National
മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
എബക്‌സ് ചെയര്‍മാന്‍ വികാസ് ഗാര്‍ഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി | മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ എബക്‌സ് ചെയര്‍മാന്‍ വികാസ് ഗാര്‍ഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഗാര്‍ഗിനെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന്, അന്വേഷണം നടക്കുന്ന ഛത്തീസ്ഗഢിലെ റായ്പൂരിലേക്ക് കൊണ്ടുപോകുന്നതിനായി ഏജന്‍സിക്ക് കോടതി 24 മണിക്കൂര്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചു.
ഗാര്‍ഗ്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ സ്ഥാപനങ്ങള്‍ എന്നിവയുടെ 940.77 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ ഡി താല്‍ക്കാലികമായി കണ്ടുകെട്ടിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ അറസ്റ്റ്. കണ്ടുകെട്ടിയ ആസ്തികളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍, ഭൂമി, ഇക്വിറ്റി ഓഹരികള്‍, മറ്റ് സെക്യൂരിറ്റികള്‍ എന്നിവ ഉള്‍പ്പെടുന്നു.
നിയമവിരുദ്ധമായ ബെറ്റിംഗ് ആപ്പിലൂടെ ഉണ്ടാക്കിയ വരുമാനം ഈ സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും പിന്നീട് ഒന്നിലധികം കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ പല ഘട്ടങ്ങളായി കൈമാറ്റം ചെയ്യുകയും ചെയ്തതായാണ് ഏജന്‍സി ആരോപിക്കുന്നത്. ”ഈ ഫണ്ടുകള്‍ ഓഹരികളും സെക്യൂരിറ്റികളും മറ്റ് ആസ്തികളും വാങ്ങാന്‍ ഉപയോഗിച്ചതായാണ് ആരോപണം. # അന്വേഷണത്തിനിടയില്‍, നിയമവിരുദ്ധമായ ബെറ്റിംഗിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന പണം ഉപയോഗിച്ച് എരായ ലൈഫ്‌സ്‌പേസസ് ലിമിറ്റഡ് വഴി വികാസ് ഗാര്‍ഗ് എബക്‌സ്‌കാഷില്‍ # 64% ഓഹരികള്‍ സ്വന്തമാക്കിയതായി ഇ.ഡി കണ്ടെത്തി. ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെയും കൂടാതെ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് നിരവധി എഫ്.ഐ.ആറുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങളിലാണ് നിയമവിരുദ്ധ ഓണ്‍ലൈന്‍ ബെറ്റിംഗ് പ്ലാറ്റ്ഫോമുകളുടെ ഓപ്പറേറ്റര്‍മാര്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
Content Highlights: The ED arrested Ebix chairman Vikas Garg in connection with the Mahadev betting app case. The court granted 24-hour transit remand to take him to Raipur. This follows the seizure of assets worth 940.77 crore rupees linked to him and his firms used for laundering.



