Connect with us

articles

മണിപ്പൂർ ഉയർത്തുന്ന ചോദ്യങ്ങൾ

മണിപ്പൂരിലെ കലാപങ്ങളിൽ വലിയൊരു ശതമാനവും മതങ്ങൾ കേന്ദ്രീകരിച്ചായിരുന്നില്ല നടന്നത്. മറിച്ച്, ഗോത്രങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളായിരുന്നു മൂലകാരണം. എന്നാൽ ഇപ്പോഴത്തെ അക്രമ പ്രവർത്തനങ്ങളിൽ മതം പ്രധാന ഘടകമായി വരുന്നുണ്ട്. ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയും ആ ഭിന്നിപ്പിലേക്ക് അപരമതവിദ്വേഷം പ്രചരിപ്പിക്കുകയും അതിനെ രാഷ്ട്രീയലാഭം കൊയ്യാനുള്ള തന്ത്രമായി രൂപപ്പെടുത്തുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.

Published

|

Last Updated

മണിപ്പൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര സമൂഹങ്ങളിൽ പോലും ചർച്ചയാകുന്നുണ്ട്. അഭ്യന്തര വിഷയമാണെന്ന് വിശേഷിപ്പിച്ച് രാജ്യത്തിന് പുറത്തുനിന്നുള്ള ഇടപെടലുകളെ പ്രതിരോധിക്കാമെങ്കിലും ജനാധിപത്യ ആകുലതകളെ നമുക്ക് കണക്കിലെടുക്കാതിരിക്കാനാകില്ല. ജനാധിപത്യ രാജ്യമെന്ന നിലയിൽ ആഗോളജനാധിപത്യ രാജ്യങ്ങളുടെ നിലപാടുകൾ നമുക്ക് പൂർണമായും തള്ളിക്കളയാനുമാകില്ല.

മുൻകാലത്തെ മണിപ്പൂർ പ്രശ്‌നങ്ങളുടെ ചരിത്രത്തെയും ഇപ്പോഴുണ്ടായ കലാപത്തെയും കൂട്ടിക്കെട്ടുന്നതിൽ കഴമ്പില്ലെന്ന് തോന്നുന്നു. സ്വതന്ത്ര ഇന്ത്യയിൽ 1949ൽ ലയിച്ചിരുന്നെങ്കിലും 23 വർഷങ്ങൾക്ക് ശേഷം 1972ലാണ് മണിപ്പൂർ എന്ന സംസ്ഥാനം രൂപവത്കൃതമാകുന്നത്. ഇന്ത്യയുമായി ലയിക്കുന്നതിൽ മെയ്‌തേയ് വിഭാഗത്തിന് അന്നേ എതിർപ്പുകളുണ്ടായിരുന്നു. ബംഗ്ലാദേശ് പോലെ സ്വന്തമായൊരു രാജ്യം രൂപവത്കരിക്കലായിരുന്നു അവരുടെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തിൽ 1964ൽ യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് എന്ന പാർട്ടിയും ശേഷം റെവല്യൂഷനറി ഗവണ്മെന്റ് ഓഫ് മണിപ്പൂർ സംഘടനയും ഉണ്ടായി. റെവല്യൂഷനറി ഗവണ്മെന്റ് ഓഫ് മണിപ്പൂർ ഒരു സായുധ സംഘടനയായിരുന്നു. ഈ സംഘടന എൻ ബിശേശ്വർ സിംഗിന്റെ നേതൃത്വത്തിൽ നക്്‌സലിസവുമായി ബന്ധം സ്ഥാപിച്ച് 1978ൽ പീപ്പിൾ ലിബറേഷൻ ആർമിയുണ്ടാക്കി.

അതോടെ തീവ്ര നിലപാടുകൾ സ്വീകരിക്കുകയും അങ്ങിങ്ങായി അക്രമങ്ങൾ സംഘടനയുടെ കീഴിൽ നടക്കുകയും ചെയ്തു. മണിപ്പൂരിൽ വിവിധ ഗോത്രങ്ങൾക്കിടയിൽ നിരന്തരമായി സായുധ സംഘട്ടനങ്ങൾ അരങ്ങേറിയിരുന്നു. ഇടക്കിടെ ഉണ്ടാകുന്ന ആസ്വാരസ്യങ്ങളുടെയും സംഘർഷങ്ങളുടെയും തുടർച്ചയായിട്ടാണ് 1958ൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്‌പെഷ്യൽ പവേഴ്‌സ് ആക്ട് (എ എഫ് എസ് പി എ-1958) അടിച്ചേൽപ്പിച്ചത്. പലയിടങ്ങളിലായി ഈ നിയമം ദുരുപയോഗം ചെയ്ത് കലാപങ്ങളിൽ സൈന്യം പക്ഷപാതപരമായ സമീപനം സ്വീകരിക്കുകയും പ്രത്യേക വിഭാഗത്തിന് പിന്തുണ നൽകിയതായും ആരോപിക്കപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളുടെ ആരംഭത്തിൽ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തൊട്ടു പിന്നാലെ 1993ൽ മുസ്‌ലിംകളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് വലിയൊരു കലാപം അരങ്ങേറുകയും നൂറിലേറെ പേർക്ക് ജീവഹാനി നേരിടേണ്ടി വരികയും ചെയ്തു. ഇത് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട കലാപങ്ങളിലൊന്നായി മാറി. ഇങ്ങനെ ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യാത്തതും, പുറംലോകമറിയാത്തതുമായ കലാപങ്ങൾ മണിപ്പൂരിന്റെ ചരിത്രത്തിൽ ഒരുപാടുണ്ട്.

ഇവിടെയെല്ലാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മണിപ്പൂരിലെ കലാപങ്ങളിൽ വലിയൊരു ശതമാനവും മതങ്ങൾ കേന്ദ്രീകരിച്ചായിരുന്നില്ല നടന്നത്. മറിച്ച്, ഗോത്രങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളായിരുന്നു മൂലകാരണം. എന്നാൽ ഇപ്പോഴത്തെ അക്രമ പ്രവർത്തനങ്ങളിൽ മതമൊരു പ്രധാന ഘടകമായി വരുന്നുണ്ട് എന്നുകാണാം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ മതപരമായ ധ്രുവീകരണം ശക്തമായിട്ടുണ്ട്. ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയും ആ ഭിന്നിപ്പിലേക്ക് അപരമതവിദ്വേഷം പ്രചരിപ്പിക്കുകയും അതിനെ രാഷ്ട്രീയലാഭം കൊയ്യാനുള്ള തന്ത്രമായി രൂപപ്പെടുത്തുകയും ചെയ്ത രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടുണ്ട്. റിപോർട്ടുകൾ പ്രകാരം കലാപം നടന്ന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ 121 ക്രൈസ്തവ ദേവാലങ്ങളാണ് ആക്രമിക്കപ്പെട്ടത്. അവയിൽ 76 ദേവാലയങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു. പിന്നീടും ഒട്ടനവധി ക്രൈസ്തവ ദേവാലങ്ങൾ തകർത്തു. ഇതിൽ മെയ്‌തേയ് വിഭാഗക്കാരുടെ പള്ളികളുമുൾപ്പെടുന്നു. ആദ്യമിതൊരു ഗോത്രകലാപമായാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നത്. പിന്നീട് കലാപത്തിന്റെ ലക്ഷ്യം പ്രത്യേക മതമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഗൗരവം ജനമറിയുന്നത്.

മണിപ്പൂരിനെ ഭൂമിശാസ്ത്രപരമായി രണ്ടായി തരം തിരിക്കാം. മലമ്പ്രദേശങ്ങളും താഴ്‌വരകളും. ഭൂമിയുടെ തൊണ്ണൂറ് ശതമാനവും മലമ്പ്രദേശങ്ങളാണ്. ശേഷിക്കുന്ന പത്ത് ശതമാനം താഴ്‌വരയും. മണിപ്പൂർ ജനസംഖ്യയുടെ 35 ശതമാനം ഈ മലമ്പ്രദേശങ്ങളിൽ കഴിയുന്നു. പത്ത് ശതമാനം വരുന്ന താഴ്‌വരയിലാണ് 65 ശതമാനം ജനങ്ങളും ജീവിക്കുന്നത്. 60 നിയമസഭാ സീറ്റുകളിൽ 40ഉം ഈ മേഖലയിലാണ്. മെയ്‌തേയ് വിഭാഗമാണ് ഇവിടെ അധികവും. മണിപ്പൂരി ഭാഷയെ പ്രതിനിധീകരിക്കുന്നവരാണവർ. മലമ്പ്രദേശത്ത് അധികവും കുക്കികളാണ്.
മലമ്പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഭരണഘടന അനുവദിക്കുന്ന സവിശേഷ പരിഗണ (scheduledt ribal) നയിലേക്ക് മെയ്‌തേയ് വിഭാഗത്തെയും ഉൾപ്പെടുത്തലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദേശമായിരുന്നു പുതിയ സംഘർഷങ്ങളുടെ അടിസ്ഥാന കാരണം. കാലങ്ങളായി മലമ്പ്രദേശങ്ങളിൽ സർവേ നടത്തി ചില വനപ്രദേശങ്ങളെ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച് കുക്കികൾ ഭൂരിപക്ഷമുള്ള മേഖലകളിൽ കുടിയിറക്കപ്പെടുകയും മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. മലമ്പ്രദേശ ജനതയിൽ ഈ നീക്കം സംശയമുണ്ടാക്കി. കോടതി എന്തു പറഞ്ഞു എന്നതല്ല. അതിനെ തത്പര കക്ഷികൾ എങ്ങനെ ഉപയോഗപ്പെടുത്തി എന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. കുക്കികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഒരു നടപടിയുമുണ്ടായില്ല. ഇത് നേരത്തേയുള്ള അന്യവത്കരണം ശക്തമാകാൻ കാരണമായി.

മണിപ്പൂരടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഭ്യന്താരാഷ്ട്രീയം എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന രീതിയിലാണ്. തദ്ദേശീയരായ ഗോത്രങ്ങളും അഭയാർഥികളായി വന്ന് വർഷങ്ങളോളം വസിക്കുന്നവർക്കിടയിലുമാണ് സംഘർഷങ്ങൾ മിക്കതുമുണ്ടാകുന്നത്. ബംഗ്ലാദേശ്, മ്യാന്മർ എന്നീ രാജ്യങ്ങളുമായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്നത്. ബംഗ്ലാദേശ് വിഭജന സമയത്ത് ബംഗ്ലാദേശിലെ ഗോത്രങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അഭയാർഥികളായി കുടിയേറിയിരുന്നു. അന്ന് ഇന്ദിരാഗാന്ധി ഭരണകൂടം അഭയാർഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് അഭയം നൽകി.

2021ൽ മ്യാന്മറിൽ നടന്ന സൈനിക ആട്ടിമറിക്ക് ശേഷം കുക്കി ഗോത്രമായും മിസോ ഗോത്രമായും ബന്ധം പുലർത്തിയിരുന്ന ചിൻ സമുദായത്തിലെ അതിദുർബലർ മണിപ്പൂരടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. മ്യാന്മറിലെ മിലിട്ടറി ജുണ്ടാ ഭരണത്തെ പിന്തുണച്ച് ആ രാജ്യത്തെ കൽക്കരി, തുറമുഖം, വൈദ്യുതി ആധിപത്യമുറപ്പിക്കാനുള്ള അദാനി താത്പര്യങ്ങൾക്ക് വിഘാതമാകുമെന്ന് കരുതി ചിൻ ജനതക്ക് അഭയം നൽകുന്നതിനെ കുറിച്ച് മോദി സർക്കാർ ചിന്തിക്കുക പോലും ചെയ്തില്ല. ഗോത്രങ്ങൾ അനധികൃതരായാണ് കുടിയേറിയതെന്ന് ആരോപിച്ച് ഭരണകൂടത്തിന്റെയും നിയമ പാലകരുടെയും മൗനം മുതലെടുത്ത് ഒരു മത വിഭാഗത്തെ ആസൂത്രിതമായി അടിച്ചമർത്തി ക്കൊണ്ടിരിക്കുകയാണ്.
ആസൂത്രിതമായി എന്നു പറയാൻ പ്രധാനമായും മൂന്ന് അനുമാനങ്ങളാനുള്ളത്. ഒന്ന്, മതകലാപം സൃഷ്ടിക്കാൻ കലാപത്തിന്റെ ദിവസങ്ങൾക്ക് മുമ്പ് രാമനന്ദ എന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര വക്താവ് വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തി. രണ്ട്, മണിപ്പൂരിൽ കലാപം നടക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് 2023 ഫെബ്രുവരി 14 ചുരാചാന്ദ്പൂർ ജില്ലാ മജിസ്ട്രേറ്റ് ജനങ്ങളോട് അവരുടെ ലൈസൻസുള്ള തോക്കുകൾ മാർച്ച് ഒന്നിന് മുമ്പ് പോലീസിനെ ഏൽപ്പിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ചുരാചാന്ദ്പൂരിൽ ചിൻ, കുക്കി, മിസോ, സോമി വിഭാഗക്കാരാണധികവും. മെയ് 29ന് പോലീസ് സേനയുടെ ആയുധപ്പുരയിൽ നിന്ന് അയ്യായിരത്തോളം തോക്കുകളും അമ്പതിനായിരത്തോളം ബുള്ളറ്റുകളും കവർച്ച ചെയ്യപ്പെട്ടു എന്നതാണ് മൂന്നാമത്തെ കാരണം. ഇതെല്ലാം യാദൃച്ഛികമായി ഒത്തുവന്നതാണോ? ആക്രമികളുടെ കൈവശം തോക്കുകൾ അനിയന്ത്രിതമായി എത്തുമ്പോൾ നിയമവാഴ്ച അസ്ഥിരപ്പെടും. ആക്രമണം രൂക്ഷമാകും, നിയമപാലകർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്തവിധം സാമൂഹിക വ്യവസ്ഥ ദുർബലപ്പെടും. ഇതാണിന്ന് മണിപ്പൂരിൽ സംഭവിച്ചത്. പെട്ടെന്ന് കലാപത്തെ അടിച്ചമർത്താൻ ഉദ്ദേശിച്ചാൽ പോലും സാധിക്കാത്ത നില. മണിപ്പൂർ കേവലമൊരു അഭ്യന്തര രാഷ്ട്രീയ പ്രശ്‌നമല്ല. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടുകിടക്കുന്നതു കൂടിയാണ്. അതിന് ചില കാരണങ്ങളുമുണ്ട്. മറ്റ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് മണിപ്പൂരടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. ചൈനയുമായും ഈ പ്രദേശങ്ങൾക്ക് ബന്ധമുണ്ട്. അതിർത്തി പങ്കിടുന്ന മേഖലയിൽ കൃത്യമായി നയങ്ങൾ ആവിഷ്‌കരിക്കുകയും അതിൽ വ്യക്തമായ നിലപാടെടുക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനക്ക് ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ സവിശേഷ ശ്രദ്ധയുണ്ടെന്ന് ആരും പറയാതെ തന്നെ നമുക്ക് അറിയുന്നതാണ്. ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ ചൈനയുടെ സൈനിക താവളങ്ങൾ പ്രത്യക്ഷപ്പെട്ടതും ഏത് ലക്ഷ്യത്തിനാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആക്രമണമോ അധിനിവേശമോ എപ്പോൾ വേണമെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഭയപ്പെടേണ്ടതാണ്. ആ തരത്തിലുള്ള നയതന്ത്രങ്ങളാണ് രാഷ്ട്രീയമായും ചൈന നടപ്പാക്കുന്നത്. മണിപ്പൂരിലെ തദ്ദേശീയർക്ക് ചൈന കാലങ്ങൾക്ക് മുമ്പ് തന്നെ വിസാ സൗകര്യം ഏർപ്പെടുത്തി ഗതാഗതം സുതാര്യമാക്കിയതാണ്. ചൈനയുമായി തദ്ദേശീയ ജനത കൂടുതൽ അടുപ്പം പുലർത്താൻ ഈ നടപടി ഗുണം ചെയ്യും. അതിനിടക്ക് നടക്കുന്ന ഇത്തരം കലാപങ്ങൾ ചെറിയ അക്രമ സംഘങ്ങളുടെ കടന്നുവരവിന് സൗകര്യമൊരുക്കിയേക്കാം. ഇന്ത്യൻ അതിർത്തിക്കുള്ളിൽ പുറംശക്തികൾക്ക് കയറിക്കളിക്കാനുള്ള അവസരമായി മാറിയാൽ മണിപ്പൂർ വിചാരിക്കുന്നതിലധികം പ്രശ്‌നകലുഷിതമാകുമെന്ന് മനസ്സിലാക്കി രാഷ്ട്രീയ പരിഹാരം ഉടനടിയുണ്ടാകേണ്ടത് സുരക്ഷയുടെ കൂടി താത്പര്യമാണ്.

ഇപ്പറഞ്ഞതും കേന്ദ്ര, സംസ്ഥാന അധികാരം കൈയാളുന്ന ബി ജെ പി പറയുന്നതും ഒന്നല്ല. അവർ പറയുന്നത് മണിപ്പൂരിലെ സംഘർഷം പുറത്ത് നിന്നുള്ളവർ സൃഷ്ടിക്കുന്നുവെന്നാണ്. ഇത് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റമാണ്. ബി ജെ പിയുടെ വർഗീയ അജൻഡയാണ് സത്യത്തിൽ പ്രശ്‌നം ഇത്ര രൂക്ഷമാക്കിയത്. ഇപ്പോഴും അണയാത്ത കനലായി മണിപ്പൂർ തുടരുന്നത് വൈദേശിക ശക്തികൾക്ക് അവസരം നൽകലാണെന്ന് തിരിച്ചറിഞ്ഞുള്ള പരിഹാരമാണ് വേണ്ടത്. കേവല രാഷ്ട്രീയ നേട്ടത്തിനായി മനുഷ്യരെ ഇങ്ങനെ തല്ലിച്ചാകാൻ വിടരുത്. വംശീയതയും ക്രിസ്ത്യൻ മിഷനറി പ്രവർത്തനവും വൈദേശിക ഇടപെടലും ഉയർത്തിക്കാട്ടുന്നതുകൊണ്ടൊന്നും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ പിടിപ്പുകേട് മറുച്ചുവെക്കാനാകില്ല.