Connect with us

Siraj Article

ബെല്ലടിക്കാം, നമുക്ക് സ്‌കൂളില്‍ പോകാം

15 രാജ്യങ്ങളില്‍ നടന്ന പഠനം കാണിക്കുന്നത് സ്‌കൂള്‍ തുറന്നത് മൂലം കൊവിഡ് വ്യാപനം നടന്നിട്ടില്ലയെന്നാണ്.അതുകൊണ്ട് ഇനിയും സ്‌കൂള്‍ അടച്ചിടുന്നത് വിപത്കരമായ ഫലങ്ങള്‍ സൃഷ്ടിക്കാനേ ഇടയാക്കൂ

Published

|

Last Updated

കേരളത്തില്‍ സ്‌കൂള്‍ തുറക്കണോ വേണ്ടയോ എന്ന ചിന്താകുഴപ്പം ഇപ്പോഴും തുടരുകയാണ്. ആശങ്കയും ഭീതിയും വിട്ടൊഴിയുന്നില്ല. ഭീതി ഒരിക്കല്‍ പിടികൂടിയാല്‍ പെട്ടെന്നൊന്നും അത് ഒഴിഞ്ഞു പോകില്ല. എന്നാല്‍, വസ്തുനിഷ്ഠമായ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട് താനും. പ്രതീതിയെയും യാഥാര്‍ഥ്യത്തെയും ഒരേ സമയം അഭിസംബോധന ചെയ്യാതെ വയ്യെന്നര്‍ഥം.
ഒരു വൈറസിന്റെ അതി തീവ്ര വ്യാപനത്തെ സംബന്ധിച്ച ഭീതി ഒരിക്കല്‍ പരന്നതിന് അടിസ്ഥാനമുണ്ടായിരുന്നു. എന്നാല്‍, ആ സാഹചര്യത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ സംഭവിച്ചാലും ആശങ്കയുടെ താപനില താഴണമെന്നില്ല.

കൊവിഡ് വ്യാപനത്തിന്റെ കേരളക്കഥയും വ്യത്യസ്തമല്ല. ഭീതി, ആശങ്ക, ജാഗ്രത, ആത്മ ധൈര്യം, മുന്‍കരുതല്‍ തുടങ്ങിയ ഓരോ വാക്കിനും ഓരോ അര്‍ഥവും വിവക്ഷയും ഉണ്ടെന്ന് ആദ്യമറിയണം. അമിതമായ ആശങ്കയും അമിതമായ ആത്മവിശ്വാസവും ഗുണം ചെയ്യില്ല. ഒരു സമീകൃത സമീപനം സ്വീകരിക്കുക എന്നതിന് ഇപ്പോള്‍ നിര്‍ണായക സ്ഥാനമുണ്ട്, വിശേഷിച്ചും സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കണോ എന്ന കാര്യത്തില്‍ രണ്ട് പക്ഷം ഉണ്ടാകില്ല. തുറക്കണം എന്നതാണ് ഏക ഉത്തരം. എന്നാല്‍, എപ്പോള്‍, എങ്ങനെ എന്നീ ചോദ്യങ്ങളില്‍ ആശങ്കാകുലരായവര്‍ ചിന്താക്കുഴപ്പത്തിലാണ്. കുട്ടികള്‍ക്ക് കൊവിഡ് വരില്ലേ എന്നവര്‍ ആശങ്കപ്പെടുന്നു.
തീര്‍ച്ചയായും, അക്കാര്യം ആരോഗ്യ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിട്ടേ മതിയാകൂ. എന്തുകൊണ്ടെന്നാല്‍, കൊവിഡ് എപ്പിഡമോളജിയെ സംബന്ധിച്ച പ്രശ്‌നം ലോകാരോഗ്യ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചേ ചെയ്യാനാകൂ എന്നതാണ്. ലോകത്തെ എല്ലാ ആരോഗ്യ വിദഗ്ധരും ഏക സ്വരത്തില്‍ പറയുന്നു കൊവിഡ് കുട്ടികളെ കാര്യമായി ബാധിക്കില്ലായെന്ന്. വിശേഷിച്ചും ചെറിയ കുട്ടികളെ. കാരണം, ചെറിയ കുട്ടികള്‍ക്കുള്ള സ്വാഭാവിക പ്രതിരോധശേഷി രോഗത്തെ തടയാന്‍ ഫലപ്രദമാണ്.

ലോകത്ത് 175 രാജ്യങ്ങളില്‍ ഇതിനകം സ്‌കൂള്‍ തുറന്നു കഴിഞ്ഞു. ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളിലും. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആഗസ്റ്റ് മാസവും സ്‌കൂള്‍ തുറന്നല്ലോ. അവിടങ്ങളില്‍ നടന്ന സീറോ സര്‍വേ ഫലങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്, മുതിര്‍ന്നവരില്‍ 62 ശതമാനം പേരിലും 18 വയസ്സിന് താഴെയുള്ളവരില്‍ 57 ശതമാനം പേരിലും കൊവിഡ് വൈറസിന്റെ ആന്റി ബോഡി സാന്നിധ്യം കണ്ടെത്തിയെന്നാണ്. അതിനര്‍ഥം ഒന്നര വര്‍ഷക്കാലം സ്‌കൂളുകള്‍ അടച്ചിട്ടിട്ടും കുട്ടികള്‍ക്ക് വൈറസിന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല എന്നാണല്ലോ.

പക്ഷേ, അവര്‍ക്കെല്ലാം രോഗം വന്നുപോയി എന്നര്‍ഥം. കേരളത്തിലും ജൂലൈ മാസത്തിലെ സര്‍വേ പ്രകാരം 40 ശതമാനം മുതിര്‍ന്നവര്‍ക്കും വന്നു. ഇപ്പോള്‍ അത് 60 ശതമാനം പേര്‍ക്കെങ്കിലും വന്നിട്ടുണ്ടാകാം. 18 വയസ്സിന് താഴെയുള്ളവരില്‍ 50 ശതമാനം പേര്‍ക്കും വന്നിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിതരാകുന്ന കുട്ടികളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ലക്ഷം പേരില്‍ ഒരാള്‍ മാത്രം. മരണം അഞ്ച് ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രവും.

സ്‌കൂള്‍ അടഞ്ഞു കിടന്നതിലൂടെ കേരളത്തില്‍ ഒന്നര വര്‍ഷത്തിനിടയില്‍ 377 കുട്ടികള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. അവരിലാര്‍ക്കും കൊവിഡ് ബാധയുണ്ടായിരുന്നില്ല. ഏകാന്തതയും മാനസിക പിരിമുറുക്കവുമാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണം. ഇനിയും ഒരു കുട്ടിയും കേരളത്തില്‍ ആത്മഹത്യ ചെയ്യാന്‍ ഇടവരരുത്. 15 രാജ്യങ്ങളില്‍ നടന്ന പഠനം കാണിക്കുന്നത് സ്‌കൂള്‍ തുറന്നത് മൂലം കൊവിഡ് വ്യാപനം നടന്നിട്ടില്ലയെന്നാണ്.

അതുകൊണ്ട് ഇനിയും സ്‌കൂള്‍ അടച്ചിടുന്നത് വിപത്കരമായ ഫലങ്ങള്‍ സൃഷ്ടിക്കാനേ ഇടയാക്കൂ. അടഞ്ഞ വിദ്യാലയങ്ങള്‍ വിദ്യാരാഹിത്യം മാത്രമല്ല സമ്മാനിച്ചത്, ഗുരുതരമായ മാനസിക വൈകല്യങ്ങള്‍ കൂടിയാണ്. കുട്ടികള്‍ പരസ്പരം ഇടപഴകുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന ആത്മഹര്‍ഷമുണ്ടല്ലോ അതാണ് അവര്‍ക്ക് ആത്മ ധൈര്യം പകരുന്നത്.

അവസാനമായി ഒരു കാര്യം കൂടി. ആദ്യം ഏത് ക്ലാസ്സ് തുറക്കണം എന്ന ചോദ്യത്തിലേക്ക് വരാം. ലോകത്ത് എല്ലായിടത്തും ആദ്യം തുറന്നത് ഏറ്റവും ചെറിയ ക്ലാസ്സുകള്‍ ആണ്. എന്തുകൊണ്ടെന്നാല്‍ പ്രായം കുറയും തോറും രോഗ വ്യാപന സാധ്യത കുറയും എന്നത് തന്നെ. ആരോഗ്യ പഠനം നിസ്സംശയം ചൂണ്ടിക്കാട്ടുന്ന കാര്യമാണത്. അതില്‍ ആര്‍ക്കും അനാവശ്യ ആശങ്ക വേണ്ടതില്ല. മുതിര്‍ന്ന ക്ലാസ്സുകള്‍ രണ്ടാമത് തുറന്നാല്‍ മതി. അതാണ് ഏറ്റവും ശാസ്ത്രീയവും സുരക്ഷിതവുമായ തീരുമാനം.