Kerala
ജനവിരുദ്ധ നടപടികള്‍, അഴിമതി; യു ഡി എഫ് സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ ഡി എഫ്
നവംബര്‍ 26 ന് വന്‍ ബഹുജന കൂട്ടായ്മ അസംബ്ലി മണ്ഡലം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.
കോട്ടയം | യു ഡി എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി എല്‍ ഡി എഫ്. നവംബര്‍ 26 ന് വന്‍ ബഹുജന കൂട്ടായ്മ അസംബ്ലി മണ്ഡലം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നതിന് എല്‍ ഡി എഫ് തീരുമാനിച്ചതായി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. ജനവിരുദ്ധ നടപടികളും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും തുടര്‍ന്നാല്‍ ജനങ്ങളുടെ അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പ്രദ്ധീകരിച്ച ധവളപത്രത്തില്‍ പൊതുമേഖലയുടെ അന്ത്യം കുറിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കിഫ്ബിയുടെ അഴിച്ചുപണിയും അതില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപോര്‍ട്ട് പുറത്തുവന്നു. യു ഡി എഫിന്റെ രാഷ്ട്രീയ നിലപാടാണ് റിപോര്‍ട്ടിന്റെ ഉള്ളടക്കം. കിഫ്ബിക്കുള്ള ഗ്രാന്റ് തടയുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. കിഫ്ബിയില്‍ പ്രവര്‍ത്തിച്ച മാനേജ്മെന്റ് വിദഗ്ദരെ എല്ലാം അപമാനിച്ച് പുറത്താക്കി. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സാര്‍വത്രികമായ കോര്‍പറേറ്റ് വത്ക്കരണമാണ്. ഒരു ലക്ഷം കോടിയിലേറെ രൂപ മുടക്കി ജനജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ 1212 പദ്ധതികള്‍ മിക്കവയും സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്നും രാമകൃഷ്ണന് ആരോപിച്ചു.
വൈദ്യുതി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്ക് കളമൊരുക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഈയിടെ നടന്ന ഉന്നത ഓഫീസര്‍മാരുടെ അഴിച്ചുപണി ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. വൈദ്യുതി ബോര്‍ഡിന്റെ ശിപാര്‍ശ തള്ളി സ്വകാര്യ കുത്തകകളില്‍ നിന്ന് അന്യായമായ വിലകൊടുത്ത് വൈദ്യുതി വാങ്ങാനുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ച് വരുന്നത്. നിയമസാധുതയില്ലാതെ വന്‍ വിലയില്‍ വൈദ്യുതി വാങ്ങിയിട്ട് അതിന്റെ ബാധ്യത ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ചെലവാക്കുമെന്ന് പറയുന്നത് ഖജനാവ് കൊള്ളയുടെ പ്രകടമായ നിലപാടാണ്. ഇത് ജനങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്.
കേരളത്തിന്റെ കടലും തീരവും കോര്‍പറേറ്റുകള്‍ക്ക് തീരെഴുതുന്ന നിലയില്‍ നിയമ നിര്‍മാണം നടത്തിയിരിക്കുകയാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം ഉള്‍പ്പടെയുള്ള നിമയങ്ങള്‍ അട്ടിമറിച്ച് കൊണ്ടാണ് ‘സരള്‍’ നിയമം പ്രാവര്‍ത്തികമാക്കുന്നത്. കേരളത്തിന്റെ ഭൂപരിഷ്കരണ ഭേദഗതി നിയമത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ നടത്തിവരികയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു. വില നിയന്ത്രിക്കാനുള്ള ഒരു പ്രായോഗിക നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയതോടെ സാധാരണ ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ വന്‍തോതില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ആവശ്യമായ മരുന്ന് പോലും ലഭിക്കാതെ പരിശോധനാ കേന്ദ്രങ്ങളെല്ലാം ദുര്ബലപ്പെട്ടിരിക്കുകയാണെന്നും രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Content Highlights: The Left Democratic Front has decided to intensify its agitation against the UDF government in Kerala. The opposition alliance cited growing anti-people policies and widespread corruption as the primary reasons for launching the protest. Detailed plans for the statewide campaign will be announced soon.




