Connect with us

lulu group

സാങ്കേതിക രംഗത്തെ പുതിയ പ്രവണതകള്‍ അനിവാര്യമെന്ന് എം എ യൂസഫലി

റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

റിയാദ് | നിര്‍മ്മിത ബുദ്ധിയിലേതുള്‍പ്പെടെ ആധുനിക സാങ്കേതിക മേഖലയില്‍ പുതിയ പ്രവണതകള്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് മാത്രമേ ഭാവിയില്‍ വിജയിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡാനന്തര വാണിജ്യ വ്യവസായ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ ഏറ്റവും മികച്ച ഉല്പന്നങ്ങളും സേവനങ്ങളുമാണ് ആഗ്രഹിക്കുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യകത. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയിലേക്ക് ലുലു ഗ്രൂപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഇ- കോമേഴ്‌സ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി കൂടുതല്‍ ഡാര്‍ക്ക് സ്റ്റോറുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യകരമായ ഉല്പന്നങ്ങള്‍ക്ക് കൊവിഡ് കാലത്ത് വന്‍ ആവശ്യകതയാണ് ഉപഭോക്താക്കളില്‍ നിന്നുണ്ടാകുന്നതെനും യൂസഫലി കൂട്ടിച്ചേര്‍ത്തു.

സഊദി ബിന്‍ ദാവൂദ് ഹോള്‍ഡിംഗ് ചീഫ് എക്‌സിക്യൂട്ടിവ് അഹമ്മദ് ബിന്‍ ദാവുദ്, അല്‍ ഷായ ഗ്രുപ്പ് സി ഇ ഒ ജോണ്‍ ഹാഡണ്‍, നൂണ്‍ സി ഇ ഒ ഫറാസ് ഖാലിദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അറബ് നെറ്റ് സി ഇ ഒ ഒമര്‍ ക്രിസ്റ്റിദിസ് മോഡറേറ്ററായിരുന്നു.

സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രമുഖരാണ് പങ്കെടുക്കുന്നത്. സഊദിയിലെ നിക്ഷേപവും കൊവിഡാനന്തര വെല്ലുവിളികളും ചര്‍ച്ചയാകും. ഈ മാസം 28 വരെ നടക്കുന്ന സമ്മേളനത്തില്‍ അയ്യായിരത്തിലേറെ പേര്‍ റിയാദ് റിറ്റ്സ് കാള്‍ട്ടണില്‍ നടക്കുന്ന വേദിയിലെത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലയിലാകും പ്രധാന ചര്‍ച്ച. വിവിധ പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. സഊദിയിലെ പ്രധാന ടൂറിസം മേഖലയിലെ മാറ്റങ്ങളുടെ പ്രഖ്യാപനവും നടത്തും. ആഗോള നിക്ഷേപകരെ സഊദിയിലെത്തിക്കാന്‍ സഊദി കിരീടാവകാശി രൂപം നല്‍കിയതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്.