International
യൂറോപ്പില്‍ വീണ്ടും ബോംബ് ഭീഷണി; ലണ്ടന്‍ വിമാനം പോളണ്ടില്‍ അടിയന്തരമായി ഇറക്കി
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പോളണ്ടിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ വാര്‍സോ-മോഡ്ലിന്‍ വിമാനത്താവളം പൂര്‍ണമായും അടച്ചുപൂട്ടി.
വാര്‍സോ | ലണ്ടനില്‍ നിന്ന് പോളണ്ടിലെ തലസ്ഥാനമായ വാര്‍സോയിലേക്ക് പറന്ന യാത്രാ വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ട് അടിയന്തരമായി നിലത്തിറക്കി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പോളണ്ടിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ വാര്‍സോ-മോഡ്ലിന്‍ വിമാനത്താവളം പൂര്‍ണമായും അടച്ചുപൂട്ടി. ഇതിന് പിന്നാലെ കോപ്പന്‍ഹേഗനില്‍ നിന്നെത്തിയ മറ്റൊരു വിമാനത്തിനും ബോംബ് ഭീഷണി ഉയര്‍ന്നത് യൂറോപ്യന്‍ വ്യോമമേഖലയില്‍ വലിയ പരിഭ്രാന്തിയാണ് പരത്തിയത് .
ഇന്നലെ പ്രാദേശിക സമയം രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് വിമാനത്തിനുള്ളില്‍ സ്ഫോടകവസ്തു ഉണ്ടെന്ന സന്ദേശം പൈലറ്റിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിമാനം ചോപിന്‍ വിമാനത്താവളത്തിന് പകരം നഗരത്തിന് പുറത്തുള്ള വിമാനത്താവളമായ വാര്‍സോ-മോഡ്ലിനിലേക്ക് തിരിച്ചുവിടുകയും രാവിലെ 10:01-ഓടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയുമായിരുന്നു
ബോയിംഗ് 737 MAX വിഭാഗത്തില്‍പ്പെട്ട ഈ വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം മോഡ്ലിനില് ഇറക്കിയ ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ അടിയന്തരമായി പുറത്തിറക്കി സുരക്ഷിതമായി എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് മാറ്റി. ഭീഷണി പൂര്‍ണമായും വ്യാജമല്ലെന്ന് ഉറപ്പുവരുത്തുന്നത് വരെ മോഡ്ലിന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടുത്തെ വിമാന സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
രണ്ടാമത്തെ വിമാനത്തിനും ഭീഷണി
ലണ്ടന്‍ വിമാനം അടിയന്തരമായി ഇറക്കിയതിന് തൊട്ടുപിന്നാലെ, ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനില്‍ നിന്ന് വാര്‍സോ ചോപിന്‍ വിമാനത്താവളത്തിലെത്തിയ എസ് എ എസ് (SAS) എയര്‍ലൈന്‍സ് വിമാനത്തിനും സമാനമായ രീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതും ചോപിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഈ വിമാനത്തെയും പ്രത്യേക സുരക്ഷാ വലയത്തിലാക്കി പരിശോധനകള്‍ നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചോപിന്‍ വിമാനത്താവളം നിലവില്‍ അടച്ചിട്ടിട്ടില്ലെന്നും വിമാന സര്‍വീസുകളില്‍ ചെറിയ സമയമാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്ന് ബള്‍ഗേറിയയിലെ സോഫിയയിലേക്ക് പോയ വിസ എയര്‍ വിമാനത്തിനും വ്യോമമധ്യേ ബോംബ് ഭീഷണി ഉയരുകയും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. പരിശോധനയില്‍ അത് വ്യാജഭീഷണിയാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പോളണ്ടിലും സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്.
Content Highlights: A flight bound from London made an emergency landing in Poland following a fresh bomb threat in Europe. Emergency response teams and security officials inspected the aircraft immediately after landing. Authorities have launched a full investigation into the incident to ensure passenger safety.



