Kerala
മദ്യപിച്ച് വാഹനമോടിച്ചതിന് 2936 പേര്‍ക്കെതിരെ കേസ്; 662 പേരുടെ ലൈസന്‍സ് റദ്ദാക്കും
കേരള പോലീസിന്റെ ട്രാഫിക്ക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 'ഡ്രൈവ് സോബര്‍ - സ്റ്റേ എലൈവ്' എന്ന പേരില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 67,979 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
പത്തനംതിട്ട | റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനുമായി കേരള പോലീസിന്റെ ട്രാഫിക്ക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ‘ഡ്രൈവ് സോബര്‍ – സ്റ്റേ എലൈവ്’ എന്ന പേരില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 67,979 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച 2936 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 662 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
2026 ജൂലൈ എട്ട് മുതല്‍ 13 വരെയുള്ള കാലയളവിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നതിനും അപകടമരണങ്ങള്‍ക്കും ഒരു പ്രധാന കാരണമാണ്. മാത്രമല്ല ഇതിലുടെ എല്ലാ യാത്രക്കാര്‍ക്കും ഗുരുതരമായ അപകടസാധ്യതയും സൃഷ്ടിക്കുന്നു.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളിലും നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക്ക് നോഡല്‍ ഓഫീസര്‍മാര്‍, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’വാട്‌സ്ആപ്പ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
Content Highlights: Kerala Police inspected 67,979 vehicles during the Drive Sober – Stay Alive special drive. Officers registered 2,936 drunk driving cases and recommended cancelling 662 licenses. Citizens can report traffic violations via the Shubhayatra WhatsApp number.



