Connect with us

Kerala

ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്ന് എടുത്തുമാറ്റും: മന്ത്രി ലിജു

ഈമാസം 30നകം യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം നിലവില്‍ വരും. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ ലൂപ്പ് ഹോളുകളും അടയ്ക്കും.

Published

|

Last Updated

തിരുവനന്തപുരം | ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ഈമാസം 30നകം യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം നിലവില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി. അനുവദിച്ച ലൈസന്‍സുകളെ സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം നേടിയിട്ടുണ്ട്. വിഷയത്തില്‍ എക്‌സൈസ് കമ്മീഷണറോട് വിശദീകരണം തേടുകയും പ്രാഥമിക റിപോര്‍ട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍ സര്‍ക്കാറിന്റെ നയത്തിന്റെ തുടര്‍ച്ച എന്ന നിലക്ക് ലൈസന്‍സ് കൊടുക്കാന്‍ അധികാരമുള്ളതിനാലാണ് കമ്മീഷണര്‍ ലൈസന്‍സ് കൊടുത്തതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ലൈസന്‍സ് കൊടുക്കുന്ന വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്നോണം കാര്യങ്ങള്‍ പോയി എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാരിന് മുമ്പില്‍ വന്ന അപേക്ഷ പ്രകാരം അത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി ചട്ടപരിഷ്‌കാരങ്ങള്‍ വരുത്തിയെന്നും മന്ത്രി ലിജു ആരോപിച്ചു. വിമാനത്താവളങ്ങളില്‍ എഫ് എല്‍ 7 ലൈസന്‍സ് കൊടുക്കാനുള്ള അധികാരം എക്‌സൈസ് കമ്മീഷണര്‍ക്കാണെന്ന് വ്യക്തമാക്കിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് ലൈസന്‍സുകള്‍ കമ്മീഷണര്‍ നല്‍കിയെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ചട്ടം പരിഷ്‌കരിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള അനാവശ്യ അധികാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വൈന്‍ പാര്‍ലറുകള്‍ ബാറുകളായി മാറിയത് പുനപ്പരിശോധിക്കുകയാണ്. സിസ്റ്റം ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി പല മാറ്റങ്ങളും ഉണ്ടാവും. എക്‌സൈസ് കമ്മീഷണറെ മാറ്റുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ആരും അനന്തകാലത്തേക്ക് ഒരു സ്ഥാനത്തും ഇരിക്കില്ല. മദ്യനയം നടപ്പിലാകുന്നതുവരെ ബാര്‍ ലൈസന്‍സ് കൊടുക്കരുതെന്ന ഉത്തരവ് വരുമെന്നും മന്ത്രി വിശദീകരിച്ചു.

മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ ലൂപ്പ് ഹോളുകളും അടയ്ക്കും. കഴിഞ്ഞ സര്‍ക്കാര്‍ പത്ത് വര്‍ഷം മദ്യം ഒഴുക്കാന്‍ കൊണ്ടുവന്ന ചട്ടങ്ങളാണ് ഇതൊക്കെ. മുന്‍ മന്ത്രി എം ബി രാജേഷിന്റെ വിമര്‍ശനങ്ങള്‍ക്കും എം ലിജു മറുപടി നല്‍കി. എം ബി രാജേഷിനോടും പഴയ ഭരണത്തോടും എനിക്ക് അതൃപ്തിയുണ്ട്. എന്നാല്‍ ഞാന്‍ ആ അതൃപ്തി പറഞ്ഞുകൊണ്ട് നടക്കുകയല്ല. ആക്ഷന്‍ എടുക്കുകയാണ്. എന്റെ അതൃപ്തി ആക്ഷനിലൂടെ ആണ് പ്രകടിപ്പിക്കുന്നത്. നാട്ടില്‍ മദ്യം ഒഴുകുന്ന സമയത്ത് രാജേഷ് തൃപ്തനായിരുന്നു. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രാജേഷ് തൃപ്തനായിരുന്നു. എന്നാല്‍, അതില്‍ താന്‍ അതൃപ്തനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Kerala Government has decided to remove the authority of Excise Deputy Commissioners to grant bar licenses. Excise Minister Liju announced that key policy changes are being implemented regarding liquor licensing. The decision aims to bring transparency and centralization in issuing bar licenses across the state.

 

---- facebook comment plugin here -----

Latest