Connect with us

Kerala

ലോകായുക്ത ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ നാളെ പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | വിവാദ ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പരിശോധിക്കും. വിഷയത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ലക്ഷദ്വീപ് സന്ദര്‍ശനത്തിലായിരുന്ന ഗവര്‍ണര്‍ ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മുദ്രവെച്ച കവറിലായിരുന്നു വിശദീകരണം സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയിരുന്നത്. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നത് സബന്ധിച്ച് ഗവര്‍ണര്‍ നിലപാടെടുക്കുക. തൃപ്തികരമല്ലെങ്കില്‍ ഒപ്പുവെക്കാതെ തിരിച്ചയക്കും. സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായം പരിശോധിച്ചായിരിക്കും ഗവര്‍ണരുടെ തുടര്‍നടപടികള്‍. ഇതിനാല്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാറിന് ഏറെ നിര്‍ണായകമാകും. നിയമ ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ആറ് പ്രധാന കാര്യങ്ങളാണ് വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. നിലവിലെ ലോകായുക്താ നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ രേഖാമൂലം നല്‍കിയത്. നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന നിലപാടും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തിലുണ്ട്. ഭരണഘടനയിലെ 164 അനുഛേദത്തിലേക്ക് കടന്നു കയറുന്നതാണ് ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് എന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഗവര്‍ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം വിശദീകരണം ആരാഞ്ഞുകൊണ്ട് പ്രതിപക്ഷം നല്‍കിയ നിവേദനത്തിന്റെയും കത്തിന്റെയും പകര്‍പ്പുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചിരുന്നു. ഇതിന്റെ വിശദീകരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഗവര്‍ണര്‍ക്ക് നല്‍കിയത്.