Connect with us

From the print

ഹജ്ജ് ക്വാട്ടക്ക് പണം വാങ്ങിയാൽ ആജീവനാന്ത വിലക്ക്

സ്വകാര്യ ഹജ്ജ് നയപ്രകാരം സി എച്ച് ജി ഒകൾ വഴി മാത്രമേ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ഹാജിമാരെ പറഞ്ഞയക്കാൻ കഴിയുകയുള്ളൂ

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് ക്വാട്ടയിൽ ഉൾപ്പെടാൻ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ നിന്ന് കംപൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസേഴ്സ് (സി എച്ച് ജി ഒ) പണം വാങ്ങിയാൽ കർശന നടപടിയെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. സ്വകാര്യ ഹജ്ജ് നയപ്രകാരം സി എച്ച് ജി ഒകൾ വഴി മാത്രമേ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ഹാജിമാരെ പറഞ്ഞയക്കാൻ കഴിയുകയുള്ളൂ. വീതം വെക്കുന്ന ക്വാട്ടയിൽ ഉൾപ്പെടണമെങ്കിലും ഏതെങ്കിലും സി എച്ച് ജി ഒകളിൽ അംഗമാകണം. രാജ്യത്തുള്ള എഴുനൂറോളം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ ഇതുപ്രകാരം ഏതെങ്കിലും സി എച്ച് ജി ഒകളിൽ ഉൾപ്പെടും. എട്ട് കോടി ടേണോവറുള്ള ഹജ്ജ് ഗ്രൂപ്പുകളെയാണ് സി എച്ച് ജി ഒകളായി തിരഞ്ഞെടുക്കുക. ഇതുപ്രകാരം ഇന്ത്യയിൽ 26 സി എച്ച് ജി ഒകളാണുള്ളത്.

ഓരോ സി എച്ച് ജിക്കും വിവിധ ഹജ്ജ് ഗ്രൂപ്പുകളിൽ നിന്നായി പരമാവധി 2,000 അപേക്ഷകരെയാണ് ഉൾക്കൊള്ളാൻ പറ്റുക. സി എച്ച് ജി ഒകളുമായി ഇതിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ പ്രത്യേകം കരാർ ഉണ്ടാക്കേണ്ടതുണ്ട്. ഇതിന് വേണ്ടി ഓരോ അപേക്ഷകനും പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ സ്വകാര്യ ഗ്രൂപ്പുകളിൽ നിന്ന് സി എച്ച് ജി ഒകൾ വാങ്ങുന്നതായാണ് പരാതി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയത്.

ഹജ്ജ് നയത്തിനെതിരായ ഇത്തരം കാര്യങ്ങൾ പിടിക്കപ്പെട്ടാൽ അടിയന്തരമായി നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരം സി എച്ച് ജി ഒകൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യും. ഒരു ഹജ്ജ് ഗ്രൂപ്പിനെയും സി എച്ച് ജി ഒകൾ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്നും കേന്ദ്രത്തിന്റെ നിർദേശത്തിലുണ്ട്.
സ്വകാര്യ ഗ്രൂപ്പുകൾക്കുള്ള ഹജ്ജ് നയം കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 2025 ഹജ്ജിൽ അപേക്ഷ നൽകിയ യോഗ്യരായ എല്ലാ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെയും അടുത്ത വർഷത്തെ ഹജ്ജിനുള്ള ക്വാട്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഊദിയിൽ നിന്ന് സ്ഥിരം ലഭിക്കുന്ന ക്വാട്ട കിട്ടിയാൽ 52,507 സീറ്റുകളാണ് കിട്ടുക. ഇത് കണക്കാക്കി നാല് വിഭാഗങ്ങളായി തിരിച്ചാണ് സ്വകാര്യ ഗ്രൂപ്പുകൾക്കുള്ള ക്വാട്ട മുൻകൂറായി കേന്ദ്ര സർക്കാർ വീതം വെച്ചത്. സഊദിയിൽ നിന്ന് ഇതുവരെയും ക്വാട്ട ലഭിച്ചിട്ടില്ല. കാറ്റഗറി- വൺ സ്റ്റാർ ലീഡ്, കാറ്റഗറി വൺ സ്റ്റാർ നോൺ ലീഡ്, കാറ്റഗറി-1, കാറ്റഗറി-2 എന്നീ വിഭാഗങ്ങളിലായാണ് ക്വാട്ട വീതം വെച്ചത്.

കേരളത്തിൽ നിന്ന് 114 സ്വകാര്യ ഗ്രൂപ്പുകൾക്കായി 6,753 സീറ്റുകളാണ് ലഭിച്ചത്. പണമടക്കുന്നതിലും മറ്റുമുണ്ടായ കാലതാമസം കാരണം ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വാട്ട സഊദി സർക്കാർ കഴിഞ്ഞ തവണ റദ്ദാക്കിയിരുന്നു. സ്വകാര്യ ഗ്രൂപ്പുകൾ കഴിഞ്ഞ തവണ അവസാനഘട്ടത്തിൽ അടച്ച തുക കേന്ദ്ര സർക്കാർ തിരിച്ചുനൽകിയിട്ടില്ല. അതിനാൽ അടുത്ത വർഷത്തെ ഹജ്ജിന് സ്വകാര്യ ഗ്രൂപ്പുകൾ ശേഷിക്കുന്ന തുക അടച്ചാൽ മതിയാകും.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്