Connect with us

govt& governor conflict

ചെന്നിത്തലയുടെ ആരോപണം ഏറ്റെടുക്കാതെ പ്രതിപക്ഷ നേതാവ്; ഗവര്‍ണര്‍ക്ക് രൂക്ഷ വിമര്‍ശനം

ഗവര്‍ണറുടെ ആരോപണത്തിന് പിറകേ പോയി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയാല്‍ ഇത് രാഷ്ട്രീയമായി സര്‍ക്കാറിന് അനുകൂലമാകും എന്ന വിലയിരുത്തിലിലാണ് മുന്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏറ്റെടുക്കാന്‍ വി ഡി സതീശന്‍ തയ്യറാകാത്തത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക് എത്തിച്ച് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ ഏറ്റെടുക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളുടെ ഭരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്ത ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്ന് കഴിഞ്ഞ ദിവസം ഗവര്‍ണറും കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള നിര്‍ദ്ദേശം കേരള സര്‍വകലാശാലക്ക് ഗവര്‍ണര്‍ നല്‍കിയോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. എന്നാല്‍, സര്‍ക്കാറിനെ നേരിട്ട് ലക്ഷ്യമിടുന്ന ഈ ആരോപണം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ലെന്ന സൂചന നല്‍കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. വി സിയെ വിളിച്ച് ഡി ലിറ്റ് കൊടുക്കാന്‍ പറഞ്ഞുട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തു. ഗവര്‍ണര്‍ കൗശലം കാട്ടുന്നു. ആദ്യം കണ്ണൂര്‍ വി സി നിയമനത്തിലെ തെറ്റ് തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഗവര്‍ണറുടെ ആരോപണത്തിന് പിറകേ പോയി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയാല്‍ ഇത് രാഷ്ട്രീയമായി സര്‍ക്കാറിന് അനുകൂലമാകും എന്ന വിലയിരുത്തിലിലാണ് മുന്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏറ്റെടുക്കാന്‍ വി ഡി സതീശന്‍ തയ്യറാകാത്തത് എന്നാണ് സൂചന. അതേസമയം, സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ നേരിട്ട് സര്‍ക്കാറിനെതിരെ തന്നെ ഉണ്ടായിരിക്കെ അത് ഉന്നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നതാണ് രമേശ് ചെന്നിത്തലയെ തള്ളിക്കൊണ്ടുള്ള പുതിയ നിലപാടില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നത്.

Latest