Connect with us

literature

ചരിത്രരചനയിലെ അക്ഷരഖനികൾ

സാഹിത്യചരിത്രം, കലാനിരൂപണം, തത്വചിന്ത തുടങ്ങി ബഹുമുഖമായ വിഷയങ്ങളിൽ വിസ്മയകരമാംവിധം ജ്ഞാനതൃഷ്ണ പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു കൃഷ്ണചൈതന്യ. നിരന്തരമായ പഠനമനനങ്ങളിലൂടെ ആർജിച്ചെടുത്ത അറിവിനെ അസംഖ്യം രചനകളിലൂടെ അദ്ദേഹം സമൂഹത്തിലേക്ക് പ്രസരിപ്പിച്ചു.

Published

|

Last Updated

മലയാളത്തിന്റെ വൈജ്ഞാനിക സാഹിത്യരംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു കൃഷ്ണചൈതന്യ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട കെ കൃഷ്ണൻ നായർ. സാഹിത്യചരിത്രം, കലാനിരൂപണം, തത്വചിന്ത എന്നിങ്ങനെ വ്യത്യസ്തവും ബഹുമുഖവുമായ വിഷയങ്ങളിൽ വിസ്മയകരമാംവിധം ജ്ഞാനതൃഷ്ണ പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. നിരന്തരമായ പഠനമനനങ്ങളിലൂടെ ആർജിച്ചെടുത്ത അറിവിനെ അസംഖ്യം രചനകളിലൂടെ അദ്ദേഹം സമൂഹത്തിലേക്ക് പ്രസരിപ്പിച്ചു. മലയാളസാഹിത്യത്തിൽ അതുവരെ ഉദ്ഘനനം ചെയ്തിട്ടില്ലാത്ത വരിഷ്ഠവും അമൂല്യവുമായ അക്ഷരഖനികളായിരുന്നു കൃഷ്ണചൈതന്യയുടെ രചനകളെല്ലാം തന്നെ.

1918 നവംബർ 24 ന് തിരുവനന്തപുരത്താണ് കൃഷ്ണചൈതന്യ ജനിച്ചത്. മദ്രാസ് സർവകലാശാലയിൽനിന്നും സയൻസിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയതിനുശേഷം കുറേക്കാലം അദ്ദേഹം ശങ്കേഴ്‌സ്‌ വീക്കിലിയിലും ടൈംസ് ഓഫ് ഇന്ത്യയിലും കലാനിരൂപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് കേന്ദ്രഗവണ്മെന്റിന്റെ ഡയറക്റ്ററേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റിയിൽ പ്രവേശിക്കുകയും അതിന്റെ ഡയറക്ടർ പദവിയിലെത്തുകയും ചെയ്തു. സംഗീതം, സാഹിത്യം, ചിത്രകല, ദർശനം, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് നാൽപ്പതിലധികം ഈടുറ്റ ഗ്രന്ഥങ്ങളാണ് ഇദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക പുരസ്കാരവും ജവാഹർലാൽ നെഹ്‌റു ഫെലോഷിപ്പും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എജ്യുക്കേഷന്റെ 1964 ലെ ക്രിട്ടിക്സ് ഓഫ് ഐഡിയാസ് അവാർഡും കൃഷ്ണചൈതന്യയെ തേടിയെത്തിയിട്ടുണ്ട്. 1986 ൽ രബീന്ദ്രഭാരതി സർവകലാശാല ഡി ലിറ്റും 1992 ൽ രാഷ്ട്രം പദ്‌മശ്രീയും നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1994 ജൂൺ അഞ്ചിന് അദ്ദേഹം അന്തരിച്ചു.

കൃഷ്ണചൈതന്യയെ മലയാള സാഹിത്യത്തിൽ ശ്രദ്ധേയനാക്കിയത് അദ്ദേഹം രചിച്ച സാഹിത്യചരിത്രങ്ങളാണ്. പുരാതനവും ആധുനികവുമായ നിരവധി സാഹിത്യങ്ങളുടെ സമഗ്ര ചരിത്രമുൾക്കൊള്ളുന്ന പ്രൗഢഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെയാണ് കൈരളിക്ക് ലഭിച്ചത്. റോമൻ സാഹിത്യ ചരിത്രം, ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം, യവന സാഹിത്യ ചരിത്രം, യഹൂദ സാഹിത്യ ചരിത്രം, സംസ്‌കൃത സാഹിത്യ ചരിത്രം, മെസപ്പെട്ടോമിയൻ സാഹിത്യ ചരിത്രം, അറബി സാഹിത്യ ചരിത്രം, പിൽക്കാല ലത്തീൻ സാഹിത്യ ചരിത്രം, പുരാതന ഗ്രീക്ക് സാഹിത്യ ചരിത്രം എന്നിവ മലയാളത്തിലെ സാഹിത്യകുതുകികളായ വായനക്കാരേയും സാഹിത്യ – ചരിത്ര വിദ്യാർഥികളേയും ഗവേഷകരേയും ഒരുപോലെ ആകർഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ഗ്രന്ഥങ്ങളാണ്.

വ്യത്യസ്ത രാഷ്ട്രങ്ങളിലെ കല, സാഹിത്യം, തത്വചിന്ത എന്നിവയുടെ ഉദ്ഭവവും വളർച്ചയും (തളർച്ചയും) ഈ കൃതികളിൽ അദ്ദേഹം സൂക്ഷ്മമായി പരിശോധിക്കുന്നു. സങ്കീർണമായ ചരിത്രഗതിവിഗതികൾ കെട്ടുപിണഞ്ഞു കിടക്കുന്ന പുരാതന സാഹിത്യചരിത്രങ്ങളുടെ കഥ പറയുകയെന്നത് മാനസികവും ബൗദ്ധികവുമായ ഊർജം ഏറെ ആവശ്യമുള്ള, ഗഹനവും ദുഷ്കരവുമായ പ്രയത്നമാണെന്നിരിക്കെ നിരന്തരമായ പഠനഗവേഷണങ്ങളിലൂടെ അത്തരത്തിൽ ഒന്നിനൊന്നു വ്യത്യസ്തമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ട് അദ്ദേഹം മലയാള സാംസ്കാരിക ഭൂമികയിൽ അദ്‌ഭുതം സൃഷ്ടിച്ചു. സാഹിത്യചരിത്രങ്ങൾക്കു പുറമേ ശാസ്ത്രത്തിന്റെ വിശ്വാവലോകനം, സംസ്കൃത സാഹിത്യത്തിലെ തത്വചിന്ത, സാംസ്കാരിക സാഹിത്യ ചരിത്രം തുടങ്ങിയ പ്രൗഢ ഗ്രന്ഥങ്ങളും, രവിവർമ, എ ന്യൂ ഹിസ്റ്ററി ഓഫ് സാൻസ്‌ക്രിറ്റ് ലിറ്ററേച്ചർ, പോര്‍ട്ട് ഫോളിയോ ഓഫ് ഇന്ത്യൻ പെയിന്റിംഗ്സ്, സാൻസ്‌ക്രിറ്റ് പോയറ്റിക്സ്, ദി ഗീത ഓഫ് മോഡേൺ മാൻ, ദി ബിട്രയൽ ഓഫ് കൃഷ്ണ, പോർട്ട്ഫോളിയോ ഓഫ് ഇന്ത്യൻ പെയിന്റിംഗ് തുടങ്ങി നിരവധി ഇംഗ്ലീഷ് കൃതികളും അദ്ദേഹത്തിന്റെ ധിഷണയിൽ നിന്നും പിറവിയെടുത്തവയാണ്.
ഫലിതത്തിന്റെ നേർത്ത സുഗന്ധം പൊഴിക്കുന്ന ഭാഷയുടെ ലാളിത്യമാണ് കൃഷ്ണചൈതന്യയുടെ രചനകളെ ഇത്രമേല്‍ ആകര്‍ഷകമാക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്തിനെ കൂടുതല്‍ ജനകീയമാക്കുന്ന ഘടകവും ഇതുതന്നെ. ഈജിപ്ഷ്യൻ സാഹിത്യ ചരിത്രത്തിന്റെ മുഖവുരയിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു.

“വെന്നി, ഉള്ളാട്ടില്‍, പുത്തേഴം മുതലായവര്‍ മലയാളത്തിലും, മറ്റു മൂന്നു ഭാഷകളിലുള്ള പതിപ്പുകളുടെ വിമര്‍ശകരില്‍ പലരും, അവരുടെ സൗഹാർദാധിക്യംമൂലം ലേഖകനെ ഒരു കുഴപ്പത്തില്‍ കൊണ്ടു ചാടിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ മറ്റു പുസ്തകങ്ങളും വാഗ്ദാനമനുസരിച്ച് ഗ്രന്ഥകാരന്‍ പ്രസിദ്ധപ്പെടുത്തിക്കാണാനുള്ള ഒരു പ്രാർഥനയോടുകൂടിയേ ആരും ഈ പുസ്തകം വായിച്ചതിനുശേഷം അതു താഴെ വെക്കുകയുള്ളൂ.’ എന്നു പുത്തേഴം. വാഗ്ദാനത്തിന്റെ കാര്യം മറക്കാന്‍ ലേഖകനെ സമ്മതിക്കില്ലെന്ന് കച്ചകെട്ടി പുറപ്പെട്ടിരിക്കുകയാണ് മറ്റ് വിമര്‍ശകരും. അപ്പോള്‍ നായരു പിടിച്ച പുലിവാലുപോലെ ആയോ ഇത്? ഒരു സമാധാനമുണ്ട്‌. കോളജില്‍ പഠിക്കുന്ന കാലത്തേ – അതായത് 1937 തൊട്ട് – ഈ നിര്‍വഹണത്തെ സ്വപ്നം കണ്ടുകൊണ്ട്, അതിനുള്ള കരുക്കള്‍ ശേഖരിക്കുകയായിരുന്നു ലേഖകന്‍. എഴുതി ശരിപ്പെടുത്തുന്ന കാര്യം മാത്രമേ ശേഷിച്ചിട്ടുള്ളൂ. അതുകാരണം ലേഖകന് നിഷ്പ്രയാസം പുലിവാലു കൈമാറാം. അതുകൊണ്ട്, ഉള്ളില്‍ കുരുട്ടുബുദ്ധിയോടും വെളിയില്‍ ആദരവോടും കൂടെ ഇതാ പുലിവാല് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് അടിയറവെക്കുന്നു.

പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന വേഗത്തില്‍ പരമ്പര തുടര്‍ന്നു കൊണ്ടുപോകാമെന്നു വാഗ്ദാനം പുതുക്കാന്‍ ലേഖകന് മടിയില്ല.’ (സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് “വിശ്വ സാഹിത്യ ദർശനം’ എന്ന പരമ്പരയിൽ കൃഷ്ണചൈതന്യയുടെ സാഹിത്യചരിത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരണ കാലഘട്ടം ആയിരത്തിത്തൊള്ളായിരത്തി അൻപതുകളും അറുപതുകളുമാണ്. രണ്ട് രൂപ മുതൽ അഞ്ച് രൂപ വരെയായിരുന്നു ഇരുനൂറും മുന്നൂറും പേജുകളുള്ള മിക്ക പുസ്തകങ്ങളുടെയും വില. 785 പേജുള്ള സംസ്കൃത സാഹിത്യ ചരിത്രത്തിന് മാത്രം പതിനഞ്ചു രൂപ!) മലയാളഭാഷയുടെയും സംസ്കൃതിയുടെയും അമൂല്യമായ ഈടുവെപ്പുകളെന്ന് കൃഷ്ണചൈതന്യയുടെ സാഹിത്യചരിത്രങ്ങളെ വിശേഷിപ്പിക്കാം. എന്നാൽ ദശാബ്ദങ്ങൾക്കു മുന്പ് പ്രസിദ്ധീകരിച്ച ഈ കൃതികൾ നമ്മുടെ ഗ്രന്ഥാലയങ്ങളിൽ ഇപ്പോള്‍ ലഭ്യമല്ലെന്നതാണ് വസ്തുത. സാഹിത്യചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും ഈ വിഷയത്തിൽ തത്പരരായ മറ്റനേകം വായനക്കാർക്കും ഒഴിച്ചുകൂടാനാകാത്ത ഈ ഗ്രന്ഥങ്ങളെല്ലാം അവർക്ക് ലഭ്യമാക്കേണ്ടതുണ്ട്‌. അതിനുള്ള ഏക പോംവഴി ഇവ പുനഃപ്രസിദ്ധീകരിക്കുക എന്നതാണ്. എങ്കിൽ മാത്രമേ ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ പാണ്ഡിത്യവും ധിഷണയും സഹൃദയത്വവും ഉപയോഗിച്ച് രചിക്കപ്പെട്ട ഈ അക്ഷരഖനികൾ വൈജ്ഞാനിക മേഖലയിൽ ഇനിയും ഏറെക്കാലം നിലനിൽക്കുകയുള്ളൂ.