Connect with us

Kerala

ലൈഫ് മിഷന്‍: ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി; റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറി

Published

|

Last Updated

വടക്കാഞ്ചേരി | ലൈഫ് മിഷന്‍ ഫ്ളാറ്റ് പദ്ധതിയില്‍ നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ പ്രേരിതമായുണ്ടാക്കിയ വിവാദമാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തില്‍ വിഷയത്തില്‍ വിവാദമുണ്ടാക്കിയവര്‍ മാപ്പുപറയണമെന്ന് മുന്‍ മന്ത്രി എ സി മൊയ്തീന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ വിദഗ്ധരും, ക്വാളിറ്റി കണ്‍ട്രോളര്‍, പി ഡബ്ല്യു ഡി ബില്‍ഡിങ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തുടങ്ങിയവരുള്‍പ്പെടുന്ന സംഘമാണ് വിദഗ്ധ സമിതിയിലുണ്ടായിരുന്നത്. ബലക്ഷയം ഉണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ ഉറപ്പ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ വിജിലന്‍സ് സംഘം ചുമതലപ്പെടുത്തിയത്. ഇവരുടെ പരിശോധനയിലാണ് ബലക്ഷയമില്ലെന്ന കണ്ടെത്തല്‍. ഫ്ളാറ്റ് സമുച്ചയങ്ങളുടെ പരിശോധനയ്ക്കായി ഹാമ്മര്‍ ടെസ്റ്റ്, കോര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നു.

യു എ ഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി ചെലവാക്കിയാണ് വടക്കാഞ്ചേരിയില്‍ 140 ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ 2019 ജൂലൈ 11ന് കരാര്‍ ഒപ്പുവച്ചത്. പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവര്‍ക്കു കൈക്കൂലി നല്‍കിയെന്ന ആരോപണമുയര്‍ന്നതോടെയാണ് പദ്ധതി വിവാദത്തിലേക്കെത്തിയത്. എന്നാല്‍, റിപ്പോര്‍ട്ട് അപ്രസക്തമാണെന്നും സര്‍ക്കാറിനെയും കൂട്ടുപ്രതികളെയും രക്ഷപ്പെടുത്തുകയാണ് വിജിലന്‍സിന്റെ ലക്ഷ്യമെന്നും വടക്കാഞ്ചേരി മുന്‍ എം എല്‍ എ. അനില്‍ അക്കര പറഞ്ഞു.

Latest