Connect with us

Articles

മണിപ്പൂര്‍: കലാപം വഴിമാറുകയാണോ?

അക്രമത്തിനിരയായവര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയിരുന്നത് മണിപ്പൂരിലെ മുസ്‌ലിംകള്‍ ആയിരുന്നു. കാരണം മെയ്‌തെയ്കള്‍ താമസിക്കുന്ന വഴികളിലൂടെ കുകികളെയും കുകികള്‍ താമസിക്കുന്ന വഴികളിലൂടെ മെയ്‌തെയ്കളെയും സഞ്ചരിക്കാന്‍ ഇരുകൂട്ടരും അനുവദിച്ചിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങി എത്തിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് മുസ്‌ലിംകളായിരുന്നു. എന്നാല്‍ അപ്പോഴും മണിപ്പൂരിലെ മുസ്‌ലിംകള്‍ ഭയത്തിന്റെ നിഴലിലായിരുന്നു.

Published

|

Last Updated

ഒരു ഇടവേളക്ക് ശേഷം മണിപ്പൂരില്‍ കലാപം വീണ്ടും ശക്തിപ്പെടുകയാണ്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 107 കിലോമീറ്റര്‍ അകലെയുള്ള ചവാംഗ്ഫായി പ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ സൈനികരും പോലീസുകാരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുകി തീവ്രവാദികളാണ് അക്രമത്തിനു പിന്നിലെന്ന് ആരോപിക്ക പ്പെടുന്നു. ഇതിനു പിന്നാലെ മെയ്‌തെയ്കള്‍ ആധുനിക ആയുധങ്ങളുമായി സൈനിക വേഷത്തില്‍ നഗരത്തില്‍ പരേഡ് നടത്തുകയുണ്ടായി. സൈനികര്‍ക്കു നേരേ നടന്ന വെടിവെപ്പിനു പിന്നില്‍ അതിര്‍ത്തിക്കപ്പുറമുള്ളവരാണെന്ന് മുഖ്യമന്ത്രി ബിരേന്ദ്ര സിംഗ് ആരോപിച്ചു. ഡിസംബര്‍ 30നും ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിക്ക് സമീപമുള്ള മോറെ പട്ടണത്തില്‍ സുരക്ഷാ സേനക്കു നേരേ വെടിവെപ്പ് നടന്നിരുന്നു. ഡിസംബര്‍ നാലിന് തെംഗ്നൗപാല്‍ ജില്ലയില്‍ നടന്ന തീവ്രവാദി അക്രമത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

ആറ് മാസം നീണ്ടുനിന്ന മണിപ്പൂര്‍ കലാപത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇടക്കുണ്ടായ ശാന്തതക്കു ശേഷം അക്രമികള്‍ മണിപ്പൂരില്‍ ചോരയുടെ കഥ വീണ്ടും രചിക്കുകയാണ്. കഴിഞ്ഞ മാസം ആദ്യം മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയില്‍ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരും കൊല്ലപ്പെട്ടത് ഹാരോഥേലിനു സമീപം വെച്ചായിരുന്നു. പുതു വര്‍ഷ ദിനത്തിലും വെടിവെപ്പുണ്ടായി.
കഴിഞ്ഞ മാസങ്ങളില്‍ കുകികളും (ക്രിസ്ത്യന്‍) മെയ്‌തെയ്കളും (ഹിന്ദു) തമ്മിലായിരുന്നു കലാപമെങ്കില്‍ പുതുവര്‍ഷ ദിനമായ തിങ്കളാഴ്ച തലസ്ഥാന നഗരമായ ഇംഫാലില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള തൗബാല്‍ ജില്ലയിലെ ലിലോംഗില്‍ നാല് പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് കലാപത്തിന്റെ ദിശ മാറ്റാനുള്ള തീരുമാനമായി കാണേണ്ടിവരും. പോലീസ് വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ സംഘം നടത്തിയ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. മുന്‍കരുതലിന്റെ ഭാഗമായി തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അക്രമം രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. നാല് പേര്‍ കൊല്ലപ്പെട്ടത് പണം കൊള്ളയടിക്കുന്നതിനിടയിലാണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമ റിപോര്‍ട്ടുകളെ നിരാകരിക്കുന്നതാണ്. കൊല്ലപ്പെട്ടവര്‍ അജ്ഞാതരാണ് എന്നും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ മരിച്ച നാല് പേരും പ്രദേശവാസികളായ മുസ്‌ലിംകളാണ് എന്ന വസ്തുത പുറത്തു വന്നിട്ടുണ്ട്. എം ഡി ദൗലത്ത് (30), എം സിറാജുദ്ദീന്‍ (50), ആസാദ് ഖാന്‍ (40), ഹുസൈന്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്യുന്നു.

മണിപ്പൂരിലെ മുസ്‌ലിംകള്‍ അറിയപ്പെടുന്നത് മെയ്തെയ് പംഗല്‍സ് എന്നാണ്. കുകികളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകളും വസ്തുവകകളും തീയിട്ട് നശിപ്പിക്കുകയും സ്ത്രീകള്‍ അക്രമത്തിനിരയാകുകയും ചെയ്തിരുന്നു. അക്രമത്തിനിരയായവര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയിരുന്നത് മണിപ്പൂരിലെ മുസ്‌ലിംകള്‍ (മെയ്‌തെയ് പംഗല്‍സ്) ആയിരുന്നു. കാരണം മെയ്‌തെയ്കള്‍ താമസിക്കുന്ന വഴികളിലൂടെ കുകികളെയും കുകികള്‍ താമസിക്കുന്ന വഴികളിലൂടെ മെയ്‌തെയ്കളെയും സഞ്ചരിക്കാന്‍ ഇരുകൂട്ടരും അനുവദിച്ചിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങി എത്തിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് മുസ്‌ലിംകളായിരുന്നു. എന്നാല്‍ അപ്പോഴും മണിപ്പൂരിലെ മുസ്‌ലിംകള്‍ ഭയത്തിന്റെ നിഴലിലായിരുന്നു. കലാപ കാലത്ത് ക്വാക്ത പട്ടണത്തില്‍ മൂന്ന് മെയ്‌തെയ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കൊലയാളികള്‍ കുകികള്‍ ആണെന്നാണ് കേസ്. എന്നാല്‍ കൊലയാളികളെ മുസ്‌ലിംകള്‍ സഹായിച്ചുവെന്ന ആരോപണം മെയ്‌തെയ്കള്‍ ഉന്നയിക്കുകയുണ്ടായി.

മെയ്‌തെയ്കള്‍ ഭൂരിപക്ഷമുള്ള ബിഷ്ണുപൂര്‍ ജില്ലക്കും കുകികള്‍ക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂര്‍ ജില്ലക്കും മധ്യത്തിലുള്ള ജില്ലയാണ് ക്വാക്ത. ഇവിടെ ഭൂരിപക്ഷം മുസ്‌ലിംകളാണ്. രണ്ട് കുകി യുവതികളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിലും മുസ്‌ലിംകള്‍ ആരോപണം നേരിടുകയുണ്ടായി. പ്രസ്തുത യുവതികളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം ചര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മുസ്‌ലിംകളാണെന്നായിരുന്നു പ്രചാരണം. തെറ്റായ ഈ വാര്‍ത്ത ആദ്യം റിപോര്‍ട്ട് ചെയ്തത് എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയാണ്. പിന്നീട് അവര്‍ വാര്‍ത്ത തിരുത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് ചില മുസ്‌ലിം കുടുംബങ്ങള്‍ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിച്ചു. മണിപ്പൂരിലെ മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെയ്‌തെയ് പംഗല്‍സിന്റെ സംയുക്ത സംഘടനയായ യു എം പി സി കഴിഞ്ഞ ആഗസ്റ്റില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരെ സന്ദര്‍ശിച്ച് നിവേദനം നല്‍കുകയുണ്ടായി. മെയ് മൂന്നിന് മണിപ്പൂരില്‍ വര്‍ഗീയ സംഘട്ടനം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, സംസ്ഥാനത്തെ പംഗല്‍സ് മുസ്‌ലിംകള്‍ ‘യുനൈറ്റഡ് മെയ്‌തെയ് പംഗല്‍ കമ്മിറ്റി’ (UMPC) മണിപ്പൂര്‍ എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിക്കുകയുണ്ടായി. നേരത്തേയുണ്ടായിരുന്ന സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് യു എം പി സി. രാഷ്ട്രപതിയെയും മറ്റും സന്ദര്‍ശിച്ച് നിവേദനം നല്‍കിയത് ഈ സംഘടനയുടെ ഭാരവാഹികളാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒമ്പത് ശതമാനം മുസ്‌ലിംകളാണ്. തിങ്കളാഴ്ച നാല് പേര്‍ കൊല്ലപ്പെട്ട തൗബാല്‍ ജില്ല മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇതുപോലെ മുസ്‌ലിം ഭൂരിപക്ഷമുള്ള നാലോ അഞ്ചോ ജില്ലകള്‍ മണിപ്പൂരില്‍ ഉണ്ട്.

മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു ജില്ല ക്വാക്തയാണ്. കഴിഞ്ഞ കലാപ കാലത്ത് ഇവിടുത്തെ മസ്ജിദുകള്‍ കലാപകാരികളായ മെയ്‌തെയ്കളും പോലീസും ബലമായി പിടിച്ചെടുത്ത് ബങ്കറുകളാക്കുകയുണ്ടായി. പ്രദേശവാസികളായ മുസ്‌ലിംകള്‍ സംഭവത്തില്‍ എതിര്‍പ്പ് അറിയിച്ചുവെങ്കിലും ആരും ചെവികൊണ്ടില്ല. മെയ്‌തെയ്കളില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് പലപ്പോഴായി ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

1993ല്‍ തൗബാല്‍ ജില്ലയില്‍ മെയ്‌തെയ്കള്‍ നടത്തിയ അക്രമത്തില്‍ നൂറിലേറെ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയുണ്ടായി. ഈ വര്‍ഷാരംഭത്തില്‍ തൗബാലിലുണ്ടായ അക്രമത്തെ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും അധികൃതര്‍ ഗൗരവമായി കാണുന്നത് മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്.

മുസ്‌ലിംകള്‍ മണിപ്പൂരില്‍ താമസം തുടങ്ങിയത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിലെ സില്‍ഹെറ്റ് മേഖലയില്‍ നിന്നുള്ള മുസ്‌ലിം സൈനികരായിരുന്നു ആദ്യ താമസക്കാര്‍. മണിപ്പൂരിലെ അന്നത്തെ രാജാവായ ഖഗെംബ അവരെ സ്വന്തം സേനയില്‍ ഉള്‍പ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടില്‍ ബര്‍മയുടെ കടന്നു കയറ്റത്തെ ചെറുത്തു തോല്‍പ്പിച്ച് ഖഗെംബ രാജാവിനെ രക്ഷപ്പെടുത്തിയത് മുസ്‌ലിം സൈനികരായിരുന്നു. മണിപ്പൂരിന്റെ അന്നത്തെ പേര് കംഗ്ലീപാക് എന്നാണ്. അറുപതംഗ മണിപ്പൂര്‍ നിയമസഭാ അംഗങ്ങളില്‍ മൂന്ന് പേര്‍ മുസ്‌ലിംകളാണ്.

Latest