Kerala
ഏരൂരില്‍ കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി
മകന്‍ അജിത്തും കുടുംബവുമാണ് പിതാവ് ഷണ്മുഖനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
തൃപ്പൂണിത്തുറ| തൃപ്പൂണിത്തുറ ഏരൂര്‍ വൈമേതിയില്‍ കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. മകന്‍ അജിത്തും കുടുംബവുമാണ് പിതാവ് ഷണ്മുഖനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ഷണ്മുഖന് മൂന്ന് മക്കളാണുള്ളത്.
24 മണിക്കൂര്‍ വൃദ്ധന്‍ വീട്ടിലുള്ളത് ആരും അറിഞ്ഞിരുന്നില്ല. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അജിത്ത് ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥന്‍ അറിയുന്നത്. തുടര്‍ന്ന് ഷണ്മുഖന് വാടക വീടിന്റെ ഉടമ ഭക്ഷണവും വെള്ളവും നല്‍കി.
ഷണ്മുഖനെ ഇപ്പോള്‍ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിനെ ഉപേക്ഷിച്ച മകനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് എരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ പ്രദീപ്കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മകന്‍ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതോടെ പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിച്ചത്. സഹോദരിമാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന്‍ അജിത് മുങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശിച്ചു.


