Connect with us

Kerala

വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം: നിർണായക ചട്ട പരിഷ്കരണത്തിന് മന്ത്രിസഭാ അംഗീകാരം

ഭൂമി കൈമാറ്റം ലളിതമാകും; സംരംഭങ്ങളിലെ മാറ്റങ്ങൾക്കും സാധുത

Published

|

Last Updated

തിരുവനന്തപുരം | വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കുന്നതിനും കൈമാറ്റം ലളിതമാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദശാബ്ദങ്ങളായി സംരംഭകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇതിലൂടെ നടപ്പിലാവുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും നിശ്ചയിച്ച വ്യവസായ സംരംഭങ്ങൾക്ക് പകരം മറ്റ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉണ്ടായിരുന്ന തടസങ്ങൾ പരിഹരിച്ച് നടപടികൾ ലളിതമാക്കുന്നതാണ് പുതിയ ചട്ടങ്ങൾ എന്നും മന്ത്രി പറഞ്ഞു.

1964 ലെ സർക്കാർ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നല്‍കിയിരുന്നത്. 1969, 1970 വര്‍ഷങ്ങളിലും വകുപ്പിന് കീഴിലുള്ള ഡവലപ്പ്‌മെന്റ് ഏരിയ, ഡവലപ്പ്‌മെന്റ് പ്ലോട്ട് എന്നിവയില്‍ ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ ഭൂമി അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകള്‍ക്ക് ലാന്റ് അസൈൻമെന്റ് ആക്ടിന്റെ പിന്‍ബലം ഉണ്ടായിരുന്നില്ല. പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ അതാത് ജനറല്‍ മാനേജര്‍മാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ മുഖേന സര്‍ക്കാരിലെ റവന്യൂ വകുപ്പിന് സമർപ്പിക്കുന്നതായിരുന്നു നടപടി. ഈ അപേക്ഷകളിൽ റവന്യൂ വകുപ്പ് പട്ടയം അനുവദിക്കും. എന്നാല്‍ ഇത്തരത്തില്‍ പട്ടയം അനുവദിക്കുന്നതിന് വളരെയേറെ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് 2020 ൽ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ജനറല്‍ മാനേജര്‍മാര്‍ നേരിട്ട്, അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിച്ച് തഹസില്‍ദാര്‍ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ നിലവിൽ വന്നു. വ്യവസായ വകുപ്പിന്റെ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും കളക്ടര്‍മാര്‍ക്ക് പട്ടയം അനുവദിക്കുന്നതിൽ പരിമിതികളുണ്ടായി. ഈ സാഹചര്യത്തിലാണ് 1960 ലെ ലാന്റ് അസൈന്‍മെന്റ് ആക്റ്റിന്റെ പിന്‍ബലമുള്ള പുതിയ ലാന്റ് റൂള്‍സ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

പുതിയ ചട്ടങ്ങള്‍ പ്രകാരം വരുന്ന കാതലായ മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്;

1) ഭൂമി കൈമാറ്റം

നിലവില്‍ ഭൂമി കൈമാറുന്നതിന് ഭൂമി വാങ്ങുന്ന വ്യക്തി ഭൂമി വിലയുടെ വ്യത്യാസവും പ്രോസസിംഗ് ഫീസും അടയ്‌ക്കേണ്ടതുണ്ട്. പുതിയ ചട്ട പ്രകാരം ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമി വിലയിലെ വ്യത്യാസം അടക്കേണ്ടതില്ല.

2) ഉല്പാദനം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഭൂമി കൈമാറ്റം നടത്തുന്നതിന് നിലവിൽ സംരംഭകന് കഴിയുമായിരുന്നുള്ളൂ. പുതിയ റൂള്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ ഭൂമി കൈമാറ്റം നടത്താം.

നേട്ടം : ഭൂമി കൈമാറ്റത്തിനുള്ള ദീര്‍ഘമായ കാലതാമസം ഒഴിവാക്കാന്‍ കഴിയും.

3) ഘടനാ മാറ്റം

ഉല്പാദനം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഘടനാ മാറ്റം നടത്തുന്നതിന് സംരംഭകന് കഴിയുമായിരുന്നുള്ളൂ. പുതിയ റൂള്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ ഘടനാ മാറ്റം നടത്താം.

നേട്ടം : ഏതെങ്കിലും കാരണത്താല്‍ സംരംഭം തുടങ്ങാന്‍ കഴിയാത്തവര്‍ക്ക് ഘടനാ മാറ്റത്തിലൂടെ നവീനമായ സംരംഭം ആരംഭിക്കാന്‍ അവസരം ലഭിക്കും.

3) പട്ടയം

പുതിയ ചട്ടം റവന്യൂ വകുപ്പിന്റെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പട്ടയ അപേക്ഷ പരിഗണിക്കുന്നതിന് തടസ്സമില്ല.

4) പട്ടയത്തിന്റെ മാതൃകയിലുള്ള മാറ്റം (Form D VII)

നിലവിലെ പട്ടയത്തിന്റെ മാതൃകയില്‍ (Form D VII) വ്യവസായ സംരംഭത്തിന്റെ സ്വഭാവം വ്യക്തമായി പറയുന്നുണ്ട്. (ഉദാ: മത്സ്യ സംസ്‌ക്കരണം, തീപ്പെട്ടി നിര്‍മ്മാണം) പുതിയ ചട്ടപ്രകാരം പട്ടയത്തില്‍ വ്യവസായ പ്രവർത്തനം എന്ന് മാത്രമെ രേഖപ്പെടുത്തുകയുള്ളു.

നേട്ടം : വ്യവസായ സ്വഭാവം മാറിയാലും അതിന്റെ മാറ്റം പട്ടയത്തില്‍ വരുത്തേണ്ടതില്ല. അത് വഴി പട്ടയ മാറ്റത്തിന് വീണ്ടും അപേക്ഷിച്ച് കാത്തിരിക്കേണ്ടതില്ല.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളില്‍ വ്യവസായം നടത്തുന്ന സംരംഭകരുടെ ദീര്‍ഘ നാളത്തെ ആവശ്യങ്ങളാണ് ചട്ട പരിഷ്കരണത്തിലൂടെ നടപ്പിലാകുന്നത്. വ്യാവസായ മേഖലയിലെ കാലാനുസൃത മാറ്റങ്ങള്‍ക്കൊപ്പം കേരളവും മാറാൻ ചട്ട പരിഷ്കരണം സഹായിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

Latest