Connect with us

Articles

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പൈതൃകത്തിന്റെ നേതൃ സുകൃതം

സമസ്ത കര്‍മപഥത്തില്‍ അഭിമാനകരമായ നൂറാണ്ട് പൂര്‍ത്തിയാക്കുകയാണ്. പ്രതീക്ഷാനിര്‍ഭരമായ പുതിയ നൂറ്റാണ്ടിനെ വരവേല്‍ക്കാനുള്ള പ്രസ്ഥാനത്തിന്റെ കര്‍മപദ്ധതിക്ക് നേതൃത്വം അംഗീകാരം നല്‍കിയിരിക്കുന്നു. നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന പശ്ചാത്തലത്തില്‍ നാളെ മലപ്പുറത്ത് ചേരുന്ന പണ്ഡിത സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ മതേതര ജനവിഭാഗങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം പണ്ഡിത സമ്മേളനം ശ്രദ്ധയില്‍ കൊണ്ട് വരും.

Published

|

Last Updated

കേരളത്തിലെ പ്രഥമ മുസ്ലിം, പ്രവാചക തിരുമേനിയെ നേരില്‍ ദര്‍ശിച്ച് ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍ എന്ന താജുദ്ദീന്‍ ആയിരുന്നു. ഇസ്ലാമിക പൈതൃകത്തിന്റെ സമാരംഭം. മാലിക് ദീനാറിന്റെ നേതൃത്വത്തില്‍ വന്ന ആദ്യ പ്രബോധക സംഘവും സ്വഹാബികള്‍ ആയിരുന്നു. കേരളം ഇസ്ലാം കേട്ടത് പ്രവാചക ശിഷ്യന്‍മാരില്‍ നിന്നായിരുന്നു. പിഴക്കാന്‍ ഒരു പഴുതുമുണ്ടായിരുന്നില്ല. കാലങ്ങളില്‍ നല്ലത് എന്റേതാണെന്നും അത് കഴിഞ്ഞാല്‍ അടുത്ത രണ്ട് നൂറ്റാണ്ടുകളാണെന്നുമുള്ള നബി വചനത്തില്‍ പരാമര്‍ശിച്ച ഉത്തമ നൂറ്റാണ്ടുകാരെല്ലാം ഇവിടെയും ഉണ്ടായത് കേരളത്തിന്റെ സുകൃതം.

പ്രവാചകാനുചരന്മാര്‍ പ്രമാണങ്ങളെ പിന്തുടര്‍ന്ന് തന്നെ കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കുകയുണ്ടായി. വിശ്വാസ കാര്യങ്ങളും കര്‍മാനുഷ്ഠാനങ്ങളും പ്രമാണങ്ങളില്‍ ഊന്നിയാണ് പ്രചരിച്ച് വന്നത്. ആ കാലം കഴിഞ്ഞ് പോയതിന് ശേഷവും മക്കയും മദീനയുമായി കേരളീയ ഇസ്ലാമിനെ ചേര്‍ത്ത് നിര്‍ത്തുന്ന പ്രക്രിയ തുടര്‍ന്നു. പില്‍ക്കാലത്ത് ഇസ്ലാമിന്റെയും ഇസ്ലാമിക വിജ്ഞാനത്തിന്റെയും നവജാഗരണത്തിന് നേതൃത്വം നല്‍കിയ സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ പഠന തപസ്യ പൂര്‍ത്തിയാകുന്നത് മക്കയില്‍ വെച്ചായിരുന്നു. പ്രവാചക സവിധത്തില്‍ നിന്ന് സ്വഹാബിമാരും തുടര്‍ന്ന് സൈനുദ്ദീന്‍ മഖ്ദൂം മക്കയില്‍ നിന്നും അഭ്യസിച്ച ഇസ്ലാമിന്റെ ആധികാരിക വിജ്ഞാനമാണ് കേരള മുസ്ലിംകള്‍ പഠിച്ച് വന്നത്. സ്ഖലിതങ്ങള്‍ക്ക് അശേഷം സാധ്യത ഇല്ലായിരുന്നു. ഗിരിസമാനമായ ജ്ഞാനത്തെ തിരുത്താന്‍ പോന്ന പാണ്ഡിത്യമൊന്നും പാരമ്പര്യേതര ധാരകളില്‍ ഒരു കാലത്തുമുണ്ടായിട്ടില്ല. കട്ടായം.

തിരുമേനി(സ)യുടെ ക്ലാസ്സില്‍ നിന്ന് പകര്‍ന്ന് കാലാന്തരത്തില്‍ മക്കയില്‍ നിന്ന് സൈനുദ്ദീന്‍ മഖ്ദൂം വഴി കേരളത്തില്‍ വളര്‍ന്ന് പടര്‍ന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ താവഴിയിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറവി കൊള്ളുന്നത്. മുസ്ലിം കേരളത്തിന്റെ നേതൃ സുകൃതം. വിശ്വാസം, അനുഷ്ഠാനം, വിദ്യാഭ്യാസം, ആധുനികജ്ഞാനം, പ്രൊഫഷനല്‍ വിദ്യാഭ്യാസം, ആതുര സേവനം, തൊഴില്‍, രചനാത്മക രാഷ്ട്രീയം തുടങ്ങിയവയില്‍ സമുദായത്തിന് ദിശാബോധം നല്‍കിയ നേതൃ സംവിധാനമായി സമസ്ത ഇന്ന് വളര്‍ന്നിരിക്കുന്നു. സമസ്ത കേരള സുന്നി യുവജന സംഘം (1954), കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (1973), കേരള മുസ്ലിം ജമാഅത്ത് (2015), സിറാജ് ദിനപത്രം (1984), സുന്നി വോയ്സ് ദ്വൈവാരിക (1982), രിസാല വാരിക (1983), സുന്നത്ത് മാസിക (1977) എന്നീ സംഘടനാ സംവിധാനങ്ങളും പത്രമാധ്യമങ്ങളും പണ്ഡിത പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന് ഇന്നും നിലകൊള്ളുന്നു.

പ്രമാണങ്ങളില്‍ ഊന്നി നിന്ന പൈതൃകത്തെ നിഷേധിക്കുന്ന ദുഷ്പ്രവണത മുളയെടുക്കുന്നത് പതിമൂന്നര നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു. ഏതാനും അല്‍പ്പജ്ഞാനികളുടെ ജഹാലത്തിനും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കും വേണ്ടി സമുദായം കനത്ത വില നല്‍കേണ്ടി വന്നു. മഴുവേന്തിയായിരുന്നു വരവ്. കൊടുങ്ങല്ലൂരില്‍ ഒരു മഖ്ബറ പൊളിച്ചായിരുന്നു തുടക്കം. പില്‍ക്കാലത്ത് നൂറോളം ചെറുപ്പക്കാരെ ദമ്മാജിയന്‍ ഭീകരവാദത്തിന് വിട്ടുകൊടുത്ത സലഫി തീവ്രവാദത്തിന്റെ കേരളീയ അരങ്ങേറ്റം. കുറ്റ്യാടിയിലും എടവണ്ണയിലും ഒടുവില്‍ വഴിക്കടവിലും ഖബ്്ര്‍ പൊളിക്കല്‍ തീവ്രവാദം തുടര്‍ന്നു. പള്ളി മോഷണമായിരുന്നു മറ്റൊരു കര്‍മപദ്ധതി. കുതന്ത്രങ്ങള്‍ പരാജയപ്പെടുന്നിടത്ത് പള്ളി വളഞ്ഞ് ജുമുഅ നേരം കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷത്തില്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നു. കപട നവോത്ഥാനത്തിന്റെ മറവിലായിരുന്നു തീവ്രവാദത്തിന്റെ ഒളിച്ചുകടത്ത്. മുജാഹിദിന്റെ പത്താം സമ്മേളനത്തിലും ഒളിച്ച് കടത്തല്‍ ശ്രമം തുടര്‍ന്നു. കേരള മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കാനുള്ള സമ്മേളനം ഐ എസ് ഭീകരനെക്കൊണ്ട് ഉദ്ഘാടനം ചെയ്യാനായിരുന്നു ശ്രമം. കേരളത്തിന്റെ സൗഭാഗ്യം. ആരെല്ലാമോ ഒച്ചവെച്ച് ആ നീക്കം തടഞ്ഞു.

സലഫി മൂവ്മെന്റ് മുന്നോട്ട് വെച്ച കപട നവോത്ഥാനത്തെ തുറന്ന് കാട്ടിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ പ്രബോധന ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. സാംസ്‌കാരിക ഇസ്ലാമില്‍ നിന്ന് മുസ്ലിംകളെ അക്രമണോത്സുകതയിലേക്കും രാഷ്ട്രീയ ഇസ്ലാമിലേക്കും നയിക്കുന്ന സലഫി-മൗദൂദി ധാരകളെ സമസ്ത ഫലപ്രദമായി ചെറുത്തു. ഇത് അത്ര ആയാസരഹിതമായിരുന്നില്ല. കേരളത്തില്‍ അധിനിവേശ ഭരണവുമായി ചേര്‍ന്ന് നിന്നായിരുന്നു സലഫി മൂവ്മെന്റ് പ്രവര്‍ത്തിച്ച് വന്നത്. കള്‍ച്ചറല്‍ ഇസ്ലാമിന്റെ തകര്‍ച്ച എന്ന ലക്ഷ്യത്തില്‍ സായിപ്പുമാരും മൗലവി സായിപ്പുകളും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ നഷ്ടം അതിഭീകരമായിരുന്നു. കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം മൗലവി സായിപ്പുമാര്‍ സമുദായത്തെ ഒറ്റിക്കൊടുത്തു. മുസ്ലിം സാഹിത്യ സമ്പത്ത് ബ്രിട്ടീഷുകാര്‍ കവര്‍ന്നു. അനേകം സാഹിത്യങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളും നശിപ്പിക്കപ്പെട്ടു. മുസ്ലിംകള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത അറബി മലയാള ഭാഷയെ തകര്‍ക്കാന്‍ അധിനിവേശ ഭരണവുമായി കൂട്ടുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന ചരിത്രം പില്‍ക്കാലത്ത് സി എന്‍ അഹ്മദ് മൗലവി തുറന്നെഴുതി. ഒരു സമുദായം അന്നേ വരെ നേടിയെടുത്ത സാംസ്‌കാരിക, വൈജ്ഞാനിക ഔന്നത്യത്തെ സി എന്‍ മൗലവിയും പുളിക്കല്‍ മുഹമ്മദ് മൗലവി ഉള്‍പ്പെടെയുള്ള മുജാഹിദ് മൗലവിമാരും ചേര്‍ന്ന് തകര്‍ത്ത് കളഞ്ഞതിന്റെ ചരിത്രം വായിച്ച് മുസ്ലിം കേരളം ഞെട്ടി. സമസ്ത രംഗത്ത് വരുന്നതിനും മുമ്പ് അപകടം സംഭവിച്ചു കഴിഞ്ഞിരുന്നു. എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. പക്ഷേ സമസ്ത ജാഗ്രതയോടെ നിലകൊണ്ടു. മുസ്ലിം തനത് ഭാഷയെ സമൂലമായ തകര്‍ച്ചയില്‍ നിന്ന് സമസ്ത രക്ഷിച്ചു. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ മുസ്ലിംകളുടെ ആത്മീയ, വൈജ്ഞാനിക ദാഹങ്ങളെ ശമിപ്പിച്ച നിരവധി ഉല്‍കൃഷ്ട കൃതികള്‍ വായിച്ചു നോക്കാന്‍ പോലും സാധിക്കാത്ത കാലം വരുമായിരുന്നു. മുഹ്്്യിദ്ദീന്‍ മാലയും നഫീസത്ത് മാലയുമൊന്നും മുസ്ലിം ഭവനങ്ങളില്‍ വായിക്കപ്പെടാത്ത കാലം, അതായിരുന്നു മൗലവി സായിപ്പുമാരുടെ ലക്ഷ്യം. ആ ലക്ഷ്യമാണ് സമസ്ത സമര്‍ഥമായി തകര്‍ത്ത് കളഞ്ഞത്. സാംസ്‌കാരിക ഇസ്ലാമിന്റെ വീണ്ടെടുപ്പ് ഉലമാക്കള്‍ സാധ്യമാക്കി.

മറ്റൊന്നുകൂടി ചേര്‍ത്ത് പറയണം. അറബി മലയാള ഭാഷയെ തകര്‍ത്ത് മുസ്ലിംകള്‍ക്ക് മലയാളത്തില്‍ ‘ശരിയായ മതം’ പഠിപ്പിക്കാനായിരുന്നു സായിപ്പുമാരുടെ തീരുമാനം. ഇതിനാവശ്യമായ മൗലവി സായിപ്പുമാരെ ബ്രിട്ടീഷുകാര്‍ വിലക്കെടുക്കുകയും ചെയ്തു. പക്ഷേ ആ പദ്ധതി അധികം മുന്നോട്ട് പോകുന്നതിന് മുമ്പ് സമസ്ത ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രം മുസ്ലിം കേരളം ഇന്നത്തെ നിലയില്‍ അവശേഷിച്ചു എന്ന് പറയാം. ആ ഗൂഢാലോചനക്കും തുടര്‍ന്നുണ്ടായ കൂട്ടുകെട്ടിനും അത്രക്ക് ആഴമുണ്ടായിരുന്നു.

തൊള്ളായിരത്തി നാല്‍പ്പതുകളില്‍ മറ്റൊരു ഗൂഢശ്രമം കൂടി നടക്കുകയുണ്ടായി. മതേതര ജനാധിപത്യ ഭരണ ക്രമത്തോടും അതിന്റെ സംവിധാനങ്ങളോടും മുസ്ലിം സമുദായം പുറം തിരിഞ്ഞ് നില്‍ക്കണമെന്ന വാദം ഉയര്‍ത്തി ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നു. മുസ്ലിം കുട്ടികള്‍ സ്‌കൂളില്‍ പോകരുത്, കോളജുകളില്‍ പഠിക്കരുത്, സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കരുത്, സ്വീകരിച്ചവര്‍ ആ സ്ഥാനങ്ങള്‍ രാജിവെച്ചൊഴിയണം, തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്, വോട്ട് ചെയ്യരുത്, ഭരണത്തില്‍ പങ്കാളിത്തം വഹിക്കരുത്, നീതി തേടി ഇന്ത്യന്‍ കോടതികളെ സമീപിക്കരുത്… വഹാബിസം മുളപ്പിച്ചെടുത്ത സമുദായത്തിന്റെ മുതുകിലെ കൂനില്‍ പുതിയ പുണ്ണ് മുളച്ചു. പേര് മൗദൂദിസം. ആ പുണ്ണും കൂനും സമസ്ത ഉലമാക്കള്‍ പറിച്ചെടുത്ത് കടലില്‍ തള്ളി. അത് വളരാന്‍ വിട്ടിരുന്നെങ്കില്‍ സമുദായത്തിന്റെ സ്ഥിതിയെന്താകുമായിരുന്നു? ഓര്‍ത്ത് നോക്കണം. സച്ചാര്‍ കമ്മീഷന്റെ കണക്കുകള്‍ ഇപ്പോള്‍ ഉള്ളതിലും പരിതാപകരമായ സ്ഥിതിയിലേക്ക് മാറിമറിയുമായിരുന്നു. മുസ്ലിം സമുദായം കുറഞ്ഞത് അമ്പത് വര്‍ഷമെങ്കിലും പിറകോട്ട് തള്ളപ്പെടുമായിരുന്നു. സമുദായത്തിന് മേല്‍ തീവ്രവാദ മുദ്ര വീഴുമായിരുന്നു.

സമസ്തയുടെ സ്ഥാപിത നേതാക്കളായ വരക്കല്‍ മുല്ലക്കോയ തങ്ങളോടും പാങ്ങില്‍ എ പി അഹ്മദ് കുട്ടി മുസ്ലിയാരോടും മുസ്ലിം കേരളം കടപ്പെട്ടിരിക്കുന്നു. സലഫി തീവ്രവാദത്തില്‍ നിന്നും മൗദൂദി മതരാഷ്ട്രവാദത്തില്‍ നിന്നും സമുദായത്തെ രക്ഷിച്ചതിന്. പ്രവാചക തിരുമേനിയെ പാപിയെന്ന് വിധിച്ച, പ്രവാചകത്വലബ്ധിക്ക് അവിടുന്ന് അയോഗ്യനാണെന്ന് തോന്നും വിധത്തില്‍ വിധി പുറപ്പെടുവിച്ച മതയുക്തിവാദത്തില്‍ നിന്നും മദ്ഹബ് വിരുദ്ധ മതരാഹിത്യത്തില്‍ നിന്നും രക്ഷിച്ചതിന്. ജിന്ന് പിശാചുക്കളില്‍ നിന്നും പ്രമാണ നിഷേധങ്ങളില്‍ നിന്നും തരാതരം കരണം മറിയുന്ന വഹാബി-മൗദൂദി തൗഹീദില്‍ നിന്നും രക്ഷിച്ചതിന്. മതം ഉപേക്ഷിച്ച് സമുദായം ചമഞ്ഞ മോഡേണിസത്തില്‍ നിന്നും മതമില്ലാത്ത വിദ്യാഭ്യാസത്തില്‍ നിന്നും രക്ഷിച്ചതിന്. സര്‍വോപരി ഇസ്ലാമിക പൈതൃകത്തിന്റെ തനിമയും വെളിച്ചവും കെടാതെ സംരക്ഷിച്ചതിന്.

താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി തങ്ങളോടും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരോടും കേരളീയ ഇസ്ലാമിക സമൂഹം ഏറെ കടപ്പെട്ടിരിക്കുന്നു. സാംസ്‌കാരിക ഇസ്ലാമിന്റെ ആത്മാഭിമാനം ഉയര്‍ത്തിയതിന്. സുന്നി നവോത്ഥാനം സാധ്യമാക്കിയതിന്. വിദ്യാഭ്യാസത്തിന്റെ നവലോകത്തേക്ക് സമുദായത്തെ നയിച്ചതിന്. മുന്‍ഷിപ്പണിയല്ല നവോത്ഥാനമെന്ന അവബോധം സൃഷ്ടിച്ച് തന്നതിന്. ഷണ്ഡീകരിച്ച രാഷ്ട്രീയത്തില്‍ നിന്ന് രചനാത്മക രാഷ്ട്രീയത്തിലേക്കും ഉയര്‍ന്ന ദിശാ ബോധത്തിലേക്കും ഈ സമുദായത്തെ നയിച്ചതിന്. മേലാള രാഷ്ട്രീയം വെച്ചുനീട്ടുന്ന ഓശാരങ്ങളില്‍ നിന്ന് സ്വാശ്രയാവബോധത്തിലേക്ക് കേരളീയ യുവത്വത്തെ ഉണര്‍ത്തിയതിന്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ അതിന്റെ തനത് ആദര്‍ശങ്ങളോടെ നിലനിര്‍ത്തി രക്ഷിച്ചതിന്.

സമസ്ത കര്‍മപഥത്തില്‍ അഭിമാനകരമായ നൂറാണ്ട് പൂര്‍ത്തിയാക്കുകയാണ്. പ്രതീക്ഷാനിര്‍ഭരമായ പുതിയ നൂറ്റാണ്ടിനെ വരവേല്‍ക്കാനുള്ള പ്രസ്ഥാനത്തിന്റെ കര്‍മപദ്ധതിക്ക് നേതൃത്വം അംഗീകാരം നല്‍കിയിരിക്കുന്നു. നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന പശ്ചാത്തലത്തില്‍ നാളെ മലപ്പുറത്ത് ചേരുന്ന പണ്ഡിത സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ മതേതര ജനവിഭാഗങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം പണ്ഡിത സമ്മേളനം ശ്രദ്ധയില്‍ കൊണ്ട് വരും. കേരളത്തിലും മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാന്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഇക്കാര്യവും സമസ്ത ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കും. മതയുക്തിവാദത്തിന്റെ ഉപോത്പന്നങ്ങളായ ലിബറലിസം, മതനിരാസം, തീവ്രവാദം തുടങ്ങിയവയെ മുസ്ലിം സമുദായം തിരസ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കൊണ്ടായിരിക്കും പണ്ഡിത സമ്മേളനം സമാപിക്കുക.

 

Latest