Connect with us

Kerala

പരീക്ഷ എഴുതാന്‍ കഴിയില്ല; സസ്‌പെന്‍ഷനിലായ സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചു കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നല്‍കിയ അനുമതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു.

Published

|

Last Updated

കൊച്ചി | കാലടി ശ്രീശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നല്‍കിയ അനുമതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല.

സിംഗിള്‍ ബഞ്ച് അനുമതി ഉത്തരവിനെതിരെ സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് മുരളി കൃഷ്ണ എസ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷ എഴുതാന്‍ അടിയന്തരമായി അനുമതി നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം കണക്കിലെടുത്ത ഡിവിഷന്‍ ബഞ്ച് വിശദമായ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കാന്‍ സസ്പെന്‍ഷനിലായ 16 വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഒക്ടോബര്‍ 30നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സര്‍വകലാശാല ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ തങ്ങള്‍ക്കുണ്ടെന്നും പരീക്ഷ തടയാന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. സസ്പെന്‍ഷനിലായിട്ട് 61 ദിവസമായെന്നും ഈ കാലയളവില്‍ മാത്രമാണ് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായ ഹാജര്‍ നേരത്തേ തന്നെ നേടിയിട്ടുണ്ട്. ജയിലില്‍ കഴിയുന്നവര്‍ക്ക് പോലും പരീക്ഷ എഴുതാന്‍ അനുമതി നല്‍കാറുണ്ടെന്നിരിക്കെ തങ്ങളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് എന്തിനാണെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചു. പഠിക്കാനുള്ള അവകാശം പോലെ തന്നെ പരീക്ഷ എഴുതാനും അവകാശമുണ്ടെന്നും വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. തിയേറ്റര്‍ ഡ്രാമ ഡിപാര്‍ട്ട്മെന്റിലെ ലൈറ്റ് സംവിധാനങ്ങള്‍ കേടായതുള്‍പ്പെടെ ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് സമരം ചെയ്തതെന്നും വി സിയെ അക്രമിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ബോധിപ്പിച്ചു. പ്രതീകാത്മക നാടകത്തെ വി സി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ വളച്ചൊടിക്കുകയായിരുന്നു. ആറുമാസത്തെ സെമസ്റ്ററില്‍ 62 ദിവസത്തിലേറെയായി തങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് അധ്യയന വര്‍ഷം നഷ്ടപ്പെടുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പരീക്ഷയെഴുതാന്‍ സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിട്ടും പരീക്ഷാ ഫീസ് അടക്കാനുള്ള വെബ്‌സൈറ്റ് പോര്‍ട്ടല്‍ തുറന്നുനല്‍കാതെ സര്‍വകലാശാല കോടതി ഉത്തരവ് ലംഘിച്ചതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഗസ്റ്റ് 13-ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലറെ പ്രതീകാത്മകമായി ശവസംസ്‌കാരം നടത്തി അപമാനിക്കാനും വി സിയുടെ വാഹനം തകര്‍ക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചുവെന്നാണ് സര്‍വകലാശാലയുടെ ആരോപണം. സിംഗിള്‍ ബഞ്ച് സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിക്കുന്നത് നിലവിലെ അച്ചടക്ക അന്വേഷണ നടപടികളെ ദോഷകരമായി ബാധിക്കും. സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തെയും അച്ചടക്ക നടപടികളെയും ദുര്‍ബലപ്പെടുത്തുമെന്നും ഇതിനായി പരീക്ഷാ ക്രമീകരണങ്ങള്‍ അപ്പാടെ മാറ്റേണ്ടി വരുമെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.

അതിനിടെ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വി സിമാരും പ്രൊ വി സി മാരും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. പഠനവകുപ്പുകളിലെ സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം കണക്കിലെടുത്തും ഭാവി പരിഗണിച്ചും ആ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് മുന്‍ വി സിമാരും പ്രൊ വി സി മാരും ആവശ്യപ്പെട്ടത്.

ഡോ. ധര്‍മ്മരാജ് അടാട്ട് (മുന്‍ വൈസ് ചാന്‍സലര്‍), ഡോ.എം.വി.നാരായണന്‍ (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.ജെ. പ്രസാദ് (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.കെ.എസ് രവികുമാര്‍ (മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ), ഡോ.കെ.മുത്തു ലക്ഷി(മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ),ഡോ. എസ്.രാജശേഖരന്‍ (മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ), ഡോ. എന്‍.കെ. ശങ്കരന്‍ (മുന്‍ പ്രിന്‍സിപ്പല്‍ ഡീന്‍) എന്നിവരാണ് പ്രസ്താവനയിറക്കിയത്.

 

Content Highlights: The Kerala High Court declined to permit suspended students of Sree Sankaracharya University of Sanskrit, Kalady, to sit for their exams. The decision comes as a major blow to the affected students. The university had previously taken disciplinary action suspending them from academic activities.

 

---- facebook comment plugin here -----

Latest