Connect with us

feature

മുളംതണ്ടിനുള്ളിലെ ജീവിതങ്ങൾ

പഴയ വസ്തുക്കളായ മുറം, വട്ടി, കുട്ട തുടങ്ങിയവയൊക്കെ പ്ലാസ്റ്റിക്കിലേക്കും മറ്റും ചുവട് മാറിയതോടെ ഗ്രാമീണ മേഖലയിലെ ഇത്തരം കുടിലുത്പന്നങ്ങളുടെ സാധ്യത മങ്ങിയിട്ടുണ്ട്.

Published

|

Last Updated

കേരളത്തിന്റെ പരമ്പരാഗത തൊഴിൽ മേഖലയിൽ വളരെയേറെ പ്രസക്തിയുണ്ടായിരുന്ന രണ്ട് പുല്ലിനങ്ങളാണ് ഈറ്റയും മുളയും. ആദ്യകാലങ്ങളിൽ കാർഷിക ആവശ്യങ്ങൾക്കാവശ്യമായ വട്ടി, മുറം, കുട്ട, പത്തായം, പനമ്പ്, മീൻ കുട്ട, മത്തി കുട്ട, മാങ്ങ കുട്ട തുടങ്ങിയ പല ഉത്പന്നങ്ങളും ഈറയും മുളയും ഉപയോഗിച്ച് നിർമിച്ചിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇവ നെയ്യുന്നവരും ഇതു വഴി ഉപജീവനം നയിക്കുന്നവരുമുണ്ടായിരുന്നു.

ഈറ്റ വണ്ണം കുറവും കാഠിന്യം കുറഞ്ഞതുമാണ്. എന്നാൽ, മുള വണ്ണമുള്ളതും കാഠിന്യമുള്ളതുമാണ്. അതുകൊണ്ടുതന്നെ പഴയ കാലങ്ങളിൽ വീട് നിർമിക്കാൻ മുള ഉപയോഗിച്ചിരുന്നു. ഇന്ന് കാണുന്ന ഒട്ടുമിക്ക നാടൻ കലാരൂപങ്ങളുടെയും ഉപകരണങ്ങൾ നിർമിച്ചിരുന്നത് മുള കൊണ്ടായിരുന്നു. ഉത്സവങ്ങളിലെ കാള, കുതിര, തേര് , തെയ്യങ്ങളുടെ വേഷങ്ങളിൽ ഉയർന്ന് നിൽക്കുന്ന അലങ്കാരങ്ങൾ, തേര് മുടി, വട്ടമുടി തുടങ്ങിയവയൊക്കെ തന്നെ മുളകൊണ്ടുള്ള നിർമാണമാണ്. ഈറ്റ, മുള എന്നിവയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും നിർമിക്കുന്ന വ്യത്യസ്ത ഉത്പന്നങ്ങളുടെയെല്ലാം നിർമിതി തുല്യമാണ്. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും സമാനതകളുള്ളതാണ്.

ആദ്യകാലങ്ങളിൽ കൃഷി, ഉത്സവം, സദ്യ എന്നിവയുമായി ബന്ധപ്പെട്ടാണ് കുട്ട, മുറം, പനമ്പ്, കൂട എന്നിവ നിർമിച്ചിരുന്നത്. ഉത്സവങ്ങളിൽ പറ നിറയ്ക്കാൻ ഇന്നും ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള മുറമാണ്. ആദ്യകാലങ്ങളിൽ ധാന്യങ്ങൾ കരുതിവെക്കാനും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സാധനങ്ങൾ കയറ്റി തലച്ചുമടായി കൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന വസ്തുവാണ് വട്ടി. ഇതുപോലെ മീൻ, മാങ്ങ എന്നിവ കയറ്റിക്കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്നതും വലിയ വട്ടികളാണ്.

ആദ്യകാലങ്ങളിൽ ഓലക്കുട, കുണ്ടൻ കുട എന്നിവയുടെ ആകൃതി നിർമിച്ചിരുന്നതും മുളയിൽ നിന്നാണ്. ഉമിക്കരി കൊട്ട, ഉപ്പ് കൊട്ട, കുട്ടികളെ ഉറക്കാനായി തൊട്ടിൽ എന്നിവയും ഈറ്റയും മുളയും ഉപയോഗിച്ച് നിർമിച്ചിരുന്നു.

നിത്യോപയോഗ സാധനങ്ങളിൽ നിന്നും മാറി പിന്നീട് ഈറ്റ മുള ഉത്പന്നങ്ങൾ വെറ്റിലയും മാങ്ങയുമൊക്കെ പാക്ക് ചെയ്യാനായി വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കിത്തുടങ്ങിയതോടെ കേരളത്തിന്റെ പല ഭാഗങ്ങളിലും നിരവധി ആളുകൾ കുട്ട നെയ്ത്ത് നിർമാണത്തിൽ ഏർപ്പെട്ടു. പല സ്ഥലങ്ങളിലും തമ്പടിച്ച് അന്ന് നൂറ് കണക്കിന് ആളുകൾ ഇവയുടെ നിർമാണത്തിലൂടെ വരുമാനം കണ്ടെത്തി. വിവിധ ഇടങ്ങളിലേക്ക് വെറ്റിലയും മാങ്ങയുമൊക്കെ അന്ന് കയറ്റി അയക്കപ്പെട്ടിരുന്നു.

മലപ്പുറത്തെ തിരൂർ അതിന്റെ ഒരു കേന്ദ്രമായിരുന്നു. ഇവിടെ നിന്നുള്ള പല വ്യക്തികളും പല നാടുകളിൽ പോയി അവിടുത്തെ ഇത്തരം തൊഴിലാളികളെ സംഘടിപ്പിച്ച് അവർക്ക് ഈറ്റയും മുളയും എത്തിച്ച് കുട്ട നെയ്യിക്കുകയായിരുന്നു പതിവ്. ഇടക്ക് വൃക്ഷങ്ങളെ പരിപാലിക്കാനുള്ള കൂടയും ഇത്തരത്തിൽ വ്യാവസായികമായി ഉണ്ടാക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം മേഖലകളിൽ ബാംബു കോർപറേഷൻ വഴിയും സ്വകാര്യ മുതലാളിമാർ വഴിയുമായിരുന്നു ആവശ്യത്തിന് ഈറ്റ ലഭിച്ചിരുന്നത്. തൃശ്ശൂർ മേഖലകളിലും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാൽ വയനാട് മേഖലകളിൽ കാടിനെ ആശ്രയിച്ചും സ്വകാര്യ സംരംഭകരെ ആശ്രയിച്ചുമായിരുന്നു കുടിൽ വ്യവസായവും മറ്റും മുന്നോട്ടുപോയത്. കുട്ടയുടെ സാധ്യതകൾ തെളിഞ്ഞതോടെ പല സ്ഥലങ്ങളിലും കുട്ടനെയ്ത്ത് സഹകരണ സംഘങ്ങൾ ഉണ്ടായി. ഇവയിൽ പലതിലും നിരവധി പേർ കുടുംബ സമേതം ഒരു കാലത്ത് പണിയെടുത്തിരുന്നു. ഇവർക്ക് ആവശ്യമായ ഈറ്റയും മുളയും മിതമായി നൽകാനായി കേരളത്തിൽ ബാംബൂ കോർപറേഷനും ഒപ്പം നിന്നു. ഇതിലൂടെ പുറത്തുവന്ന പനമ്പ് ഉത്പന്നമായ ബാംബൂ പ്ലേ ഒരു കാലത്ത് വിപണി കൈയടക്കിയിരുന്നു.

എന്നാൽ ബാംബൂ കോർപറേഷൻ പിന്നീട് ഈ മേഖലയിൽ നിന്ന് പുറകോട്ട് പോവുകയും ഇതിനെ ആശ്രയിച്ചിരുന്ന തൊഴിലാളികളൊക്കെ പ്രയാസത്തിലാകുകയും ചെയ്തിരുന്നു. ഇതോടൊപ്പം പല സഹകരണ സംഘങ്ങളും തകർന്നു. എന്നാൽ ഇന്നും നാമമാത്രമായ ചില ഇടങ്ങളിൽ സ്വകാര്യ വ്യക്തികൾ ഈറ്റയിറക്കി കുട്ടയും മറ്റും ഉണ്ടാക്കി വിൽപ്പന നടത്തുന്നു.
ഇന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമൊക്കെ ഈറ്റ, മുള എന്നിവ കൊണ്ടുള്ള പല ഉത്പന്നങ്ങളും നിർമിച്ച് വരുന്നു. ആരെയും ആകർഷിക്കുന്ന ആഭരണങ്ങൾ മുതൽ വിവിധ ഇനം അലങ്കാര വസ്തുക്കളും വീട്ടാവശ്യങ്ങൾക്കുള്ള വിവിധ ഉപകരണങ്ങളും കൂടാതെ വീടുകളുടെ നിർമാണം വരെ ഇന്ന് ഈറ്റ, മുള മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്നു.

മുൻകാലങ്ങളിൽ കത്തിയും വെട്ടുകത്തിയുമായിരുന്നു ആയുധങ്ങൾ. എന്നാലിന്ന് പലതിനും മെഷിനറികൾ വന്നു. ഒപ്പം തന്നെ ഈ മേഖലയിൽ മത്സരങ്ങളും വളർന്നു. ഇന്ന് പല ഗ്രാമങ്ങളിലും ഈറ്റയും മുളയും ഉപയോഗിച്ച് കൗതുകവസ്തുക്കളും മറ്റും ഉണ്ടാക്കുന്നവരുണ്ട്. ഇത്തരക്കാരെ സഹായിക്കാൻ ചില പദ്ധതികളും നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഈ രംഗം പ്രതീക്ഷക്ക് വകനൽകുന്നു. എന്നാൽ പഴയ വസ്തുക്കളായ മുറം, വട്ടി, കുട്ട തുടങ്ങിയവയൊക്കെ പ്ലാസ്റ്റിക്കിലേക്കും മറ്റും ചുവട് മാറിയതോടെ ഗ്രാമീണ മേഖലയിലെ ഇത്തരം കുടിലുത്പന്നങ്ങളുടെ സാധ്യത മങ്ങിയിട്ടുമുണ്ട്.

മുള ആചാരങ്ങളുടെ ഭാഗമായിരുന്ന ചില വിഭാഗക്കാരുടെ ഒരു പഴയ ചടങ്ങാണ് മരണാനന്തരമുണ്ടായിരുന്ന മഞ്ച നിർമാണവുമായി ബന്ധപ്പെട്ടത്. അതുപോലെ തന്നെ വിത്ത് കരുതി വെക്കുന്നതും മുളംതണ്ടിൽ വെള്ളം കരുതി വെക്കുന്നതുമൊക്കെ പണ്ട് കാലങ്ങളിൽ പതിവായിരുന്നു. ലോകത്ത് ഏറെ ശ്രദ്ധേയമായ ഒരു കലയായി ഇന്ന് മുള വാദ്യം മാറിയിരിക്കുന്നു. പലതരത്തിലുള്ള വ്യത്യസ്ത മുളകൾ പാകപ്പെടുത്തി സംഗീതത്തിന് ഉപയോഗിക്കുന്നതാണ് ഇതിന്റെ രീതി.

ആദ്യകാലങ്ങളിൽ വീടുകൾക്ക് വേലി ഒരുക്കിയിരുന്നതും, കൃഷിസംരക്ഷിക്കാനായി ഏറുമാടങ്ങൾ ഉണ്ടാക്കിയിരുന്നതും മുളകൾ കൊണ്ടാണ്. ജീവിത സാഹചര്യങ്ങൾ മാറിയതും, വരുമാനത്തിന് മാത്രം ഏറെ പ്രചാരം ലഭിക്കുകയും ചെയ്യുന്ന ഇക്കാലത്ത് യുവതി യുവാക്കളൊന്നും തന്നെ തൊഴിലിനായി ഈ മേഖല സ്വീകരിക്കാൻ തയ്യാറല്ല. എന്നാൽ അപൂർവം ചിലർ ഈ തൊഴിലിനെ ഇപ്പോഴും കൊണ്ടുനടക്കുന്നു. നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും ബദൽ സംവിധാനം ഒരുക്കാൻ മുള, ഈറ്റ ഉത്പന്നങ്ങൾക്ക് കഴിയും. അതുകൊണ്ടുതന്നെ ഒരു പ്രകൃതി ദത്ത ബദൽ സംസ്കാരം ഉയർത്തിക്കൊണ്ടുവരിക എന്നത് ഇന്നിന്റെ ആവശ്യകതയാണ്.

Latest