Connect with us

Kozhikode

മര്‍കസ് സനദ് ദാന സമ്മേളനം വ്യാഴാഴ്ച

548 മതപണ്ഡിതരും ഖുര്‍ആന്‍ മനപ്പാഠമാക്കിയ 82 ഹാഫിളുകളും സനദ് സ്വീകരിക്കും

Published

|

Last Updated

കോഴിക്കോട് | ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ മര്‍കസിന്റെ 48-ാം വാര്‍ഷികവും സനദ് ദാന പൊതു സമ്മേളനവും വ്യാഴാഴ്ച (ഫെബ്രുവരി അഞ്ച്) കാരന്തൂരിലെ സെന്‍ട്രല്‍ ക്യാമ്പസില്‍ നടക്കും. വിദ്യാഭ്യാസ-സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ 50-ാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുന്ന മര്‍കസില്‍ നിന്നും ഇത്തവണ 548 മതപണ്ഡിതരും ഖുര്‍ആന്‍ മനപ്പാഠമാക്കിയ 82 ഹാഫിളുകളുമാണ് സനദ് സ്വീകരിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതല്‍ മര്‍കസില്‍ നാല് വേദികളിലായി വിവിധ വൈജ്ഞാനിക പരിപാടികള്‍ നടക്കും. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പതിന് പണ്ഡിത സംഗമവും 11 ന് ദസ്തര്‍ബന്ദിയും ഉച്ചക്ക് ഒന്നിന് ഫ്യൂച്ചര്‍ കേരള സമ്മിറ്റും രണ്ടിന് സഖാഫി പ്രതിനിധി സംഗമവും നടക്കും. കാമില്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് യുവ സംരംഭകത്വ സംഗമവും രണ്ടിന് പ്രവാസി സമ്മിറ്റുമുണ്ടാകും. ബുഖാരി ഹാളില്‍ സഖാഫി ശൂറ കൗണ്‍സില്‍ നടക്കും.

പണ്ഡിത സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സമസ്ത മുശാവറ അംഗം അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഫ്യുച്ചര്‍ കേരള സമ്മിറ്റ് കേരള വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പി ടി എ റഹീം എം എല്‍ എ, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, പി മോഹനന്‍, കെ മുരളീധരന്‍, മുസ്തഫ പി എറയ്ക്കല്‍ സംസാരിക്കും. യുവ സംരംഭകത്വ സംഗമത്തില്‍ കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള നവ സംരംഭകരുമായി മന്ത്രി പി രാജീവും മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും സംവദിക്കും.

ഉച്ചക്ക് രണ്ടിന് നടക്കുന്ന സഖാഫി പ്രതിനിധി സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അലിഗഢ് മുസ്‌ലിം സര്‍വകലാശാലാ നിയമ വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ. ഷാനവാസ് അഹ്മദ് മാലിക്ക് മുഖ്യാതിഥിയാവും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ആമിര്‍ യൂസുഫ്, ഡോ. ഇമ്രാന്‍ അഹ്മദ്, ഡോ. ബശാറത്ത് ഹസന്‍ പ്രസംഗിക്കും.

വൈകിട്ട് നാലിന് സമസ്ത വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സനദ്ദാനത്തിനും ഖത്മുല്‍ ബുഖാരിക്കും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ശേഷം സനദ് ദാന പ്രഭാഷണവും നിര്‍വഹിക്കും. ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി ചാന്‍സിലര്‍ മെസ്സേജും റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി വിഷനറി ടോക്കും നടത്തും.

മര്‍കസ് 50-ാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ സര്‍ഹിന്ദില്‍ ആരംഭിച്ച ഇമാം റബ്ബാനി ഇന്റേ്രഗറ്റഡ് ക്യാമ്പസ് ഫെബ്രുവരി 12 ന് രാജ്യത്തിന് സമര്‍പ്പിക്കും. ഭിന്നശേഷി ക്ഷേമം, ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഭവന പദ്ധതി, തൊഴില്‍ ദാനം എന്നീ മേഖലകളിലെ 50 കോടിയുടെ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും സമ്മേളനത്തില്‍ നടക്കും.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. അബൂബക്കര്‍ പ്രഭാഷണം നടത്തും. മുംബൈ റാസ അക്കാദമി സ്ഥാപകനും പ്രസിഡന്റുമായ മൗലാനാ മുഹമ്മദ് സഈദ് നൂരി, സമസ്ത ട്രഷറര്‍ പിടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കെപി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫല്‍ ഫൈസി തെന്നല, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സി പി ഉബൈദുല്ല സഖാഫി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും സുന്നി പ്രാസ്ഥാനിക നേതാക്കളും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സി മുഹമ്മദ് ഫൈസി (ഡയറക്ടര്‍ ജനറല്‍, മര്‍കസ്), സിപി ഉബൈദുല്ല സഖാഫി (ഡയറക്ടര്‍-മര്‍കസ്, ദേശീയ പ്രസിഡന്റ്-എസ് എസ് എഫ് ഇന്ത്യ), കെ കെ ശമീം (ജോയിന്റ് ഡയറക്ടര്‍, മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്) പങ്കെടുത്തു.