Kozhikode
മഹ്ഫസതുല്‍ ഖുര്‍ആന്‍; ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ പഠനാരംഭം കുറിച്ചു
കാന്തപുരം ഉസ്താദ് നവാഗതര്‍ക്ക് മുസ്ഹഫുകള്‍ സമ്മാനിച്ചു.

ജാമിഉല്‍ ഫുതൂഹില്‍ ആരംഭിച്ച മഹ്ഫസതുല്‍ ഖുര്‍ആനില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുസ്ഹഫ് സമ്മാനിക്കുന്നു.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ ആത്മീയ അന്തരീക്ഷത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാന്‍ അവസരമൊരുക്കുന്ന മഹ്ഫസതുല്‍ ഖുര്‍ആനിലെ ആദ്യബാച്ച് പഠനാരംഭം കുറിച്ചു. സി ബി എസ് ഇ പഠനത്തോടൊപ്പം വിശാലമായ സൗകര്യങ്ങളോടെയും പ്രീമിയം താമസ-ഭക്ഷണ സൗകര്യത്തോടെയുമാണ് വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ അവസരമൊരുക്കുന്നത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നവാഗത വിദ്യാര്‍ഥികള്‍ക്ക് മുസ്ഹഫുകള്‍ സമ്മാനിച്ചു. ഖുര്‍ആന്‍ പഠനവും പാരായണവും നിര്‍ബന്ധ കാര്യമാണ്. അതിനെ സജീവമാക്കാനും കൂടുതല്‍ അവസരം തുറക്കാനുമായുള്ള സംവിധാനമാണ് മഹ്ഫസതുല്‍ ഖുര്‍ആനിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അബൂശമ്മാസ് മൗലവി കോട്ടയം, ഇബ്റാഹീം സഖാഫി താത്തൂര്‍, ഹാഫിസ് മുഹമ്മദ്് അബൂബക്കര്‍ സഖാഫി പന്നൂര്‍ പ്രസംഗിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, അഡ്വ. തന്‍വീര്‍ ഉമര്‍, ഖാരിഅ് ഹനീഫ സഖാഫി, ഹാഫിസ് ശമീര്‍ അസ്ഹരി സംബന്ധിച്ചു.
ലോകപ്രശസ്ത ഖാരിഉകളുടെയും പണ്ഡിതരുടെയും സെഷനുകള്‍ മഹ്ഫസതുല്‍ ഖുര്‍ആനില്‍ പഠിതാക്കള്‍ക്ക് ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള പഠനസൗകര്യങ്ങളും ഉന്നത നിലവാരമുള്ള സി ബി എസ് ഇ സ്‌കൂള്‍ പഠനവും കൂടാതെ, ശുചിത്വമുള്ള ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും സ്ഥാപനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിലെ ഖുര്‍ആന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കും വിധം ഖുര്‍ആന്‍ പാരായണ ശാസ്ത്രവും മനോഹരമായ പാരായണ ശൈലി പരിശീലനവും നിരന്തര മൂല്യനിര്‍ണയ സംവിധാനവും ഖുര്‍ആനിക് ലൈഫ് സ്റ്റൈല്‍ കോച്ചിംഗും ഈ സ്ഥാപനത്തിന്റെ പ്രധാന സവിശേഷതകളാണ്. നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ‘മഹ്ഫസതുല്‍ ഖുര്‍ആനി’ല്‍ പ്രവേശനം നേടാന്‍ അവസരം നല്‍കുന്നത്.
ജാമിഉല്‍ ഫുതൂഹില്‍ ആരംഭിച്ച മഹ്ഫസതുല്‍ ഖുര്‍ആനില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുസ്ഹഫ് സമ്മാനിക്കുന്നു.