Connect with us

National

മദ്യനയക്കേസ്; കെജ്രിവാള്‍ സി ബി ഐക്കു മുമ്പില്‍, സത്യസന്ധമായി മറുപടി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി

അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ കെജ്രിവാള്‍ നല്‍കി. താന്‍ അഴിമതിക്കാരനാണെങ്കില്‍ ലോകത്തില്‍ ആരും സത്യസന്ധരല്ലെന്നും കെജ്രിവാള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി ബി ഐ മുമ്പാകെയെത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്രിവാള്‍ സി ബി ഐ ഓഫീസിലേക്ക് തിരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെജ്രിവാളിനെ അനുഗമിച്ചിരുന്നു.

സി ബി ഐ യുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ കെജ്രിവാള്‍ നല്‍കി. ബി ജെ പി സി ബി ഐയോട് അങ്ങനെ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അറസ്റ്റുണ്ടാകും. താന്‍ അഴിമതിക്കാരനാണെന്നാണ് ബി ജെ പി ആരോപണം. മുമ്പ് ആദായ നികുതി വകുപ്പില്‍ കമ്മീഷണറായിരുന്ന തനിക്ക് വേണമെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ല. താന്‍ അഴിമതിക്കാരനാണെങ്കില്‍ ലോകത്തില്‍ ആരും സത്യസന്ധരല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

നടപടിക്കെതിരെ ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എ എ പി ഡല്‍ഹിയില്‍ നാളെ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് എ എ പി പറയുന്നത്. എന്നാല്‍, ഇങ്ങനെയൊരു നിയമസഭാ സമ്മേളനം നിയമലംഘനമാണെ ആരോപണവുമായി ബി ജെ പി രംഗത്തെത്തി.

 

Latest