Connect with us

Ongoing News

പ്രവാസത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി എം എ യൂസഫലി; യു എ ഇ പ്രസിഡന്റുമായി പ്രത്യേക കൂടിക്കാഴ്ച

ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബര്‍ 26ന് ദുംറ എന്ന കപ്പലില്‍ യാത്ര ചെയ്താണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസഫലി 31ന് ദുബൈയിലെത്തിയത്.

Published

|

Last Updated

അബൂദബി | പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ യൂസഫലി എന്ന എം എ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന്റെ ആ വലിയ യാത്രക്ക് ഇന്നേക്ക് 50 വര്‍ഷം തികയുകയാണ്. പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്.

ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബര്‍ 26ന് പുറപ്പെട്ട് 31ന് ദുബൈ റാഷിദ് തുറമുഖത്തെത്തിയത് ഉള്‍പ്പെടെയുള്ള ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്‌പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബൂദബിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തത്. ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്.

അന്ന് ബോംബെയില്‍ നിന്ന് ആറു ദിവസം ദുംറ എന്ന കപ്പലില്‍ യാത്ര ചെയ്താണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസഫലി ദുബൈയിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പല്‍ യാത്രയെപ്പറ്റിയും അദ്ദേഹം യു എ ഇ പ്രസിഡന്റിന് വിശദീകരിച്ചു കൊടുത്തു.

വാണിജ്യ വ്യവസായ സാമൂഹിക സേവനരംഗത്ത് നല്‍കിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നല്‍കിയ പത്മശ്രീ, യു എ ഇ യുടെ ഉന്നത ബഹുമതിയായ അബൂദബി അവാര്‍ഡ്, ബഹ്‌റൈന്‍ സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഓഫ് ബഹ്‌റൈന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുള്‍പ്പെടും.

അബൂദബി ചേംബറിന്റെ വൈസ് ചെയര്‍മാനായി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നാമനിര്‍ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം. തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമര്‍പ്പണത്തോടെയും അബൂദബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വര്‍ഷം പിന്നിടുമ്പോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍ നിന്നുള്ള 69,000ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പന്‍ സ്ഥാപനത്തിന്റെ മേധാവിയായി യൂസഫലി മാറിയതിന്റെ ചരിത്രം കുറിച്ചത്. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ അല്‍ നഹ്യാന്‍, അബൂദബി പടിഞ്ഞാറന്‍ മേഖലാ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും സംബന്ധിച്ചു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest