ആത്മായനം
മാലിന്യമകറ്റുക; മനസ്സിലെയും
വിഭവങ്ങളുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും ഉപയോഗത്തിലുമുള്ള അശ്രദ്ധയും സൂക്ഷ്‌മതക്കുറവുമാണ് മാലിന്യങ്ങൾ രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.കമ്പോളങ്ങളുടെ അടിക്കടിയുള്ള വ്യാപനത്തോടൊപ്പം വളരുന്ന ജനങ്ങളുടെ ഉപഭോഗ സംസ്കാരം മൂലം ഓരോ മനുഷ്യനും അത്യാവശ്യമുള്ളതും ആവശ്യമുള്ളതുമായ ഉത്പന്നങ്ങളിൽ കവിഞ്ഞ് വസ്തുക്കൾ വെറുതെ കൗതുകത്തിന് വാങ്ങി ഉപേക്ഷിക്കുന്ന പ്രവണതയേറി വരുന്നുണ്ട്.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ധാരുണമായി പൊലിഞ്ഞ ജീവൻ നമുക്കേറ്റ വലിയ പ്രഹരമാണ്. കോഴിക്കോട് കണ്ടംകുളത്തെ മാൻഹോൾ ദുരന്തത്തിന്റെ വേദനയും നമ്മുടെ ഉള്ളിൽ കുത്തുനോവായുണ്ട്. ഞ്ഞെളിയൻ പറമ്പിലെ മാലിന്യ പ്രശ്നങ്ങൾ തീരാ ശാപമായി പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇങ്ങനെ മാലിന്യകൂമ്പാരങ്ങൾക്കിടയിൽ കഴിഞ്ഞും വിശപ്പുക ശ്വസിച്ചും രോഗഗ്രസ്തരായി കഴിയുന്ന ജീവിതങ്ങൾ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ ദയനീയ കാഴ്ചയാണ്. ഈ ദുരന്തങ്ങൾ വരുത്തിവെക്കുന്നതിൽ പങ്കുകൊള്ളുന്നവർ എത്ര മാരകമായ അപരാധമാണല്ലേ ചെയ്യുന്നത്. കൊടും ക്രൂരതയാണത്. ശരിക്കുമൊന്നാലോചിക്കൂ ഈ ക്രൂരതയിൽ നമുക്കും പങ്കില്ലേ?
മാലിന്യ നിർമാർജന വിഷയത്തിൽ നമ്മളെത്ര മാത്രം ശ്രദ്ധാലുക്കളാണ്? മാലിന്യങ്ങൾ രൂപപ്പെടാതിരിക്കാൻ നമ്മളൊക്കെ എന്ത് മുൻകരുതലാണ് കൈക്കൊള്ളാറുള്ളത്? ഇനി ആരുടെയും കണ്ണീരിന് നമ്മൾ ഹേതുവാകാതിരിക്കാൻ അക്കാര്യം ഗൗരവത്തിലെടുത്തേ പറ്റൂ. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരം ശ്രദ്ധ അവന്റെ നിർബന്ധ ബാധ്യതയാണ്. വിശ്വാസത്തിന്റെ പാതി ആ ബോധത്തിലൂന്നിയതുമാണ്.
മതം വൃത്തിയുടെ മേൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ ശുദ്ധി പാലിക്കുക, വൃത്തി വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നു തുടങ്ങിയ നബി വചനങ്ങൾ ഇസ്്ലാമിന്റെ ശുചിത്വബോധത്തെ അടിവരയിടുന്നുണ്ട്. വ്യക്തിശുചിത്വത്തെയും പരിസര ശുചിത്വത്തെയും പ്രതിപാദിച്ചു കൊണ്ടാണ് ഇസ്്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിലേറിയതും ആരംഭിക്കുന്നത്.
ഭൂമി മുഴുക്കെ ആരാധനയുടെ ഇടമായും മണ്ണ് മുഴുക്കെ ശുദ്ധിയുള്ളതായും മനുഷ്യരെ ബോധ്യപ്പെടുത്തുന്ന പ്രവാചകവചനം പരിസര ശുചിത്വത്തെയും മാലിന്യങ്ങളുടെ ശ്രദ്ധാപൂർവമായ കൈകാര്യത്തെയും ഗൗരവത്തിൽ ബോധ്യപ്പെടുത്തുന്നുണ്ട്.
ഒരു സമൂഹത്തിന്റെ സംസ്കൃതിയും ജീവിത നിലവാരവും അളക്കുന്നതിന്റെ പ്രധാന മാപിനികളിലൊന്ന് അതത് സമൂഹങ്ങളുടെ മാലിന്യ നിർമാർജന- പൊതുമരാമത്ത് സംവിധാനങ്ങളാണ്. യുനെസ്കോയുടെ World heritage Convention റിപ്പോർട്ടിൽ ഇസ്്ലാമിക നാഗരികതയിൽ പന്തലിച്ച മൊറോക്കോയിലെ ഫെസ് നഗരത്തെ വിവരിച്ചതിൽ ശ്രദ്ധേയമായി എടുത്തുപറഞ്ഞത് അക്കാലത്തെ മനുഷ്യരുടെ നാഗരികബോധവും സംസ്കാരവും ഉൾക്കൊള്ളാൻ പാകത്തിൽ ക്രമപ്പെടുത്തിയ വൃത്തിയുള്ള നഗരമാണതെന്നതാണ്. ഇന്ന് മിക്ക നഗരങ്ങളുടെയും മുഖ്യ പ്രശ്നങ്ങളിലൊന്ന് മാലിന്യ സംസ്കരണത്തെ ചൊല്ലിയുള്ളതാണ്. വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശമുൾക്കൊണ്ട് 2014ൽ ഗാന്ധി ജയന്തിദിനത്തിൽ ആരംഭിച്ച സ്വഛ് ഭാരത് മിഷൻ എന്ന പദ്ധതി നടപ്പാക്കുന്നതിന് 62,000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. എന്നിട്ടും മാലിന്യമുക്തമാകാത്ത നഗരങ്ങളും ഗ്രാമങ്ങളും രാജ്യത്തിന്റെ തലവേദനയാണ്.
തലസ്ഥാനനഗരി പോലും രൂക്ഷമായ മാലിന്യ പ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു. പൗരന്മാരുടെ ബോധത്തിൽ മാറ്റമുണ്ടാകാതെ ഇങ്ങനെ ചെലവഴിക്കുന്ന പണമത്രയും വിഫലമായിരിക്കും. എങ്ങനെയാണ് ഈ മാലിന്യ കൂമ്പാരങ്ങൾ രൂപപ്പെട്ടത്?. സംസ്കരിക്കാനെന്ന പേരിൽ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും കൊണ്ടുപോയ ജൈവ – അജൈവ മാലിന്യങ്ങൾ സംസ്കരിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്തതാണിതിന് കാരണം എന്നു പറഞ്ഞ് ഭരണസമിതികളെ പഴിചാരിയതുകൊണ്ട് പ്രശ്നം തീരുമോ? ഇല്ല, മാലിന്യ സംസ്കരണമെന്നത് സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല. വീടും പരിസരവും നാടും നഗരവും വഴിയും പുഴയുമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്.
മാലിന്യ സംസ്കരണാവശ്യാർഥം സർക്കാർ സംവിധാനങ്ങൾ സ്ഥലം കണ്ടെത്തി നിർണയിച്ച ഇടങ്ങളിൽ മാത്രമല്ല മാലിന്യമുള്ളത്.
വെറുതെയൊന്ന് നഗരങ്ങളിലൂടെയും ഗ്രാമപാതകളിലൂടെയും ഇറങ്ങി നടന്നാൽ നിറയെ ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി കിടക്കുന്നത് കാണാനാകും. നേരം വെളുക്കുന്പോഴേക്ക് എത്ര തോടുകളിലും വഴിവക്കിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കപ്പെടുന്നത്. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമായി നാമോരുരുത്തരും സൃഷ്ടിക്കുന്നവയാണ് ഈ കാണുന്ന മാലിന്യങ്ങളെല്ലാം.ഇവയൊക്കെയാണ് ആമയിഴഞ്ചാൻ തോട്ടിൽ വെച്ച് ജോയി എന്ന സഹോദരന്റെ ജീവനെടുത്തതും.
നിങ്ങളെ ബാധിച്ച വിപത്തുകളത്രയും നിങ്ങളുടെ പ്രവർത്തന ഫലമായുണ്ടായതാണെന്ന ( സൂറ: ശൂറ 30) ബോധം ഉള്ളിൽ കയറിയവന് ഇത്തരം ക്രൂരതകളിൽ പങ്കാളിയാവാനാകില്ല.
മണ്ണും വെള്ളവും വായുവും തുടങ്ങി പ്രകൃതി വിഭവങ്ങൾ മലിനമാക്കുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ഒരു ഇടപെടലും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്നതാണ് ഇസ്്ലാമിക നിർദേശം. മാത്രമല്ല വാക്കാലോ പ്രവർത്തനത്താലോ ഇതരന് ബുദ്ധിമുട്ടുണ്ടാക്കുന്നവൻ വിശ്വാസി എന്ന വിലാസത്തിൽ പിഴവു വരുത്തിയവനാണ്.
ഖുർആനിന്റെ മറ്റൊരു പാഠം ശ്രദ്ധിക്കൂ: “ഭൂമിയിൽ നന്മ വരുത്തിയതിന് ശേഷം നിങ്ങൾ അവിടെ കുഴപ്പമുണ്ടാക്കരുത്'(7:56). ഇത്തരത്തിൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും വിനാശകാരികളാവുകയും ചെയ്യുന്നവരോടുള്ള പ്രതിഷേധം ഖുർആൻ വിവിധയിടങ്ങളിൽ ആവർത്തിച്ചു പറയുന്നുണ്ട്.
“സർവരും ശപിക്കുന്ന മൂന്ന് സ്ഥലങ്ങൾ നിങ്ങൾ സൂക്ഷിക്കണം. വിശ്രമിക്കുന്ന തണലിലും പൊതുവഴികളിലും വെള്ളമെടുക്കുന്ന സ്ഥലങ്ങളിലും നിങ്ങൾ മലമൂത്ര വിസർജനം നടത്തരുത് (അഹ്മദ്) എന്ന നിർദേശം പൊതു ഇടങ്ങളിലെ മാലിന്യനിക്ഷേപത്തെ മതം നിരാകരിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇതു കൂടാതെ കെട്ടിനിൽക്കുന്ന വെള്ളത്തിലും നീരൊഴുക്കിലും ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും ഫലവൃക്ഷങ്ങളുടെ ചുവട്ടിലും മാളങ്ങളിലും പൊത്തുകളിലും അന്യന്റെ സ്ഥലത്തും മലമൂത്ര വിസർജനം നടത്തുന്നതുകൂടി റസൂൽ വിലക്കിയിട്ടുണ്ട്. ഏറ്റവും പ്രാഥമികമായി മനുഷ്യൻ പുറന്തള്ളുന്നതും ഒഴിവാക്കാൻ കഴിയാത്തതുമായ മാലിന്യമായ വിസർജ്യം പോലും അശ്രദ്ധയോടെയാകരുതെന്നും മറ്റുള്ളവരുടെ ജീവിതത്തിന് പ്രയാസം ഉണ്ടാക്കരുതെന്നും മതം നിർബന്ധിക്കുന്നു.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അതുവഴി ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതും കുറ്റകരമായ കാര്യമായാണ് മതം കണക്കാക്കുന്നത്. പൊതു നിരത്തിലും ജനങ്ങൾ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലുമുള്ള മാലിന്യമോ തടസ്സമോ ബുദ്ധിമുട്ടുകളോ നീക്കം ചെയ്യുന്നതിനെ വിശ്വാസത്തിന്റെ ഉപശാഖയിലാണ് മതം ഗണിച്ചത്. എനിക്ക് ഏറ്റവും ഉപകാരപ്രദമായ ചിലത് പറഞ്ഞ് തരൂ എന്ന ആവശ്യവുമായി റസൂൽ (സ്വ) നെ സമീപിച്ച അബൂബർസ (റ)യോട് പറഞ്ഞ നിർദേശങ്ങളിലൊന്ന് വഴിയോരത്തെ തടസ്സങ്ങൾ നീക്കണമെന്ന നിർദേശമായിരുന്നു.
റോഡിലെ ഗതാഗതക്കുരുക്കും വഴിയിലെ മാലിന്യങ്ങളും ദുർഗന്ധങ്ങളും വീണു കിടക്കുന്ന ചില്ലകളും കല്ലും മണ്ണും മുള്ളും കുഴിയും ടാറിളകിയതും അനാവശ്യ സമരങ്ങളും അശ്രദ്ധമായ പാർക്കിംഗും എല്ലാം ഈ തടസ്സത്തിന്റെ പരിധിയിൽ വരുമെന്ന് ഇടക്കോർമിപ്പിക്കുന്നു. വഴിയിൽ നിന്ന് തടസ്സങ്ങൾ നീക്കുകയെന്നത് ആരാധനയാണ്. “സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിലൊക്കെയും മനുഷ്യ ശരീരം പുണ്യ ധർമങ്ങൾ നിർവഹിച്ച് കൊണ്ടിരിക്കണം’ എന്ന തിരുദൂതരുടെ നിർദേശം കേട്ടപ്പോൾ സദസ്യരിലൊരാൾ ആശങ്കയായി പറഞ്ഞു ” അല്ലാഹുവിന്റെ ദൂതരേ, അതിന് ധർമം ചെയ്യാൻ ഞങ്ങളുടെ പക്കൽ വല്ലതുമുണ്ടായിട്ടു വേണ്ടേ?’
അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു “സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവ ഉരുവിടലും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും വഴിയിൽ നിന്ന് ഉപദ്രവം നീക്കലും ചെവി കേൾക്കാത്തവന് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കലും കണ്ണു കാണാത്തവന് വഴി കാണിക്കലും ആവശ്യക്കാരന് മാർഗനിർദേശം നൽകലും സഹായാഭ്യർഥനയുമായി വരുന്ന ദുഃഖിതനും ദുർബലനും സഹായമെത്തിക്കാൻ പ്രവർത്തിക്കലും നീ നിനക്കു വേണ്ടി ചെയ്യുന്ന പുണ്യമാണ്.’ മാത്രമല്ല, വഴിയിലെ തടസ്സങ്ങൾ നീക്കുകയെന്നത് നരകമോചനത്തിനും പാപമോചനത്തിനുമുള്ള വഴിയാണ്. അബൂ ഹുറൈറ രേഖപ്പെടുത്തിയ ഹദീസിൽ അക്കാര്യം പറയുന്നുണ്ട്. നബി (സ്വ) പറഞ്ഞു: ഒരു വഴിക്ക് പോവുകയായിരുന്നു ഒരുവൻ മുള്ളുള്ള കൊമ്പ് കണ്ടപ്പോൾ അതെടുത്ത് മാറ്റിയിട്ടു. അതിന്റെ നന്ദിയെന്നോണം അല്ലാഹു അയാളുടെ പാപം പൊറുത്തു കൊടുത്തു.
മറ്റൊരു സംഭവം കൂടി വായിക്കാം, മുസ്തനീർ എന്നയാൾ തന്റെ പിതാവ് അഖ്ളറുബ്നു മുആവിയ(റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ മഅ്ഖലുബ്നു യസാറിന്റെ കൂടെയുള്ള യാത്രക്കിടെ വഴിയിൽ കണ്ട തടസ്സം അദ്ദേഹം നീക്കം ചെയ്തു. അൽപ്പ സമയത്തിന് ശേഷം എന്റെ ശ്രദ്ധയിൽപ്പെട്ട മറ്റൊരു തടസ്സം ഞാനും നീക്കി. അപ്പോൾ മഅ്ഖൽ എന്നോട് ചോദിച്ചു, നീ എന്തിനാണ് അത് നീക്കിയത്?
ഞാൻ പറഞ്ഞു: പിതൃവ്യരെ നിങ്ങൾ ചെയ്യുന്നത് കണ്ട് ഞാനും ചെയ്തതാണ്.
അപ്പോൾ മഅ്ഖൽ പറഞ്ഞു: വഴിയിൽ നിന്ന് ഉപദ്രവം നീക്കുന്നവന് നന്മ രേഖപ്പെടുത്തും. നന്മ സ്വീകരിക്കപ്പെട്ടവൻ സ്വർഗത്തിലും പ്രവേശിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അറച്ചു നിൽക്കുന്നവരാകരുത് നാം. പ്രതിഫലം ആഗ്രഹിച്ച് അത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.
അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം അവ നിക്ഷേപിക്കാൻ കൃത്യമായ ഇടവും സംസ്കരണ രീതികളും കാണണം. മാലിന്യ നിഷേപത്തിന് ബുളാഅ് എന്ന പേരിലുള്ള ഒരു കുഴി മദീനയിലുണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുക, രോഗാണുക്കളുടെ പ്രജനനത്തിന് ഹേതുവാകുന്ന തരത്തിൽ കുന്നു കൂട്ടൽ തുടങ്ങി ഇതരർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികൾ ആർക്കും ഭൂഷണമല്ല.
മതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നുമില്ല, നിങ്ങൾ പരസ്പരം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന നബി വചനം പ്രസിദ്ധമായ ഹദീസ് ഗ്രന്ഥങ്ങളിലൊക്കെ പ്രത്യേകം ചേർത്ത വചനമാണ്. ജീവിതത്തിന്റെ സർവ തുറകളിലും വിശ്വാസി പാലിക്കേണ്ട അടിസ്ഥാനമര്യാദയാണത്. മാലിന്യങ്ങൾ സൃഷ്ടിക്കുന്നിടത്തും അത് കൈകാര്യം ചെയ്യുന്നിടത്തും ഈ മര്യാദയുണ്ടായേ തീരൂ.
വിഭവങ്ങളുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും ഉപയോഗത്തിലുമുള്ള അശ്രദ്ധയും സൂക്ഷ്‌മതക്കുറവുമാണ് മാലിന്യങ്ങൾ രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. കമ്പോളങ്ങളുടെ അടിക്കടിയുള്ള വ്യാപനത്തോടൊപ്പം വളരുന്ന ജനങ്ങളുടെ ഉപഭോഗ സംസ്കാരം മൂലം ഓരോ മനുഷ്യനും അത്യാവശ്യമുള്ളതും ആവശ്യമുള്ളതുമായ ഉത്പന്നങ്ങളിൽ കവിഞ്ഞ് വസ്തുക്കൾ വെറുതെ കൗതുകത്തിന് വാങ്ങി ഉപേക്ഷിക്കുന്ന പ്രവണതയേറി വരുന്നുണ്ട്. അത്യാവശ്യങ്ങൾക്ക് വേണ്ടി വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും വാങ്ങിയിരുന്ന കാലത്ത് മാലിന്യങ്ങൾ സ്വാഭാവികമായും കുറവായിരുന്നു. ഇന്നത്തെ അവസ്ഥ നേർവിപരീതമാണ്. നമ്മുടെ വീടകങ്ങൾ വെറുതെ ഒന്ന് പരിശോധിച്ചു നോക്കൂ, ആവശ്യമില്ലാത്ത എത്രയോ വസ്തുക്കൾ നിമിഷനേരം കൊണ്ട് നമുക്ക് വേർതിരിച്ചെടുക്കാനാകും. ഈ വസ്തുക്കളാണ് പതിയെ പതിയെ മാലിന്യങ്ങളായി മാറുന്നത്.
വിഭവം വിനിയോഗിക്കുന്നതിൽ അതീവ ശ്രദ്ധ വേണം. ഭൂമിയിലുള്ള സർവ വസ്തുക്കളും മനുഷ്യന് കീഴ്പ്പെടുത്തിത്തന്നിരിക്കുന്നുവെന്നും മനുഷ്യന് ഉപയോഗിക്കാമെന്നും പറയുന്ന ഇസ്‌ലാം ഒരു വിഭവവും അമിതമായി ഉപയോഗിക്കരുതെന്ന നിർദേശം മുന്നിൽ വെക്കുന്നുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ആധുനിക കാലത്ത് രൂപം കൊണ്ട ചില സമീപനങ്ങളാണ് Reduce, Reuse, Recycle തുടങ്ങിയ ആശയങ്ങൾ.
നാം ഉപയോഗിക്കുന്ന വസ്‌തുക്കളുടെ തോത് കുറച്ച് കൊണ്ടുവരിക, അത്യാവശ്യമുള്ളത് മാത്രം വാങ്ങുക എന്നതാണ് Reduce എന്നതുകൊണ്ട് അർഥമാക്കുന്നത്. അനാവശ്യ വിഭവങ്ങൾ സ്വരുക്കൂട്ടുക വഴി മാലിന്യങ്ങൾ വർധിക്കാൻ കാരണമാകുന്നു. ഭക്ഷണം, വസ്ത്രം, ഭൗതിക വിഭവങ്ങൾ തുടങ്ങി യാതൊന്നിലും ധൂർത്ത് പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ നിർദേശം. “ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിലും എല്ലാ ആരാധനാ വേളകളിലും നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക. നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക, എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’ (ഖുർആൻ 7:31). മുസ്്ലിം സമുദായത്തിന്റെ സവിശേഷതയായി ഖുർആൻ എടുത്തുപറഞ്ഞ വിശേഷണമാണ് മിതത്വം പാലിക്കുന്നവർ എന്നുള്ളത്.
അല്ലാഹു പറയുന്നു. “അപ്രകാരം നിങ്ങളെ നാം ഒരു മിതസമുദായമാക്കിയിരിക്കുന്നു’ (ഖുർആൻ 2:143). മിനിമലിസം, അഥവാ കുറഞ്ഞ ഭൗതിക വിഭവങ്ങൾ ഉപയോഗിച്ച് ജീവിക്കാൻ ശീലിക്കുകയെന്നത് ആധുനിക കാലത്ത് ഏറെ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിത രീതിയാണ്. വിഭവങ്ങളുടെ അശാസ്ത്രീയവും അനാവശ്യവുമായ വിനിയോഗം നിമിത്തം പരിസ്ഥിതി മലിനീകരണങ്ങൾ വർധിക്കുന്ന കാലത്ത് ലളിത ജീവിതത്തിന് വലിയ അർഥമുണ്ട്. ഖനാഅത്ത് (പരിമിത വിഭവങ്ങൾ കൊണ്ട് സംതൃപ്തിയുള്ള ജീവിതം) വിശ്വാസി ശീലിക്കേണ്ട ജീവിത രീതിയാണ്. ദുർവ്യയം ശീലമാക്കിയതു കാരണം നശിച്ചുപോയ ആദ് സമുദായത്തിന്റെ ചരിത്രം ഖുർആൻ അവതരിപ്പിച്ചിട്ടുമുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വസ്തുക്കൾ ഉപേക്ഷിച്ച് മാലിന്യമാക്കുന്നതിന് പകരം ഓരോ വസ്തുവും കഴിയാവുന്ന കാലത്തോളം സാധ്യമാവുന്ന രൂപത്തിൽ ഉപയോഗിക്കുന്നതിനെയാണ് Reuse കൊണ്ട് അർഥമാക്കുന്നത്. കീറിയ വസ്ത്രം/ ചെരുപ്പ് തുന്നി ഉപയോഗിക്കുന്നതും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ മാറ്റി കുറെ നാൾ ഉപയോഗിക്കാൻ സാധിക്കുന്ന സഞ്ചികൾ സ്വീകരിക്കുന്നതും പുനരുപയോഗത്തിൽ പെടുന്നു. കീറിയ തുണികൾ തുന്നിയും ചെരുപ്പുകൾ നന്നാക്കിയും തനിക്കാവശ്യമില്ലാത്തത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകിയും നബി (സ്വ) അടക്കമുള്ള മഹത്തുക്കൾ ഇക്കാര്യത്തിൽ നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്.
പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കളെ പുനർനിർമാണത്തിലൂടെ മറ്റെന്തെങ്കിലും വസ്തുക്കളായി ഉപയോഗിക്കുക എന്നതാണ് Recycle കൊണ്ടുദ്ദേശിക്കുന്നത്. ഒരിക്കൽ തിരുനബി(സ്വ) ഒരു ചത്ത ആടിനെ കണ്ടു. മൈമൂനയുടെ അടിമസ്ത്രീയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു അത്. “ആടിന്റെ തൊലി ശുദ്ധിയാക്കി അവർക്ക് ഉപയോഗപ്പെടുത്താമായിരുന്നില്ലേ’ എന്ന് ഒപ്പമുള്ളവരോട് തിരുനബി(സ്വ) പങ്കുവെച്ചു. ഇതുകേട്ട അനുചരർ ചോദിച്ചു: അത് ചത്തതല്ലേ?, അവിടുന്ന് മറുപടി പറഞ്ഞു: “ചത്തതിനെ കഴിക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്’ (മുസ്്ലിം). ചത്ത മൃഗത്തിന്റെ തൊലി മാലിന്യമായി ഒഴിവാക്കുന്നതിനു പകരം ശുദ്ധിയാക്കി ഉപയോഗപ്പെടുത്തൽ അനുവദനീയമായതിനെ ഉപയോഗിക്കണമെന്നതാണ് ഈ ഹദീസിന്റെ സന്ദേശം.
മലിനീകരണത്തിൽ പങ്കാളിയാകാതെ ചുറ്റുമുള്ള മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന ഇടപെടലുകളില്ലാതെ ശ്രദ്ധയോടെയുള്ള ജീവിതമാണ് വിശ്വാസി ആചരിക്കേണ്ടത്. വിഭവങ്ങൾ പാഴാക്കാതെ, ദുർവ്യയം ചെയ്യാതെയുള്ള ചിട്ടകൾ ശീലമാക്കണം.







