Connect with us

Khrkiv invasion

ഇന്ത്യക്കാര്‍ ഉടനെ ഖാര്‍കീവ് വിടാന്‍ നിര്‍ദേശം

നഗരം വിടാന്‍ ബസോ വാഹനങ്ങളോ കിട്ടാത്തവരും റെയില്‍വേ സ്‌റ്റേഷനിലുള്ളവരും കാല്‍നടയായി ഈ സ്ഥലങ്ങളിലെത്തണമെന്നാണ് നിര്‍ദേശം.

Published

|

Last Updated

കീവ് | റഷ്യന്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ നിന്ന് എല്ലാ ഇന്ത്യക്കാരും ഉടനെ പോകണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. പ്രാദേശിക സമയം ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുമ്പ് പെസോഷിന്‍, ബബായെ അല്ലെങ്കില്‍ ബെസ്ലിയുദോവ്ക എന്നിവിടങ്ങളിലേക്ക് എത്രയുംവേഗം എത്തണമെന്നാണ് യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. നിലവിൽ യുക്രൈനിൽ ഉച്ച രണ്ട് മണി കഴിഞ്ഞിട്ടുണ്ട്.

ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ജാഗ്രതാ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ എംബസി നല്‍കിയത്. നഗരം വിടാന്‍ ബസോ വാഹനങ്ങളോ കിട്ടാത്തവരും റെയില്‍വേ സ്‌റ്റേഷനിലുള്ളവരും കാല്‍നടയായി ഈ സ്ഥലങ്ങളിലെത്തണമെന്നാണ് നിര്‍ദേശം. ഖാര്‍കീവില്‍ നിന്ന് പിസോഷിനിലേക്ക് 11 കി മീയും ബാബെയിലേക്ക് 12 കി മീയും ബെസ്ലിയുദിവ്കയിലേക്ക് 16 കി മീയാണുള്ളതെന്നും ഒടുവില്‍ പുറത്തുവിട്ട നിര്‍ദേശത്തിലുണ്ട്.

അതേസമയം, പൊതുഗതാഗത സൗകര്യങ്ങളുടെ വലിയ കുറവ് ആശങ്കയുണ്ടാക്കുന്നതാണ്. ഖാര്‍കീവ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ലെന്ന് ചില ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത് ഖാര്‍കീവില്‍ വെച്ചായിരുന്നു.

ഖാര്‍കീവ് നഗരം പിടിച്ചെടുക്കാന്‍ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈനിലെ തെക്കന്‍ നഗരമായ ഖേഴ്‌സണ്‍ പിടിച്ചെടുത്തായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം മണിക്കൂറുകള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. യുക്രൈനിലെ വലിയ നഗരങ്ങളിലൊന്നാണ് റഷ്യ പിടിച്ചെുടത്തത്. കഴിഞ്ഞ ദിവസം രാത്രി റഷ്യന്‍ സൈനികരെ നഗര തെരുവുകളില്‍ കാണാമായിരുന്നു. റെയില്‍വേ സ്റ്റേഷനും തുറമുഖവും റഷ്യ പിടിച്ചെടുത്തതായി മേയറും പ്രതികരിച്ചിട്ടുണ്ട്. അതേസമയം, തലസ്ഥാനമായ കീവിന്റെ 15 മൈല്‍ അകലെ വന്‍തോതില്‍ റഷ്യന്‍ കവചിത വാഹനങ്ങളുടെ സാന്നിധ്യമുണ്ട്. നഗരത്തിലെ ടി വി ടവര്‍ റഷ്യന്‍ മിസൈലുകള്‍ കഴിഞ്ഞ ദിവസം ലക്ഷ്യംവെക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest