Kerala
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണം; പിന്തുണയുമായി മുന്‍ വിസിമാര്‍
കഴിഞ്ഞ 60 ദിവസമായി സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു
കൊച്ചി| കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വിസിമാരുടെയും പ്രൊ വി സി മാരുടെയും സംയുക്ത പ്രസ്താവന. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്റ് ചെയ്തിട്ടുണ്ട്.
പഠനവകുപ്പുകളിലെ സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രസ്തുത നിര്‍ദേശം കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്‍ വിസിമാരും പ്രൊ വി സി മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഡോ. ധര്‍മ്മരാജ് അടാട്ട് (മുന്‍ വൈസ് ചാന്‍സലര്‍), ഡോ.എം.വി.നാരായണന് (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.ജെ. പ്രസാദ് (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.കെ.എസ് രവികുമാര്‍ (മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ), ഡോ.കെ.മുത്തു ലക്ഷി(മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ),ഡോ. എസ്.രാജശേഖരന് (മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ), ഡോ. എന്‍.കെ. ശങ്കരന് (മുന്‍ പ്രിന്‍സിപ്പല്‍ ഡീന്‍) എന്നിവരാണ് പ്രസ്താവനയിറക്കിയത്.
കാലടി സര്‍വകലാശാലയില്‍ അധ്യാപകരോടും വിസിയുടെ പ്രതികാര നടപടിയെന്ന് ആക്ഷേപമുണ്ട്. ഇടത് അധ്യാപക സംഘടന നേതാവിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചു . ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (TISS) കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. ASSUT ന്റെ മുന്‍ ജനറല്‍ സെക്രട്ടറി ബിജു വിന്‍സെന്റിനാണ് അനുമതി നിഷേധിച്ചത്.
Content Highlights: Former Vice-Chancellors and Pro-VCs of Sree Sankaracharya University of Sanskrit issued a joint statement supporting protesting students. They urged authorities to allow 16 suspended students to write exams following High Court directions. The leaders also called for resolving issues through dialogue.


