Kerala
മനോഹരന്റെ കസ്റ്റഡി മരണം: എസ് ഐക്ക് സസ്‌പെന്‍ഷന്‍, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ഹില്‍പാലസ് എസ് ഐ. ജിമ്മി ജോസിനെതിരെയാണ് നടപടി.

കൊച്ചി | എറണാകുളം തൃപ്പൂണിത്തുറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഹില്‍പാലസ് എസ് ഐ. ജിമ്മി ജോസിനെതിരെയാണ് നടപടി. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
പോലീസ് അതിക്രമത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. പ്രതിഷേധക്കാരെ പോലീസ് കമ്മീഷണര്‍ ചര്‍ച്ചക്കു വിളിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വച്ച് മരിക്കുകയായിരുന്നു. മനോഹരന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും കുഴഞ്ഞുവീണാണ് മരണമെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, പോലീസ് മര്‍ദനം കാരണമാണ് മനോഹരന്‍ മരണപ്പെട്ടതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മനോഹരന്റെ മുഖത്ത് പോലീസുദ്യോഗസ്ഥന്‍ കൈ കൊണ്ട് ശക്തമായി അടിച്ചതായി ദൃക്സാക്ഷി വെളിപ്പെടുത്തി. വാഹനം ഒതുക്കി നിര്‍ത്തിയ ശേഷവും പോലീസ് മുഖത്തടിച്ചു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.