Connect with us

Kerala

കാര്‍ നിര്‍ത്താതിരുന്നത് ഭയന്നു പോയതിനാല്‍; പോലീസിന് മുന്നില്‍ ഹാജരാകും; മണിയന്‍പിള്ള രാജു

സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം|വഴുതക്കാടുണ്ടായ അപകടത്തില്‍ പ്രതികരിച്ച് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു. അപകടത്തെ തുടര്‍ന്ന് പേടിച്ച് പോയെന്നും, അതുകൊണ്ടാണ്  കാര്‍ നിര്‍ത്താതെ പോയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ കാറില്‍ വന്നിടിക്കുകയായിരുന്നു. ഇന്നു രാവിലെ പോലീസ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിക്കുമെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കി.

സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. മണിയന്‍ പിള്ള രാജു രാവിലെ 9.30 ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകും. കെഎല്‍ 01 സി ജെ 04 എന്ന കാറാണ് അപകടമുണ്ടാക്കിയത്. മണിയന്‍ പിള്ള രാജു തന്നെയാണ് കാര്‍ ഓടിച്ചതെന്നും അപകടമുണ്ടാക്കിയ ശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു.

തിരുവനന്തപുരം വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്‌ട്രേഷന്‍ രേഖ. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പോലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിവേദിതിന് കാലുകള്‍ക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

---- facebook comment plugin here -----

Latest