National
സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു നേരെ ആക്രമണ ശ്രമം
ദ്രുതകര്‍മ സേന ഇടപെട്ട് ശ്രമം വിഫലമാക്കി. ജനക്കൂട്ടത്തിനെതിരായ സൈനിക നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ട്ടുണ്ട്.

ഇംഫാല്‍ | മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ സ്വകാര്യ വസതി ആക്രമിക്കാന്‍ 400 പേരോളം വരുന്ന സംഘം ശ്രമം നടത്തി. ദ്രുതകര്‍മ സേന ഇടപെട്ട് ശ്രമം വിഫലമാക്കി. കണ്ണീര്‍വാതകം പ്രയോഗിച്ചതോടെയാണ് ജനക്കൂട്ടം പിന്മാറിയത്. സൈനിക നടപടിയില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ട്ടുണ്ട്.
ഇന്ന് രാത്രിയോടെയാണ് സംഭവം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹെയിന്‍ഗാങ് പ്രദേശത്തുള്ള പരമ്പരാഗത ഭവനത്തിനു നേരെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ഇവിടെ ആള്‍താമസമില്ല. ബിരേന്‍ സിങ് നിലവില്‍ ഔദ്യോഗിക വസതിയിലാണ് കഴിയുന്നത്.
വീടിനു മുമ്പിലെത്തിയ അക്രമി സംഘത്തെ 100 മീറ്റര്‍ അകലെ വച്ച് സുരക്ഷാ സേന തടയുകയായിരുന്നുവെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.