Connect with us

supplyco medical store

നഷ്ടത്തിലായവ മാറ്റി സ്ഥാപിക്കും; കൂടുതൽ മെഡിക്കൽ സ്‌റ്റോറുകൾ തുറക്കാനൊരുങ്ങി സപ്ലൈകോ

വടക്കൻ ജില്ലകളിൽ കൂടുതൽ സ്‌റ്റോറുകൾ വേണമെന്ന് ആവശ്യം

Published

|

Last Updated

കൊച്ചി | ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണപ്രദമാകുന്ന രീതിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും മെഡിക്കൽ സ്‌റ്റോറുകൾ തുറക്കാൻ സപ്ലൈകോ ഒരുങ്ങുന്നു. നിലവിൽ ലാഭകരമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്‌റ്റോറുകൾ മാറ്റി സ്ഥാപിക്കാനും റേഷൻകടകളുടെ മാതൃകയിൽ എല്ലാമെഡിക്കൽ സ്റ്റോറുകൾക്കും ഏകീകൃത രൂപമുണ്ടാക്കാനുമുള്ള നടപടികൾക്കും തുടക്കമിട്ടു. സ്വകാര്യമേഖലയിലെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാകുമെന്നതിനാൽ സാധാരണക്കാർക്ക് ഏറ്റവുമധികം ഉപകാരപ്രദമാകുന്ന സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.

കൂടുതൽ വിലക്കിഴിവിൽ മരുന്നുകൾ ലഭ്യമായിത്തുടങ്ങിയതോടെ നിലവിൽ മെഡിക്കൽ സ്റ്റോറുകൾ കുറഞ്ഞ കോഴിക്കോട്, പാലക്കാട് മേഖലക്ക് കീഴിലെ ഏഴ് ജില്ലകളിൽ സ്റ്റോറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും ശക്തമായിരുന്നു. നിലവിൽ സംസ്ഥാനത്ത് 96 സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളാണുള്ളത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലായി 79 മെഡിക്കൽ സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്.

തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ 17 മെഡിക്കൽ സ്റ്റോറുകൾ മാത്രമാണുള്ളത്. തിരുവനന്തപുരം- 20, കൊല്ലം- പത്ത്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 18, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 31 സ്റ്റോറുകളാണുള്ളത്. പാലക്കാട്- നാല്, തൃശൂർ- മൂന്ന്, മലപ്പുറം- രണ്ട്, കാസർകോട്-ഒന്ന്, കോഴിക്കോട്- അഞ്ച്, കണ്ണൂർ- രണ്ട് എന്നിങ്ങനെയാണ് മെഡിക്കൽ സ്റ്റോറുകളുള്ളത്.

വയനാട് ജില്ലയിൽ ഇതുവരെസപ്ലൈകോ മെഡിക്കൽ സ്റ്റോർ തുറന്നിട്ടില്ല. തിരുവനന്തപുരം ഉൾപ്പെടെ പലയിടത്തും സൂപ്പർമാർക്കറ്റിനോട് ചേർന്നാണ് മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നതെന്നതിനാൽ ഇവിടെയെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം തീരെ കുറഞ്ഞത് കനത്ത നഷ്ടത്തിനിടയാക്കിയിരുന്നു. ലാഭമോ നഷ്ടമോ ഇല്ലാതെ പോകണമെങ്കിൽ ഒരു മെഡിക്കൽ സ്റ്റോറിന് പ്രതിമാസം 3.5 ലക്ഷംരൂപ വരുമാനമെങ്കിലും ഉണ്ടാകണമെന്നാണ് കണക്ക്. എന്നാൽ, പലയിടത്തും വരുമാനം കുത്തനെ കുറഞ്ഞത് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയിരുന്നു.

സ്വകാര്യ മേഖലയിൽ ആയിരക്കണക്കിന് മെഡിക്കൽ സ്റ്റോറുകൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ നഷ്ടക്കണക്കുമായി സർക്കാറിന് ബാധ്യതയായിത്തീർന്നിരുന്നത്. എറണാകുളം ജില്ലയിലെ സ്റ്റോറുകളിലാണ് കനത്ത നഷ്ടമുണ്ടാക്കിയിരുന്നത്.

നഷ്ടത്തിലുള്ളവ അടച്ചു പൂട്ടണമെന്ന് സപ്ലൈകോയുടെ മെഡിക്കൽ വ്യാപാരത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റി നിർദേശിച്ചിരുന്നുവെങ്കിലും പിന്നീട് ഇവയെ ജനങ്ങൾക്ക് ഗുണപ്രദമാകുന്ന ഇടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 12 മെഡിക്കൽ സ്റ്റോറുകളെങ്കിലും മാറ്റി സ്ഥാപിക്കാനാണ് ആലോചിച്ചിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പമാണ് പുതുതായി സ്റ്റോറുകൾ തുടങ്ങാനുള്ള സാധ്യത തേടുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest