National
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈനയുടെ ഭൂപടം; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധി
ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നുണയാണെന്ന് വര്‍ഷങ്ങളായി ഞാന്‍ പറയുന്നുണ്ട്

ന്യൂഡല്‍ഹി | ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു
ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നുണയാണെന്ന് വര്‍ഷങ്ങളായി ഞാന്‍ പറയുന്നുണ്ട്. ചൈന അതിക്രമിച്ചുകയറിയെന്ന് ലഡാക്കിന് മുഴുവന്‍ അറിയാം. ഈ ഭൂപട വിഷയം വളരെ ഗൗരവമുള്ളതാണ്. അവര്‍ ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കണം- രാഹുല്‍ ഗാന്ധി പറഞ്ഞു.
അരുണാചല്‍ പ്രദേശ്, അക്‌സായി ചിന്‍ മേഖല, തായ്വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ചൈന ‘സ്റ്റാന്‍ഡേര്‍ഡ് മാപ്പിന്റെ’ പുതിയ പതിപ്പ് പുറത്തിറക്കിയിത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതില്‍ പ്രതിഷേധിക്കുകയും ചൈനയുടെ ഈ നടപടികള്‍ അതിര്‍ത്തി പ്രശ്ന പരിഹാരം സങ്കീര്‍ണ്ണമാക്കുകയാണെന്നും പ്രതികരിച്ചു.
അതേസമയം അടുത്തയാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.