Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്; 70 ശതമാനത്തിലേക്ക്
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അഗസ്ത്യ വനത്തിലെ പൊടിയം ഉന്നതിയിലെ കമ്മ്യൂണിറ്റി സെന്ററിൽ വോട്ട് ചെയ്ത് മടങ്ങുന്നവർ
തിരുവനന്തപുരം| സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിലും മൊത്തം പോളിംഗ് ശതമാനം 70 ശതമാനത്തോട് അടുത്ത് എത്തി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഏഴ് ജില്ലകളിലെ മൊത്തം പോളിംഗ് ശതമാനം ശരാശരി 69.46% ആണ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്തും (73.09%) ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ് (65.65%).
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം:
| ജില്ല | ആകെ വോട്ടർമാർ |
പോൾ ചെയ്ത വോട്ടുകൾ |
പോളിംഗ് ശതമാനം |
| എറണാകുളം | 26,67,746 | 19,49,915 | 73.09% |
| ആലപ്പുഴ | 18,02,555 | 13,06,911 | 72.5% |
| കൊല്ലം | 22,71,343 | 15,67,329 | 69% |
| ഇടുക്കി | 9,12,133 | 6,37,412 | 69.88% |
| കോട്ടയം | 16,41,176 | 11,39,523 | 69.43% |
| പത്തനംതിട്ട | 10,62,756 | 6,98,825 | 65.76% |
| തിരുവനന്തപുരം | 29,26,080 | 19,20,980 | 65.65% |
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. മോക് പോളിംഗിനുശേഷം രാവിലെ ഏഴു മണിക്കുതന്നെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ തന്നെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെഎസ് ശബരീനാഥന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ വോട്ട് ചെയ്യാനെത്തി.
മന്ത്രിമാരായ വി.ശിവൻകുട്ടി, സജിചെറിയാൻ, പി.രാജീവ്,ചിഞ്ചുറാണി, ഗണേഷ് കുമാർ,പി.പ്രസാദ്, വി.എൻ.വാസവൻ,കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ,വീണജോർജ്, ഉൾപ്പെടെയുള്ള മന്ത്രിമാര്‍ തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും വോട്ട് രേഖപ്പെടുത്തി. കേരളത്തിലെത്തിയശേഷമുള്ള ഗവർണറുടെ ആദ്യവോട്ടായിരുന്നു. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും. 13-ന് രാവിലെ വോട്ടെണ്ണും.




