National
കര്‍ണാടക കെഎസ്ആർടിസി ബസില്‍ കാറിടിച്ച് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
മരിച്ചവരില്‍ നാലുപേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ഡ്രൈവറുമായിരുന്നു.
ബംഗളൂരു| നെലമംഗലയില്‍ കര്‍ണാടക കെഎസ്ആർടിസി ബസില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജിന്‍ഡാലിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മരിച്ചവരില്‍ നാലുപേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ഡ്രൈവറുമായിരുന്നു. ഇവരില്‍ ദോഡ്ബല്ലാപൂര്‍ സ്വദേശികളായ ഹര്‍ഷിത്, നികിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹര്‍ഷിത് രാജനകുണ്ടെ സായ് വിദ്യാ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.
തുമകൂരുവില്‍ നിന്ന് അമിതവേഗതയിലെത്തിയ ഇന്‍ഡിക്ക കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡര്‍ ഇടിച്ചിട്ട് ബസിലിടിക്കുകയായിരുന്നു. നാലുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അവധിദിവസം ആഘോഷിക്കാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതര പരുക്കേറ്റ കാര്‍ ഡ്രൈവറെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയും ബംഗളൂരുവില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചിരുന്നു. ബംഗളൂരു ഹോസ്‌കോട്ടേ- ദാബാസ്പേട്ട് ദേശീയപാതയിലെ സത്യാവാരയില്‍ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയും പിന്നീട് ലോറിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. കാറിലുണ്ടായിരുന്ന യെലഹങ്ക ആര്‍.വി കോളേജിലെ പി.യു വിദ്യാര്‍ത്ഥികളായ മലയാളികളായ അശ്വിന്‍ നായരും (17), ഏഥന്‍ ജോണ്‍ ജോര്‍ജും (17)അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രികനായ ഗഗന്‍ (26) എന്നിവരാണ് മരിച്ചത്.




