Connect with us

International

മാലദ്വീപിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റു

ഇന്ന് പുലര്‍ച്ചെ നഗരത്തിലെ വഴിയില്‍വച്ചാണ് ഹുസൈന്‍ ഷമീമിനുനേരെ ആക്രമണമുണ്ടായത്

Published

|

Last Updated

മാലെ| മാലദ്വീപിലെ മുന്‍ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റതായി റിപ്പോര്‍ട്ട്. പ്രോസിക്യൂട്ടര്‍ ജനറലിന് കുത്തേറ്റതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുലര്‍ച്ചെ നഗരത്തിലെ വഴിയില്‍വച്ചാണ് ഹുസൈന്‍ ഷമീമിനുനേരെ ആക്രമണമുണ്ടായത്. ഷമീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പരുക്ക് ഗുരുതരമല്ലെന്നും പ്രോസിക്യൂട്ടര്‍ ഓഫിസ് ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്ത് മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ ജനറലാണ് ഹുസൈന്‍ ഷമീം. നിലവിലെ പ്രതിപക്ഷമാണ് എംഡിപി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ എംഡിപി അടുത്തിടെ ആരംഭിച്ചിരുന്നു. മുഹമ്മദ് മുയിസിന്റെ ചൈന അനുകൂല നിലപാടിനെതിരെ വന്‍ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപ് തലസ്ഥാനമായ മാലെയില്‍ നങ്കൂരമിട്ടത് വന്‍ വിവാദമായിരുന്നു. പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനം പാര്‍ലമെന്റില്‍ ബഹളത്തിലാണ് കലാശിച്ചത്.

ഞായറാഴ്ച പാര്‍ലമെന്റില്‍ മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് മുഹമ്മദ് മുയിസു വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ ഭരണപ്രതിപക്ഷ എംപിമാര്‍ തമ്മിലടിച്ചിരുന്നു. വോട്ടെടുപ്പിനു തൊട്ടുമുന്‍പായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭരണപക്ഷത്തുള്ള പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി), മാലദ്വീപ് പ്രോഗ്രസീവ് പാര്‍ട്ടി (പിപിഎം) എന്നീ പാര്‍ട്ടി അംഗങ്ങളും മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. 22 മന്ത്രിമാരില്‍ നാല്‌ പേരുടെ നിയമനം പിന്‍വലിക്കണമെന്ന് എംഡിപി ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനു കാരണം.

 

 

 

Latest