംഗമങ്ങള്‍ നടക്കും. യാത്രക്കാര്‍, പ്രദേശവാസികള്‍, ഹോസ്പിറ്റലുകളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി എല്ലാവര്‍ക്കും ഇത് ഏറെ സഹായകമാകും.

എല്ലാവര്‍ക്കും ഇസ്ലാമിക ജീവിത ശൈലി പരിശീലിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായകമാകുന്ന രീതിയിലാണ് റമസാനിലെ നോളജ് സിറ്റിയിലെ ഓരോ ദിനവും സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 4.15 ന് വിത്ര്‍ നമസ്‌കാരം, 4.45 തഹജ്ജുദ് നിസ്‌കാരം, 5.00 അദ്കാര്‍ സ്വബാഹ്, 5.40 മുസാഫഹത്ത്, 6.00 മശ്ഖുല്‍ ഖുര്‍ആന്‍, 6.20 വിര്‍ദുല്‍ ലത്വീഫ്, 6.30 ഖുര്‍ആന്‍ പാരായണ പഠന ക്ലാസ്, 6.45 തിലാവ, 7.00 ളുഹാ നിസ്‌കാരം, 1.15 നസ്വീഹ, 1.45 തിലാവ, 4.30 സൂറത്തുല്‍ വാഖിഅ, 4.40 തഫ്‌സീര്‍ പഠന ക്ലാസ്, 5.10 ദലാഇലുല്‍ ഖൈറാത്ത്, 6.10 വിര്‍ദുല്‍ ലത്വീഫ്, 6.25 ഇജാബ ദുആ മജ്ലിസ്, 7.00 സൂറത്തുല്‍ മുല്‍ക്ക്, 8.00 ഹദ്ദാദ്, 8.15 ഇശാ നിസ്‌കാരം, 8.30 തറാവീഹ്, 10.15 ഖസീദത്തുല്‍ വിത്രിയ്യ ജല്‍സ (സാഹത്തുല്‍ ബൂസൂരി) എന്നിങ്ങനെയാണ് ഒരു ദിനം തയാറാക്കിയിരിക്കുന്നത്.

റമസാന്‍ പതിനേഴാം രാവില്‍ നടക്കുന്ന ബദ്ര്‍ ആത്മീയ സമ്മേളനത്തിനായി 313 അംഗ സ്വാഗത സംഘം രൂപവത്കരിച്ചിട്ടുണ്ട്. നോളജ് സിറ്റിയിലെ റമസാന്‍ പദ്ധതികളെ കുറിച്ച് അറിയാനും രജിസ്‌ട്രേഷനുമായി +91 7510600606, +91 7034600606 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.