Connect with us

Kerala

സ്ഥലവും കെട്ടിടവും നല്‍കും; ഇലക്ട്രിക് വാഹന കമ്പനികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് മന്ത്രി

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികള്‍ക്കായി കെ എസ് ആര്‍ ടി സി സ്ഥലവും കെട്ടിടവും വര്‍ക് ഷോപ്പും നല്‍കാന്‍ തയ്യാറാണ്.

Published

|

Last Updated

തിരുവനന്തപുരം | ഇലക്ട്രിക് വാഹന കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികള്‍ക്കായി കെ എസ് ആര്‍ ടി സി സ്ഥലവും കെട്ടിടവും വര്‍ക് ഷോപ്പും നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെയും എക്സ്പോയുടെയും (ഇവോള്‍വ്) സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് സംരംഭം തുടങ്ങാന്‍ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല.

മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ഇവോള്‍വ് വന്‍ വിജയവും പ്രയോജനപ്രദവുമായതിനാല്‍ എല്ലാ വര്‍ഷവും പരിപാടി കേരളത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സമാപന സമ്മേളനം ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ഡിജിറ്റല്‍ സുവനീര്‍ പ്രകാശനം ചെയ്തു. മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ ആമിന അബ്ദുല്ല ദീദി പ്രസംഗിച്ചു.

എട്ട് സെഷനുകളിലായി വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത സെമിനാറില്‍ ഓട്ടോമൊബൈല്‍ രംഗത്തെ ഗവേഷകര്‍, ബാറ്ററി നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വാഹന നിര്‍മാതാക്കള്‍ എന്നിവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. പോലീസ് മൈതാനിയില്‍ നടക്കുന്ന വാഹനങ്ങളുടെ എക്സ്പോ ഇന്ന് സമാപിക്കും.

 

Latest